1 Samuel 19 (BOMCV)
1 അതിനുശേഷം ദാവീദിനെ വധിക്കണമെന്ന് ശൗൽ തന്റെ പുത്രനായ യോനാഥാനോടും സകലഭൃത്യന്മാരോടും കൽപ്പിച്ചു. എന്നാൽ യോനാഥാൻ ദാവീദിനെ വളരെയധികം സ്നേഹിച്ചിരുന്നു, 2 അദ്ദേഹം ദാവീദിനോടു പറഞ്ഞു: “നീ വളരെ കരുതിയിരിക്കണം, എന്റെ പിതാവായ ശൗൽ നിന്നെ കൊന്നുകളയാൻ തക്കംനോക്കിയിരിക്കുന്നു. നാളെ രാവിലെതന്നെ ഗൂഢമായൊരു സ്ഥലത്ത് ഒളിച്ചിരിക്കണം. 3 നീ ഒളിച്ചിരിക്കുന്ന വയലിൽ ഞാൻ എന്റെ പിതാവുമായിവന്ന് അദ്ദേഹത്തോട് നിന്നെപ്പറ്റി സംസാരിക്കും. അങ്ങനെ എനിക്കു മനസ്സിലാക്കാൻ കഴിയുന്നതു ഞാൻ നിന്നെ അറിയിക്കും.” 4 യോനാഥാൻ തന്റെ പിതാവായ ശൗലിനോട് ദാവീദിനെപ്പറ്റി നിരവധി നല്ലകാര്യങ്ങൾ പറഞ്ഞു: “രാജാവേ, അങ്ങയുടെ ദാസനായ ദാവീദിനോട് അങ്ങു ദോഷമായി പ്രവർത്തിക്കരുത്. അദ്ദേഹം അങ്ങയോടു ദ്രോഹമൊന്നും ചെയ്തിട്ടില്ല; എന്നുമാത്രമല്ല, അദ്ദേഹം ചെയ്തിട്ടുള്ളതെല്ലാം അങ്ങേക്ക് ഏറ്റവും ഗുണകരമായിത്തീർന്നിട്ടുമുണ്ട്. 5 ദാവീദ് ആ ഫെലിസ്ത്യനെ കൊന്നത് തന്റെ ജീവൻ പണയപ്പെടുത്തിക്കൊണ്ടാണല്ലോ. അന്നു യഹോവ ഇസ്രായേലിനു വലിയൊരു വിജയം നേടിത്തന്നു; അങ്ങും അതുകണ്ടു സന്തോഷിച്ചല്ലോ? യാതൊരു കാരണവുംകൂടാതെ ദാവീദിനെപ്പോലെ നിർദോഷിയായ ഒരുവനെക്കൊന്ന് അങ്ങ് ഒരു കുറ്റകൃത്യം ചെയ്യുന്നതെന്തിന്?” 6 ശൗൽ യോനാഥാന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ട്: “ജീവനുള്ള യഹോവയാണെ, ഞാൻ ദാവീദിനെ കൊല്ലുകയില്ല” എന്നു ശപഥംചെയ്തു. 7 പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ച് ഉണ്ടായ സംഭാഷണമെല്ലാം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം ദാവീദിനെ കൂട്ടിക്കൊണ്ട് ശൗലിന്റെ അടുത്തുവന്നു. ദാവീദ് മുമ്പിലത്തെപ്പോലെ ശൗലിന്റെ സന്നിധിയിൽ കഴിയുകയും ചെയ്തു. 8 വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ദാവീദ് പുറപ്പെട്ട് ഫെലിസ്ത്യരുമായി കഠിനമായി പൊരുതി. അവർ ദാവീദിന്റെ മുമ്പിൽനിന്ന് തോറ്റോടി. 9 ഒരിക്കൽ കൈയിൽ കുന്തവുമായി ശൗൽ തന്റെ അരമനയിൽ ഇരിക്കുമ്പോൾ യഹോവയിൽനിന്നുള്ള ദുരാത്മാവു ശൗലിന്റെമേൽ വന്നു. ദാവീദ് കിന്നരം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. 10 അദ്ദേഹത്തെ ചുമരോടുചേർത്തു കുന്തംകൊണ്ടു തറയ്ക്കാൻ ശൗൽ ശ്രമിച്ചു. അയാൾ കുന്തം പ്രയോഗിക്കവേ ദാവീദ് ഒഴിഞ്ഞുകളഞ്ഞു. കുന്തം ചുമരിൽ തറഞ്ഞുകയറി. അന്നുരാത്രി ദാവീദ് ഓടി രക്ഷപ്പെടുകയും ചെയ്തു. 11 ആ രാത്രിതന്നെ ദാവീദിന്റെ വീടിനു കാവൽനിൽക്കുന്നതിന് ശൗൽ ഭടന്മാരെ അയച്ചു. രാവിലെ അദ്ദേഹം ഇറങ്ങിവരുമ്പോൾ കൊന്നുകളയുന്നതിനായി കൽപ്പനകൊടുക്കുകയും ചെയ്തു. ദാവീദിന്റെ ഭാര്യയായ മീഖൾ കാര്യം മനസ്സിലാക്കിയിട്ട് അദ്ദേഹത്തോട്: “ഇന്നു രാത്രി പ്രാണരക്ഷാർഥം ഓടിപ്പോകുന്നില്ലെങ്കിൽ നാളെ പ്രഭാതത്തിൽ അങ്ങു കൊല്ലപ്പെടും” എന്നു പറഞ്ഞു. 