Joshua 20 (IRVM2)
1 യഹോവ യിസ്രായേൽ മക്കളോട് പറയുവാനായി യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു: 2 മന:പ്പൂർവമല്ലാതെ അബദ്ധവശാൽ ഒരാളെ കൊന്നുപോയവൻ ഓടിപ്പോയി അഭയം പ്രാപിക്കേണ്ടതിന് യഹോവ മോശെമുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങൾ നിശ്ചയിപ്പീൻ. 3 രക്തപ്രതികാരകൻ കൊല്ലാതിരിപ്പാൻ അവ നിങ്ങൾക്ക് സങ്കേതമായിരിക്കേണം. 4 ആ പട്ടണങ്ങളിൽ ഒന്നിലേക്ക് ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്റെ പടിവാതില്ക്കൽ നിന്നുകൊണ്ട് തന്റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ട് തങ്ങളുടെ ഇടയിൽ പാർക്കേണ്ടതിന് അവന് ഒരു സ്ഥലം കൊടുക്കുകയും വേണം. 5 രക്തപ്രതികാരകൻ അവനെ പിന്തുടർന്നുചെന്നാൽ കൊലചെയ്തവൻ മനസ്സറിയാതെയും പൂർവ്വദ്വേഷം കൂടാതെയും തന്റെ അയൽക്കാരനെ കൊന്നു പോയതാകയാൽ അവർ അവനെ അവന്റെ കയ്യിൽ ഏല്പിക്കരുത്. 6 അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന് നില്‍ക്കുംവരെയോ അന്നുള്ള മഹാപുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കേണം; അതിന്‍റെശേഷം കൊല ചെയ്തവന് താൻ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും സ്വന്ത വീട്ടിലേക്കും മടങ്ങിച്ചെല്ലാം. 7 അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കാദേശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയും 8 കിഴക്ക് യെരിഹോവിനെതിരെ യോർദ്ദാന്‍ നദിക്കക്കരെ മരുഭൂമിയിൽ രൂബേൻ ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു. 9 അബദ്ധവശാൽ ഒരുവനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്‍ക്കുംവരെ രക്തപ്രതികാരകന്റെ കയ്യാൽ മരിക്കാതെ ഓടിപ്പോയി അഭയം പ്രാപിക്കേണ്ടതിന് യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങൾ ഇവ തന്നേ.