Isaiah 31 (IRVM2)
1 യിസ്രായേലിന്റെ പരിശുദ്ധനിലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കുകയോ ചെയ്യാതെ സഹായത്തിനായി ഈജിപ്റ്റിൽ ചെന്നു കുതിരകളിൽ മനസ്സ് ഊന്നി രഥം അനവധിയുള്ളതുകൊണ്ട് അതിലും കുതിരപ്പടയാളികൾ മഹാബലവാന്മാരായതുകൊണ്ട് അവരിലും ആശ്രയിക്കുന്നവർക്ക് അയ്യോ കഷ്ടം! 2 എന്നാൽ അവിടുന്നും ജ്ഞാനിയാകുന്നു; അവിടുന്ന് അനർത്ഥം വരുത്തും; അവിടുത്തെ വചനം മാറ്റുകയില്ല; അവിടുന്ന് ദുഷ്കർമ്മികളുടെ ഗൃഹത്തിനും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിനും വിരോധമായി എഴുന്നേല്ക്കും. 3 ഈജിപ്റ്റുകാർ ദൈവമല്ല, മനുഷ്യരാകുന്നു; അവരുടെ കുതിരകൾ ആത്മാവല്ല, ജഡമാകുന്നു; യഹോവ അവിടുത്തെ കൈ നീട്ടുമ്പോൾ സഹായിക്കുന്നവൻ ഇടറുകയും സഹായിക്കപ്പെടുന്നവൻ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോവുകയും ചെയ്യും. 4 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “സിംഹമോ, ബാലസിംഹമോ ഇര കണ്ടു മുരളുമ്പോൾ ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അത് അവരുടെ കൂക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്യുവാൻ ഇറങ്ങിവരും. 5 പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവിടുന്ന് അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും”. 6 യിസ്രായേൽ മക്കളേ, നിങ്ങൾ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്ക് തിരിയുവിൻ. 7 ആ നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്ക് പാപത്തിനായി വെള്ളിയും പൊന്നുംകൊണ്ട് ഉണ്ടാക്കിയ മിഥ്യാമൂർത്തികളെ ത്യജിച്ചുകളയും. 8 “എന്നാൽ അശ്ശൂർ പുരുഷന്റേതല്ലാത്ത വാളാൽ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന് ഇരയായിത്തീരും; അവർ വാളിന് ഒഴിഞ്ഞ് ഓടിപ്പോയാൽ അവരുടെ യൗവനക്കാർ ഊഴിയവേലക്കാരായിത്തീരും. 9 ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാർ കൊടി കണ്ടു നടുങ്ങിപ്പോകും” എന്നു സീയോനിൽ തീയും യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാട്.