Numbers 16 (BOMCV)
1 ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹും രൂബേന്യരിൽ ചിലരും—എലീയാബിന്റെ പുത്രന്മാരായ ദാഥാനും അബീരാമും പേലെത്തിന്റെ മകൻ ഓനും—ധിക്കാരികളായി 2 മോശയ്ക്കു വിരോധമായി എഴുന്നേറ്റു. അവരോടൊപ്പം ഇസ്രായേലിലെ ഇരുനൂറ്റി അൻപത് സഭാനായകന്മാരും ഉണ്ടായിരുന്നു. അവരെല്ലാവരും സഭയിലെ പ്രധാന അംഗങ്ങളും ആയിരുന്നു. 3 മോശയ്ക്കും അഹരോനും എതിരേ ഒരു സംഘമായി അവർ വന്ന് അവരോടു പറഞ്ഞു: “നിങ്ങൾ വളരെ അതിരുകടക്കുന്നു! സർവസഭയും അവരിൽ ഓരോരുത്തരും യഹോവയ്ക്കു വിശുദ്ധരാണ്. അവിടന്ന് അവരോടുകൂടെയുണ്ട്. പിന്നെ യഹോവയുടെ സർവസഭയ്ക്കും മീതേ നിങ്ങൾ നിങ്ങളെത്തന്നെ ഉയർത്തുന്നതെന്ത്?” 4 ആ സംഘം പറയുന്നത് മോശ കേട്ടപ്പോൾ അദ്ദേഹം കമിഴ്ന്നുവീണു. 5 ഇതിനുശേഷം മോശ കോരഹിനോടും അയാളുടെ അനുയായികളോടും പറഞ്ഞു: “പ്രഭാതത്തിൽ യഹോവ, അവിടത്തേക്കുള്ളവർ ആരെന്നും വിശുദ്ധൻ ആരെന്നും കാണിക്കും; അവിടന്ന് ആ വ്യക്തിയെ തന്റെ അടുക്കൽ വരുമാറാക്കും. അവിടന്ന് തെരഞ്ഞെടുക്കുന്ന പുരുഷനെ തന്റെ അടുക്കൽ വരുമാറാക്കും. 6 കോരഹേ, നീയും നിന്റെ സകല അനുയായികളും ഇതു ചെയ്യുക: ധൂപകലശങ്ങൾ എടുത്ത് 7 നാളെ യഹോവയുടെമുമ്പാകെ അതിൽ തീ കത്തിച്ച് സുഗന്ധദ്രവ്യങ്ങൾ ഇടുക. യഹോവ തെരഞ്ഞെടുക്കുന്ന പുരുഷനായിരിക്കും വിശുദ്ധൻ. ലേവ്യരേ, നിങ്ങൾ വളരെ അതിരുകടക്കുന്നു!” 8 കോരഹിനോടു മോശ വീണ്ടും പറഞ്ഞു: “ലേവ്യരേ, നിങ്ങൾ ഇപ്പോൾ ശ്രദ്ധിക്കുക! 9 ഇസ്രായേലിന്റെ ദൈവം നിങ്ങളെ ഇസ്രായേൽസഭയിലെ മറ്റുള്ളവരിൽനിന്നു വേർതിരിച്ച് യഹോവയുടെ കൂടാരത്തിൽ വേലചെയ്യാൻ അവിടത്തെ അടുക്കലേക്കു കൊണ്ടുവന്നതും സമൂഹത്തിനു ശുശ്രൂഷചെയ്യാൻ അവരുടെമുമ്പിൽ നിർത്തിയതും പോരേ? 10 അവിടന്ന് നിന്നെയും ലേവ്യരായ നിന്റെ സകലസഹോദരന്മാരെയും അവിടത്തെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ പൗരോഹിത്യംകൂടെ എടുക്കാൻ ശ്രമിക്കുന്നു. 11 നീയും നിന്റെ സകല അനുയായികളും സംഘം ചേർന്നിരിക്കുന്നത് യഹോവയ്ക്കു വിരോധമായിട്ടാണ്. നിങ്ങൾ അഹരോനെതിരേ പിറുപിറുക്കേണ്ടതിന് അദ്ദേഹം എന്തുള്ളൂ?” 12 ഇതിനുശേഷം മോശ എലീയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിക്കാൻ ആളയച്ചു. എന്നാൽ അവർ, “ഞങ്ങൾ വരികയില്ല!” എന്നു പറഞ്ഞു. 