1 Chronicles 4 (BOMCV)
1 യെഹൂദയുടെ പിൻഗാമികൾ:ഫേരെസ്, ഹെസ്രോൻ, കർമി, ഹൂർ, ശോബാൽ. 2 ശോബാലിന്റെ മകനായ രെയായാവ് യഹത്തിന്റെ പിതാവായിരുന്നു; യഹത്ത് അഹൂമായിയുടെയും ലാഹദിന്റെയും പിതാവും. സോരാത്യകുലങ്ങൾ ഇവരായിരുന്നു. 3 ഏതാമിന്റെ പുത്രന്മാർ ഇവരായിരുന്നു:യെസ്രീൽ, യിശ്മാ, യിദ്ബാശ്. അവരുടെ സഹോദരിയായിരുന്നു ഹസ്സെലെല്പോനി. 4 പെനൂവേൽ ഗെദോരിന്റെയും ഹൂശായുടെ പിതാവായ ഏസെറിന്റെയും പിതാവായിരുന്നു.ബേത്ലഹേമിന്റെ പിതാവും എഫ്രാത്തയുടെ ആദ്യജാതനുമായ ഹൂരിന്റെ പിൻഗാമികൾ ഇവരായിരുന്നു. 5 തെക്കോവയുടെ പിതാവായ അശ്ഹൂരിന് ഹേലാ, നയരാ എന്നീ രണ്ടു ഭാര്യമാരുണ്ടായിരുന്നു. 6 അശ്ഹൂരിന്റെ പുത്രന്മാരായ അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവർക്ക് നയരാ ജന്മംനൽകി. നയരായുടെ പിൻഗാമികൾ ഇവരായിരുന്നു. 7 ഹേലയുടെ പുത്രന്മാർ:സേരെത്ത്, യെസോഹർ, എത്നാൻ, കോസ്. 8 ഈ കോസ് ആനൂബിന്റെയും സോബേബയുടെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളുടെയും പിതാവായിരുന്നു. 9 യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ അധികം ബഹുമാന്യനായിരുന്നു. “ഞാൻ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്റെ അമ്മ അവന് യബ്ബേസ് എന്നു പേരിട്ടു. 10 യബ്ബേസ് ഇസ്രായേലിന്റെ ദൈവത്തോട് ഈ വിധം അപേക്ഷിച്ചു: “ദൈവമേ, അവിടന്ന് എന്നെ അനുഗ്രഹിക്കുകയും എന്റെ ദേശത്തിന്റെ അതിരുകൾ വിപുലമാക്കുകയും ചെയ്യണമേ! അവിടത്തെ കൈ എന്നോടൊപ്പം ഉണ്ടായിരിക്കണേ! എന്നെ വിപത്തുകളിൽനിന്നു കാത്തുകൊള്ളണമേ, അങ്ങനെ ഞാൻ വേദനകളിൽനിന്നു മോചിതനാകട്ടെ.” ദൈവം അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ടു. 11 ശൂഹയുടെ സഹോദരനായ കെലൂബ് മെഹീറിന്റെ പിതാവായിരുന്നു; അയാൾ എസ്തോന്റെ പിതാവും 12 എസ്തോൻ ബേത്ത്-രാഫയുടെയും പാസേഹയുടെയും ഈർ-നാഹാശിന്റെ പിതാവായ തെഹിന്നയുടെയും പിതാവായിരുന്നു. ഇവർ രേഖയുടെ പിൻഗാമികളായിരുന്നു. 13 കെനസ്സിന്റെ പുത്രന്മാർ:ഒത്നിയേൽ, സെരായാവ്.ഒത്നിയേലിന്റെ പുത്രന്മാർ:ഹഥത്ത്, മെയോനോഥയി. 14 മെയോനോഥയി ഒഫ്രയുടെ പിതാവായിരുന്നു.സെരായാവ് യോവാബിന്റെ പിതാവായിരുന്നു,ഗേ-ഹരാശീമിന്റെ പിതാവും ആയിരുന്നു. ഗേ-ഹരാശീമിലെ നിവാസികൾ കരകൗശലവേലയിൽ വൈദഗ്ദ്ധ്യമുള്ളതിനാൽ ആ നഗരത്തിന് ആ പേരു ലഭിച്ചു. 