Psalms 72 (IRVM2)
undefined ശലമോന്റെ ഒരു സങ്കീർത്തനം. 1 ദൈവമേ, രാജാവിന് അവിടുത്തെ ന്യായവുംരാജകുമാരന് അവിടുത്തെ നീതിയും നല്കണമേ. 2 അവൻ അങ്ങയുടെ ജനത്തെ നീതിയോടുംഅങ്ങയുടെ എളിയജനത്തെ ന്യായത്തോടും കൂടി പരിപാലിക്കട്ടെ. 3 നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന് സമാധാനം വിളയട്ടെ. 4 ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ;ദരിദ്രജനത്തെ അവൻ രക്ഷിക്കുകയും പീഡിപ്പിക്കുന്നവനെ തകർത്തുകളയുകയും ചെയ്യട്ടെ; 5 സൂര്യചന്ദ്രന്മാരുള്ള കാലത്തോളംഅവന് തലമുറതലമുറയായി ജീവിക്കും. 6 അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയുംഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ. 7 അവന്റെ കാലത്ത് നീതി തഴയ്ക്കട്ടെ;ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. 8 അവൻ സമുദ്രംമുതൽ സമുദ്രംവരെയുംനദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ. 9 മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ;അവന്റെ ശത്രുക്കൾ നിലത്തെ പൊടിമണ്ണ് നക്കട്ടെ. 10 തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ;ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ. 11 സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ;സകലജനതകളും അവനെ സേവിക്കട്ടെ. 12 അവൻ നിലവിളിക്കുന്ന ദരിദ്രനെയുംസഹായമില്ലാത്ത എളിയവനെയും രക്ഷിക്കുമല്ലോ. 13 എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും;ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. 14 അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും;അവരുടെ പ്രാണന് അവന് വിലയേറിയതായിരിക്കും. 15 അവൻ ജീവിച്ചിരിക്കും; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ട് വരും;അവനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും;ഇടവിടാതെ അവനെ അനുഗ്രഹിക്കും. 16 ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും;അതിന്റെ വിളവ് ലെബാനോനെപ്പോലെ ഉലയും;നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും. 17 അവന്റെ നാമം എന്നേക്കും നിലനില്ക്കും;അവന്റെ നാമം സൂര്യൻ ഉള്ളിടത്തോളം നിലനില്ക്കും;മനുഷ്യർ അവന്റെ പേര് ചൊല്ലി അന്യോന്യം അനുഗ്രഹിക്കും;സകലജാതികളും അവനെ ‘ഭാഗ്യവാൻ’ എന്നു പറയും. 18 താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായിയിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. 19 അവിടുത്തെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;ഭൂമി മുഴുവനും അവിടുത്തെ മഹത്വംകൊണ്ട് നിറയുമാറാകട്ടെ. ആമേൻ, ആമേൻ. 20 യിശ്ശായിയുടെ പുത്രനായ ദാവീദിന്റെ പ്രാർത്ഥനകൾ അവസാനിച്ചിരിക്കുന്നു.