13 അവർ തുടർന്നു, “മരുഭൂമിയിൽ ഞങ്ങളെ കൊല്ലേണ്ടതിന് പാലും തേനും ഒഴുകുന്ന ദേശത്തുനിന്ന് നീ ഞങ്ങളെ കൊണ്ടുവന്നതു പോരേ? ഇപ്പോൾ ഞങ്ങളുടെമേൽ കർത്തൃത്വം നടത്താനും നീ ആഗ്രഹിക്കുന്നോ! 14 അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ഒരു ദേശത്തു കൊണ്ടുവരികയോ വയലുകളോ മുന്തിരിത്തോപ്പുകളോ അവകാശമായിത്തരികയോ ചെയ്തതുമില്ല. നീ ഈ പുരുഷന്മാരെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണോ? ഇല്ല, ഞങ്ങൾ വരികയില്ല!” 15 അപ്പോൾ മോശ അത്യന്തം കോപിച്ചു. അദ്ദേഹം യഹോവയോട്, “അവരുടെ വഴിപാട് അംഗീകരിക്കരുതേ. ഒരു കഴുതയെപ്പോലും ഞാൻ അവരിൽനിന്ന് എടുത്തിട്ടില്ല. അവരിലാരോടും ഞാൻ ഒരുതെറ്റും ചെയ്തിട്ടുമില്ല” എന്നു പറഞ്ഞു. 16 മോശ കോരഹിനോട് പറഞ്ഞു: “നാളെ നീയും നിന്റെ സകല അനുയായികളും യഹോവയുടെമുമ്പാകെ വരണം—നീയും അവരും അഹരോനുംതന്നെ. 17 നിങ്ങൾ ഓരോരുത്തരും അവരവരുടെ ധൂപകലശമെടുത്ത് അതിൽ സുഗന്ധവർഗം ഇട്ട് യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം—ആകെ ഇരുനൂറ്റി അൻപത് ധൂപകലശങ്ങൾ. നീയും അഹരോനും നിങ്ങളുടെ ധൂപകലശങ്ങൾ കൊണ്ടുവരണം.” 18 അങ്ങനെ സകലപുരുഷന്മാരും അവരവരുടെ ധൂപകലശമെടുത്ത് തീ കത്തിച്ച് സുഗന്ധവർഗം ഇട്ട് മോശയോടും അഹരോനോടുംകൂടെ സമാഗമകൂടാരവാതിൽക്കൽ നിന്നു. 19 ഇതിനിടയിൽ കോരഹ്, മോശയ്ക്കും അഹരോനും എതിരേ ഇസ്രായേൽസഭയെ മുഴുവനും ഇളക്കിവിട്ട്, അവരെ സമാഗമകൂടാരവാതിൽക്കൽ കൂട്ടി. അപ്പോൾ, യഹോവയുടെ തേജസ്സ് സർവസഭയ്ക്കും പ്രത്യക്ഷമായി. 20 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 21 “ഇപ്പോൾത്തന്നെ ഞാൻ ഇവരെ സംഹരിക്കേണ്ടതിന് ഈ സംഘത്തിന്റെയടുത്തുനിന്നു നിങ്ങൾ ഉടൻതന്നെ മാറുക.” 22 എന്നാൽ മോശയും അഹരോനും സാഷ്ടാംഗം വീണു നിലവിളിച്ചു: “ദൈവമേ, സകലമനുഷ്യരുടെയും ആത്മാക്കളുടെ ദൈവമായുള്ളോവേ, ഒരാൾ പാപംചെയ്താൽ അവിടന്ന് മുഴുസഭയോടും കോപിക്കുമോ?” 23 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: 24 “ ‘കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളിൽനിന്ന് മാറിനിൽക്കാൻ,’ സഭയോടു പറയുക.” 25 മോശ എഴുന്നേറ്റ് ദാഥാന്റെയും അബീരാമിന്റെയും അടുത്തേക്കുപോയി. ഇസ്രായേല്യ ഗോത്രത്തലവന്മാർ അദ്ദേഹത്തെ അനുഗമിച്ചു. 