15 യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ:ഈരു, ഏലാ, നായം.ഏലയുടെ പുത്രൻ:കെനസ്സ്. 16 യെഹല്ലെലേലിന്റെ പുത്രന്മാർ:സീഫ്, സീഫാ, തിര്യാ, അസരെയേൽ. 17 എസ്രയുടെ പുത്രന്മാർ:യേഥെർ, മേരെദ്, ഏഫെർ, യാലോൻ.മേരെദിന്റെ ഭാര്യമാരിൽ ഒരുവൾ, മിര്യാം, ശമ്മായി, എസ്തെമോവയുടെ പിതാവായ യിശ്ബഹ് എന്നിവർക്ക് ജന്മംനൽകി. 18 ഫറവോന്റെ പുത്രിയും മേരെദിന്റെ ഭാര്യയുമായ ബിഥ്യയുടെ മക്കൾ ഇവരായിരുന്നു.അദ്ദേഹത്തിന്റെ, യെഹൂദാഗോത്രജയായ ഭാര്യ, ഗെദോരിന്റെ പിതാവായ യാരെദ്, സോഖോവിന്റെ പിതാവായ ഹേബെർ, സനോഹയുടെ പിതാവായ യെക്കൂഥീയേൽ എന്നിവർക്ക് ജന്മംനൽകി. 19 ഹോദീയായുടെ ഭാര്യയായിരുന്നു നഹമിന്റെ സഹോദരി. അവളുടെ പുത്രന്മാർ:ഗർമ്യനായ കെയീലയുടെ പിതാവ്, മാഖാത്യനായ എസ്തെമോവ, 20 ശീമോന്റെ പുത്രന്മാർ:അമ്നോൻ, രിന്നാ, ബൻ-ഹാനാൻ, തീലോൻ,യിശിയുടെ പിൻഗാമികൾ:സോഹേത്തും ബെൻ-സോഹേത്തും, 21 യെഹൂദയുടെ മകനായ ശേലഹിന്റെ പുത്രന്മാർ:ലേഖയുടെ പിതാവായ ഏർ, മാരേശയുടെയും ബത്ത്-അശ്ബേയയിലെ ശണവസ്ത്രത്തൊഴിലാളി കുലങ്ങളുടെയും പിതാവായ ലദാ, 22 കൊസേബാ നിവാസികളായ യോക്കീം, മോവാബിലെയും യശൂബി-ലെഹേമിലെയും ഭരണകർത്താക്കളായിരുന്ന യോവാശും സാരാഫും. (പ്രാചീനകാലത്തെ രേഖകളിൽനിന്നുള്ള വിവരങ്ങളാണിവ). 23 അവർ നെതായീമിലും ഗെദേരയിലും താമസിച്ചിരുന്ന കളിമൺപാത്ര നിർമാതാക്കളായിരുന്നു. അവർ അവിടെ താമസിച്ച് രാജാവിനുവേണ്ടി വേല ചെയ്തിരുന്നു. 24 ശിമെയോന്റെ പിൻഗാമികൾ:നെമൂവേൽ, യാമിൻ, യാരീബ്, സേരഹ്, ശാവൂൽ. 25 ശല്ലൂം ശാവൂലിന്റെ മകനായിരുന്നു. മിബ്ശാം ശല്ലൂമിന്റെ മകനും മിശ്മാ മിബ്ശാമിന്റെ പൗത്രനും ആയിരുന്നു. 26 മിശ്മായുടെ പിൻഗാമികൾ:ഹമ്മൂവേൽ മിശ്മായുടെ മകൻ, സക്കൂർ ഹമ്മൂവേലിന്റെ മകൻ, ശിമെയി സക്കൂറിന്റെ മകൻ. 27 ശിമെയിക്ക് പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സഹോദരന്മാർക്ക് കൂടുതൽ സന്താനങ്ങളില്ലായിരുന്നു. അതിനാൽ അവരുടെ കുലം മൊത്തത്തിൽ യെഹൂദാഗോത്രത്തോളം സംഖ്യാബഹുലമായിത്തീർന്നില്ല. 28 അവർ ബേർ-ശേബയിലും മോലാദായിലും ഹസർ-ശൂവാലിലും 29 ബിൽഹയിലും ഏസെമിലും തോലാദിലും 30 ബെഥൂവേലിലും ഹോർമയിലും സിക്ലാഗിലും 31 ബേത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്-ബിരിയിലും ശയരയീമിലും താമസിച്ചിരുന്നു. ദാവീദിന്റെ ഭരണകാലംവരെ ഇവ അവരുടെ പട്ടണങ്ങളായിരുന്നു. 