Psalms 112 (IRVM2)
1 യഹോവയെ സ്തുതിക്കുവിൻ;യഹോവയെ ഭയപ്പെട്ട്, അവിടുത്തെ കല്പനകൾഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. 2 അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും;നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും. 3 ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും;അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. 4 നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു;അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു. 5 കൃപ തോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും;വിവേകത്തോടെ അവൻ തന്റെ കാര്യം നടത്തും. 6 അവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല;നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും. 7 ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല;അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും. 8 അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു;അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും. 9 അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു;അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു;അവന്റെ ശക്തി ബഹുമാനത്തോടെ ഉയർന്നിരിക്കും. 10 ദുഷ്ടൻ അത് കണ്ട് വ്യസനിക്കും;അവൻ പല്ലുകടിച്ച് ഉരുകിപ്പോകും;ദുഷ്ടന്റെ ആശ നശിച്ചുപോകും.