26 ഉടൻതന്നെ മോശ സഭയ്ക്കു മുന്നറിയിപ്പു നൽകി: “ഇവരുടെ സകലപാപങ്ങളുംനിമിത്തം നിങ്ങൾ നശിക്കാതിരിക്കേണ്ടതിന് ഈ ദുഷ്ടമനുഷ്യരുടെ കൂടാരങ്ങളെ വിട്ടുമാറുക! ഇവർക്കുള്ള യാതൊന്നും സ്പർശിക്കരുത്.” 27 അങ്ങനെ അവർ കോരഹിന്റെയും ദാഥാന്റെയും അബീരാമിന്റെയും കൂടാരങ്ങളിൽനിന്ന് അകന്നുമാറി. ദാഥാനും അബീരാമും വെളിയിൽവന്ന് അവരുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുകുട്ടികളോടുംകൂടെ അവരുടെ കൂടാരങ്ങളുടെ വാതിൽക്കൽ നിൽക്കുകയായിരുന്നു. 28 ഇതിനുശേഷം മോശ പറഞ്ഞത്, “ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ യഹോവ എന്നെ അയച്ചു എന്നും ഞാൻ സ്വയമായി ഒന്നും ചെയ്തിട്ടില്ല എന്നും നിങ്ങൾ അറിയുന്നത് ഇപ്രകാരമായിരിക്കും: 29 എല്ലാ മനുഷ്യർക്കും സംഭവിക്കുന്നതുപോലെ ഇവർക്കു സംഭവിക്കുകയും ഇവർ സ്വാഭാവികമരണം അനുഭവിക്കുകയും ചെയ്യുന്നെങ്കിൽ യഹോവ എന്നെ അയച്ചിട്ടില്ല. 30 എന്നാൽ യഹോവ ഒരു അപൂർവകാര്യം ചെയ്ത്, ഭൂമി വായ്‌പിളർന്ന് അവർക്കുള്ള സകലത്തോടുംകൂടെ അവരെ വിഴുങ്ങി, അവർ ജീവനോടെ പാതാളത്തിലേക്കു പോയാൽ, ഈ പുരുഷന്മാർ യഹോവയോടു ധിക്കാരമായി പെരുമാറി എന്നു നിങ്ങൾ അറിയും.” 31 മോശ ഈ വാക്കുകൾ പറഞ്ഞുതീർന്നപ്പോൾ അവരുടെകീഴേയുള്ള ഭൂമി പിളർന്നുമാറി. 32 ഭൂമി വായ്‌പിളർന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിന്റെ സകല അനുയായികളെയും അവരുടെ സർവ സമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. 33 അവർ തങ്ങൾക്കുണ്ടായിരുന്ന സകലത്തോടുംകൂടെ ജീവനോടെ പാതാളത്തിലേക്കു താണുപോയി; ഭൂമി അവർക്കുമീതേ അടഞ്ഞു. സഭാമധ്യേനിന്നും അവർ നശിച്ചുപോയി. 34 അവരുടെ നിലവിളികേട്ട്, “ഭൂമി ഞങ്ങളെയും വിഴുങ്ങരുതേ” എന്നു പറഞ്ഞ്, ചുറ്റുംനിന്ന ഇസ്രായേല്യർ മുഴുവനും ഓടിപ്പോയി. 35 യഹോവയിൽനിന്ന് അഗ്നി പുറപ്പെട്ടു. ധൂപം കാട്ടിയ 250 പുരുഷന്മാരെയും ദഹിപ്പിച്ചു. 36 ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: 37 “പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടു പറയുക, എരിഞ്ഞുകൊണ്ടിരിക്കുന്ന അവശിഷ്ടങ്ങളുടെ ഇടയിൽനിന്ന് ധൂപകലശങ്ങൾ എടുത്ത് കനൽ ദൂരെക്കളയുക. കാരണം ധൂപകലശങ്ങൾ വിശുദ്ധമാണ്. 