12 അങ്ങനെ മീഖൾ ദാവീദിനെ ഒരു ജനാലയിലൂടെ ഇറക്കിവിട്ടു. അദ്ദേഹം ഓടി രക്ഷപ്പെടുകയും ചെയ്തു. 13 പിന്നെ മീഖൾ ഒരു ബിംബമെടുത്ത് ദാവീദിന്റെ കിടക്കയിൽ കിടത്തി. അതിന്റെ തലയിൽ കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയിട്ടു, ഉടൽ തുണികൊണ്ട് പുതപ്പിക്കുകയും ചെയ്തു. 14 ദാവീദിനെ പിടിക്കാൻ ശൗൽ അയച്ച പ്രതിനിധികൾ വന്നപ്പോൾ, “അദ്ദേഹം സുഖമില്ലാതെ കിടക്കുന്നു” എന്നു മീഖൾ അറിയിച്ചു. 15 ശൗൽ ആ പ്രതിനിധികളെ വീണ്ടും ദാവീദിന്റെ ഭവനത്തിലേക്കയച്ചു. “അവനെ കൊല്ലേണ്ടതിന് കിടക്കയോടെ എന്റെമുമ്പിൽ കൊണ്ടുവരിക,” എന്നു കൽപ്പിച്ചു. 16 എന്നാൽ അവർ മുറിയിൽ പ്രവേശിച്ചപ്പോൾ ദാവീദിന്റെ കിടക്കയിൽ ഒരു ബിംബം തലയ്ക്കൽ കോലാട്ടുരോമംകൊണ്ടുള്ള മൂടിയുമായി കിടക്കുന്നതു കണ്ടു. 17 ശൗൽ മീഖളിനോട്: “നീ എന്നെ ഈ വിധം ചതിച്ചതെന്തിന്? എന്റെ ശത്രു രക്ഷപ്പെടാൻ തക്കവണ്ണം നീ അവനെ വിട്ടയയ്ക്കുകയും ചെയ്തതെന്ത്?” എന്നു ചോദിച്ചു.“എന്നെ വിട്ടയയ്ക്കുക; അല്ലെങ്കിൽ ഞാൻ നിന്നെ കൊന്നുകളയും എന്ന് അയാൾ എന്നോടു പറഞ്ഞു,” എന്ന് മീഖൾ മറുപടി നൽകി. 18 ദാവീദ് രക്ഷപ്പെട്ട് ഓടി രാമായിൽ ശമുവേലിന്റെ അടുത്തെത്തി. ശൗൽ തന്നോടു ചെയ്തതെല്ലാം ദാവീദ് ശമുവേലിനെ അറിയിച്ചു. പിന്നെ അവരിരുവരും നയ്യോത്തിലേക്കുപോയി അവിടെ താമസിച്ചു. 19 “ദാവീദ് രാമായിലെ നയ്യോത്തിലുണ്ട്,” എന്ന് ശൗലിന് അറിവുകിട്ടി. 20 അതിനാൽ ദാവീദിനെ പിടിക്കാൻ ശൗൽ ആളുകളെ അയച്ചു. എന്നാൽ, ഒരുകൂട്ടം പ്രവാചകന്മാർ ശമുവേലിന്റെ നേതൃത്വത്തിൽ പ്രവചിച്ചുകൊണ്ടിരിക്കുന്നതായി ശൗലിന്റെ ദൂതന്മാർ കണ്ടു. ദൈവാത്മാവ് ശൗലിന്റെ ആളുകളുടെമേലും വന്നു; അവരും പ്രവചിച്ചുതുടങ്ങി. 21 ഇതറിഞ്ഞ് ശൗൽ കൂടുതൽ ദൂതന്മാരെ അയച്ചു. അവരും പ്രവചിച്ചുതുടങ്ങി. ശൗൽ മൂന്നാംപ്രാവശ്യവും ദൂതന്മാരെ അയച്ചു. അവരും പ്രവചിച്ചുതുടങ്ങി. 22 അവസാനം ശൗൽതന്നെ രാമായിലേക്കു പുറപ്പെട്ട് സേക്കൂവിലെ വലിയ ജലസംഭരണിയിങ്കൽ എത്തി. “ശമുവേലും ദാവീദും എവിടെ?” എന്ന് അദ്ദേഹം തിരക്കി.“രാമായിലെ നയ്യോത്തിലുണ്ട്,” എന്ന് ഒരാൾ മറുപടി പറഞ്ഞു. 23 അങ്ങനെ ശൗൽ രാമായിലെ നയ്യോത്തിലെത്തി. എന്നാൽ ദൈവാത്മാവ് ശൗലിന്റെമേൽ വന്നു. അയാൾ നയ്യോത്തിലെത്തുന്നതുവരെ പ്രവചിച്ചുംകൊണ്ടുനടന്നു. 24 ശൗൽ വസ്ത്രം പറിച്ചുകളഞ്ഞ് ശമുവേലിന്റെ സന്നിധിയിലും പ്രവചിച്ചുകൊണ്ടിരുന്നു. അന്നു രാവും പകലും മുഴുവൻ നഗ്നനായിക്കിടന്നു. “ശൗലും പ്രവാചകഗണത്തിലുണ്ടോ?” എന്ന് ആളുകൾ പറഞ്ഞുവരുന്നതിനു കാരണം ഇതാണ്.