Job 10 (IRVM2)
1 “എന്റെ ജീവൻ എനിയ്ക്ക് വെറുപ്പാകുന്നു;ഞാൻ എന്റെ സങ്കടം തുറന്നുപറയും;എന്റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും. 2 ഞാൻ ദൈവത്തോട് പറയും: എന്നെ കുറ്റം വിധിക്കരുതേ;എന്നെ കുറ്റപ്പെടുത്താൻ സംഗതി എന്ത്? എന്നെ അറിയിക്കണമേ. 3 പീഡിപ്പിക്കുന്നതും അവിടുത്തെ കൈപ്പണിയെ തുച്ഛീകരിക്കുന്നതുംദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും അങ്ങയ്ക്ക് യോഗ്യമോ? 4 മാംസനേത്രങ്ങളോ അങ്ങയ്ക്കുള്ളത്?മനുഷ്യൻ കാണുന്നതുപോലെയോ അങ്ങ് കാണുന്നത്? 5 അങ്ങ് എന്റെ അകൃത്യം അന്വേഷിക്കുവാനുംഎന്റെ പാപത്തെ ശോധന ചെയ്യുവാനും 6 അങ്ങയുടെ നാളുകൾ മനുഷ്യന്റെ നാളുകൾ പോലെയോ?അങ്ങയുടെ ആണ്ടുകൾ മർത്യന്റെ ജീവകാലം പോലെയോ? 7 ഞാൻ കുറ്റക്കാരനല്ല എന്ന് അങ്ങ് അറിയുന്നു;അങ്ങയുടെ കയ്യിൽനിന്ന് വിടുവിക്കാവുന്നവൻ ആരുമില്ല. 8 അങ്ങയുടെ കൈ എനിക്ക് രൂപം നൽകി എന്നെ മുഴുവനും സൃഷ്ടിച്ചു;എന്നിട്ടും അവിടുന്ന് എന്നെ നശിപ്പിച്ചുകളയുന്നു. 9 അങ്ങ് എന്നെ കളിമണ്ണുകൊണ്ട് മെനഞ്ഞു എന്നോർക്കണമേ;അവിടുന്ന് എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ? 10 അങ്ങ് എന്നെ പാലുപോലെ പകർന്ന്തൈരുപോലെ ഉറകൂടുമാറാക്കിയല്ലോ. 11 ത്വക്കും മാംസവും അങ്ങ് എന്നെ ധരിപ്പിച്ചു;അസ്ഥിയും ഞരമ്പുംകൊണ്ട് എന്നെ നെയ്തിരിക്കുന്നു. 12 ജീവനും കൃപയും അങ്ങ് എനിയ്ക്ക് നല്കി;അങ്ങയുടെ കരുണ എന്റെ ശ്വാസത്തെ പരിപാലിക്കുന്നു. 13 എന്നാൽ അങ്ങ് ഇത് അങ്ങയുടെ ഹൃദയത്തിൽ ഒളിച്ചുവെച്ചു;ഇതായിരുന്നു അങ്ങയുടെ താത്പര്യം എന്ന് ഞാൻ അറിയുന്നു. 14 ഞാൻ പാപം ചെയ്താൽ അങ്ങ് കാണുന്നു;എന്റെ അകൃത്യം അങ്ങ് ശിക്ഷിക്കാതെ വിടുന്നതുമില്ല. 15 ഞാൻ ദുഷ്ടനെങ്കിൽ എനിയ്ക്ക് അയ്യോ കഷ്ടം;നീതിമാനായിരുന്നാലും ഞാൻ തല ഉയർത്തേണ്ടതല്ല;ലജ്ജാപൂർണ്ണനായി ഞാൻ എന്റെ കഷ്ടത കാണുന്നു. 16 തല ഉയർത്തിയാൽ അങ്ങ് ഒരു സിംഹംപോലെ എന്നെ വേട്ടയാടും.പിന്നെയും എനിക്കെതിരെ അങ്ങയുടെ അത്ഭുതശക്തി കാണിക്കുന്നു. 17 അങ്ങയുടെ സാക്ഷികളെ അങ്ങ് വീണ്ടുംവീണ്ടും എന്റെ നേരെ നിർത്തുന്നു;അങ്ങയുടെ ക്രോധം എന്റെ മേൽ വർദ്ധിപ്പിക്കുന്നു;അവ ഗണംഗണമായി വന്നു പൊരുതുന്നു. 18 അങ്ങ് എന്നെ ഗർഭപാത്രത്തിൽനിന്ന് പുറപ്പെടുവിച്ചതെന്തിന്?ഒരു കണ്ണും എന്നെ കാണാതെ എന്റെ പ്രാണൻ പോകുമായിരുന്നു. 19 ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു;ഗർഭപാത്രത്തിൽനിന്ന് എന്നെ ശവക്കുഴിയിലേക്ക് കൊണ്ടുപോകുമായിരുന്നു; 20 എന്റെ ജീവകാലം ചുരുക്കമല്ലയോ?ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്ക്അർദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും 21 വെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്ക് തന്നേ,മടങ്ങിവരാതെ, പോകുന്നതിനുമുമ്പ് 22 ഞാൻ അല്പം ആശ്വസിക്കേണ്ടതിന്അങ്ങ് മതിയാക്കി എന്നെ വിട്ടുമാറണമേ”.