Psalms 10 (IRVM2)
1 യഹോവേ, അങ്ങ് ദൂരത്ത് നില്ക്കുന്നതെന്ത്?കഷ്ടകാലത്ത് അങ്ങ് മറഞ്ഞുകളയുന്നതും എന്ത്? 2 ദുഷ്ടൻ അഹങ്കാരത്തോടെ എളിയവനെ പീഡിപ്പിക്കുന്നു;അവൻ നിരൂപിച്ച ഉപായങ്ങളിൽ അവൻ തന്നെ പിടിക്കപ്പെടട്ടെ. 3 ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു;ദുരാഗ്രഹി യഹോവയെ ത്യജിച്ച് നിന്ദിക്കുന്നു. 4 ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല;‘ദൈവം ഇല്ല” എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും. 5 അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു;അങ്ങയുടെ ന്യായവിധികൾ അവൻ കാണാത്തവണ്ണം ഉന്നതമാകുന്നു;തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു. 6 “ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല”എന്ന് അവൻ തന്റെ ഹൃദയത്തിൽ പറയുന്നു. 7 അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു;അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു. 8 അവൻ ഗ്രാമങ്ങളുടെ ഒളിവിടങ്ങളിൽ പതിയിരിക്കുന്നു;മറവിടങ്ങളിൽവച്ച് അവൻ നിഷ്ക്കളങ്കനെ കൊല്ലുന്നു;അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണ് വച്ചിരിക്കുന്നു. 9 സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ;എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു;എളിയവനെ തന്റെ വലയിൽ ചാടിച്ച് പിടിക്കുന്നു. 10 അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു;അഗതികൾ അവന്റെ ബലത്താൽ വീണുപോകുന്നു. 11 “ദൈവം മറന്നിരിക്കുന്നു, അവിടുന്ന് തന്റെ മുഖം മറച്ചിരിക്കുന്നു;ദൈവം ഒരുനാളും കാണുകയില്ല” എന്ന് അവൻ ഹൃദയത്തിൽ പറയുന്നു. 12 യഹോവേ, എഴുന്നേല്ക്കണമേ, ദൈവമേ, തൃക്കൈ ഉയർത്തണമേ;എളിയവരെ മറക്കരുതേ. 13 ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും “ദൈവം കണക്ക് ചോദിക്കുകയില്ല” എന്ന് തന്റെ ഉള്ളിൽ പറയുന്നതും എന്തിന്? 14 അങ്ങ് അത് കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്യുവാൻദോഷത്തെയും പകയെയും അവിടുന്ന് നോക്കിക്കണ്ടിരിക്കുന്നു;അഗതി സ്വയം അങ്ങയുടെ കൈകളിൽ ഏല്പിക്കുന്നു;അനാഥന് അവിടുന്ന് സഹായി ആകുന്നു. 15 ദുഷ്ടന്റെ ഭുജത്തെ അവിടുന്ന് ഒടിക്കണമേ;ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുംവരെ അതിന് പ്രതികാരം ചെയ്യണമേ. 16 യഹോവ എന്നെന്നേക്കും രാജാവാകുന്നു;ജനതതികൾ അവിടുത്തെ ദേശത്തുനിന്ന് നശിച്ചുപോയിരിക്കുന്നു. 17 ഭൂമിയിലെ മനുഷ്യൻ ഇനി ഭയപ്പെടുത്താതിരിക്കുവാൻഅവിടുന്ന് അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിന് 18 യഹോവേ, അവിടുന്ന് സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു;അവരുടെ ഹൃദയത്തെ ഉറപ്പിക്കുകയും അവിടുത്തെ ചെവിചായിച്ചു കേൾക്കുകയും ചെയ്യുന്നു.