Psalms 36 (IRVM2)
undefined സംഗീതപ്രമാണിക്ക്; യഹോവയുടെ ദാസനായ ദാവീദിന്റെ ഒരു സങ്കീർത്തനം. 1 ദുഷ്ടന്റെ ഹൃദയത്തിൽ പാപ ഉദ്ദേശ്യമുണ്ട്;അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല. 2 “എന്റെ കുറ്റം തെളിയുകയും വെറുക്കപ്പെടുകയും ചെയ്യുകയില്ല”എന്നിങ്ങനെ അവൻ തന്നോട് തന്നെ മധുരവാക്ക് പറയുന്നു. 3 അവന്റെ വായിലെ വാക്കുകളിൽ വേണ്ടാതനവും വഞ്ചനയും ഉണ്ട്;ജ്ഞാനിയായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു. 4 അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു;തിന്മയുടെ വഴിയിൽ അവൻ നില്ക്കുന്നു;ദോഷം വെറുക്കുന്നതുമില്ല. 5 യഹോവേ, അങ്ങയുടെ ദയ ആകാശത്തോളവുംഅവിടുത്തെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു. 6 അങ്ങയുടെ നീതി മഹാപർവ്വതങ്ങളെപ്പോലെയുംഅവിടുത്തെ ന്യായവിധികൾ ആഴികളെപ്പോലെയും ആകുന്നു;യഹോവേ, അവിടുന്ന് മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു. 7 ദൈവമേ, അങ്ങയുടെ ദയ എത്ര വിലയേറിയത്!മനുഷ്യപുത്രന്മാർ അങ്ങയുടെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു. 8 അങ്ങയുടെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു;അവിടുത്തെ ആനന്ദനദി അവിടുന്ന് അവരെ കുടിപ്പിക്കുന്നു. 9 അവിടുത്തെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ;അവിടുത്തെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു. 10 അവിടുത്തെ അറിയുന്നവർക്ക് അങ്ങയുടെ ദയയുംപരമാർത്ഥഹൃദയമുള്ളവർക്ക് അങ്ങയുടെ നീതിയും നിലനിർത്തേണമേ. 11 നിഗളികളുടെ കാൽ എന്റെ നേരെ വരരുതേ;ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ. 12 ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നെ വീഴുന്നു:അവർ മറിഞ്ഞു വീഴുന്നു; എഴുന്നേല്ക്കുവാൻ കഴിയുന്നതുമില്ല.