38 പാപംചെയ്തു സ്വന്തപ്രാണൻ നഷ്ടപ്പെടുത്തിയ ആ പുരുഷന്മാരുടെ ധൂപകലശങ്ങൾ, യാഗപീഠം പൊതിയുന്നതിന് തകിടുകളായി അടിച്ചുപരത്തുക. അവ യഹോവയുടെമുമ്പിൽ അർപ്പിക്കപ്പെട്ടതിനാൽ വിശുദ്ധമാണ്. അത് ഇസ്രായേല്യർക്ക് ഒരു ചിഹ്നമായിരിക്കട്ടെ.” 39 അങ്ങനെ പുരോഹിതനായ എലെയാസാർ, അഗ്നിക്കിരയായവർ കൊണ്ടുവന്നിരുന്ന വെങ്കലംകൊണ്ടുള്ള ധൂപകലശങ്ങൾ ശേഖരിച്ച് യാഗപീഠം പൊതിയേണ്ടതിനായി അടിച്ചുപരത്തി; യഹോവ മോശമുഖാന്തരം അദ്ദേഹത്തോടു നിർദേശിച്ചതുപോലെതന്നെ. 40 കോരഹിനെയും അയാളുടെ അനുയായികളെയുംപോലെ ആയിത്തീരാതിരിക്കേണ്ടതിന് അഹരോന്റെ സന്തതികളിൽ ഒരുവനല്ലാതെ ആരും യഹോവയുടെമുമ്പാകെ ധൂപവർഗം കത്തിക്കാൻ മുന്നോട്ടുവരരുതെന്ന് ഇസ്രായേൽമക്കളെ ഓർമപ്പെടുത്താനായിരുന്നു ഇത്. 41 അടുത്തദിവസം ഇസ്രായേൽസമൂഹം മുഴുവനും മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തു. “നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നു” എന്ന് അവർ പറഞ്ഞു. 42 എന്നാൽ സഭ മോശയ്ക്കും അഹരോനും എതിരായി സംഘടിച്ച് സമാഗമകൂടാരത്തിലേക്കടുത്തു. അപ്പോൾത്തന്നെ മേഘം അതിനെ മൂടിയിട്ട് യഹോവയുടെ തേജസ്സ് പ്രത്യക്ഷമായി. 43 അപ്പോൾ മോശയും അഹരോനും സമാഗമകൂടാരത്തിന്റെ മുമ്പിലേക്കു ചെന്നു. 44 യഹോവ മോശയോട് അരുളിച്ചെയ്തു: 45 “ഇപ്പോൾത്തന്നെ ഞാൻ അവരെ നശിപ്പിക്കേണ്ടതിന് ഈ സഭയിൽനിന്ന് മാറിപ്പോകുക.” അപ്പോൾ അവർ കമിഴ്ന്നുവീണു. 46 ഇതിനുശേഷം മോശ അഹരോനോടു പറഞ്ഞു: “നിന്റെ ധൂപകലശമെടുത്ത് യാഗപീഠത്തിലെ അഗ്നിയോടുകൂടെ അതിൽ സുഗന്ധവർഗം ഇട്ട്, അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാൻ വേഗത്തിൽ സഭയിലേക്കു ചെല്ലുക. യഹോവയിൽനിന്ന് കോപം പുറപ്പെട്ടിരിക്കുന്നു; ബാധ തുടങ്ങിക്കഴിഞ്ഞു.” 47 ആകയാൽ അഹരോൻ മോശ പറഞ്ഞതുപോലെ ചെയ്ത് സഭാമധ്യത്തിലേക്ക് ഓടിച്ചെന്നു. ജനത്തിന്റെ ഇടയിൽ ബാധ തുടങ്ങിക്കഴിഞ്ഞിരുന്നു. എങ്കിലും അഹരോൻ ധൂപം അർപ്പിച്ച് അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തു. 48 അദ്ദേഹം ജീവനുള്ളവരുടെയും മരിച്ചവരുടെയും ഇടയിൽനിന്നപ്പോൾ ബാധ നിന്നു. 49 എങ്കിലും കോരഹ് നിമിത്തം മരിച്ചവരെക്കൂടാതെ 14,700 ആളുകൾ ബാധയാൽ മരിച്ചു. 50 ബാധ നിന്നതിനാൽ അഹരോൻ സമാഗമകൂടാരവാതിലിനു മുമ്പിൽ മോശയുടെ അടുത്തേക്കു മടങ്ങിവന്നു.