32 ഏതാം, ആയിൻ, രിമ്മോൻ, തോഖെൻ, ആശാൻ എന്നീ അഞ്ചു പട്ടണങ്ങളും 33 അവയ്ക്കു ചുറ്റുമുള്ള ഗ്രാമങ്ങളും ബാൽവരെയുള്ള പട്ടണങ്ങളും അവരുടേതായിരുന്നു. ഇവയായിരുന്നു അവരുടെ അധിനിവേശസ്ഥലങ്ങൾ. അവർ ഒരു വംശാവലിയും രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു: 34 മെശോബാബ്, യമ്ളെക്ക്,അമസ്യാവിന്റെ മകനായ യോശാ 35 യോവേൽ,അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹു, 36 എല്യോവേനായി, യയക്കോബാ, യശോഹായാവ്,അസായാവ്, അദീയേൽ, യസീമിയേൽ, ബെനായാവ്, 37 ശെമയ്യാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ. 38 മുകളിൽ പേരു പറഞ്ഞിരിക്കുന്ന ഇവർ അവരവരുടെ കുലങ്ങൾക്കു നായകന്മാരായിരുന്നു. അവരുടെ കുടുംബങ്ങൾ അത്യധികമായി വർധിച്ചു; 39 അവർ തങ്ങളുടെ മൃഗങ്ങൾക്കു മേച്ചിൽപ്പുറം അന്വേഷിച്ച്, താഴ്വരയ്ക്കും കിഴക്കോട്ട്, ഗെദോരിന്റെ കവാടംവരെ കടന്നുചെന്നു. 40 അവർ അവിടെ സമൃദ്ധമായ നല്ല മേച്ചിൽപ്പുറം കണ്ടെത്തി. ആ ഭൂപ്രദേശം വിസ്തൃതവും സമാധാനപൂർണവും ശാന്തവും ആയിരുന്നു. മുമ്പ് ഹാം വംശക്കാരിൽ ചിലർ അവിടെ താമസിച്ചിരുന്നു. 41 പേരു പറഞ്ഞിരിക്കുന്ന ഈ ആളുകൾ യെഹൂദാരാജാവായ ഹിസ്കിയാവിന്റെകാലത്ത് അവിടേക്കു കടന്നുചെന്നു; അവിടെ ഉണ്ടായിരുന്ന ഹാംവംശജരെയും മെയൂന്യരെയും അവരുടെ ഭവനങ്ങളിൽക്കയറി ആക്രമിച്ച് നിശ്ശേഷം നശിപ്പിച്ചു. അത് ഇന്നുവരെയും തെളിവായിരിക്കുന്നു. തങ്ങളുടെ മൃഗഗണങ്ങൾക്കു സമൃദ്ധമായ മേച്ചിൽപ്പുറം ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ താമസമുറപ്പിച്ചു. 42 ഈ ശിമെയോന്യരിൽ അഞ്ഞൂറുപേർ യിശിയുടെ പുത്രന്മാരായ പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നിവരുടെ നേതൃത്വത്തിൽ മലനിരയിലുള്ള രാജ്യമായ സേയീരിനെ ആക്രമിച്ചു. 43 രക്ഷപ്പെട്ടവരിൽ അവിടെ ശേഷിച്ചിരുന്ന അമാലേക്യരെ അവർ കൊന്നൊടുക്കി. അവർ ഇന്നുവരെ അവിടെ ജീവിച്ചുപോരുന്നു.
In Other Versions
1 Chronicles 4 in the ANTPNG2D
1 Chronicles 4 in the BNTABOOT
1 Chronicles 4 in the BOHNTLTAL
1 Chronicles 4 in the BOILNTAP
1 Chronicles 4 in the KBT1ETNIK
1 Chronicles 4 in the TBIAOTANT