Genesis 19 (BOMCV)
1 ആ രണ്ടു ദൂതന്മാർ സന്ധ്യക്കു സൊദോമിൽ എത്തി; ലോത്ത് നഗരകവാടത്തിൽ ഇരിക്കുകയായിരുന്നു. അവരെ കണ്ടപ്പോൾ അദ്ദേഹം എഴുന്നേറ്റു നിലംവരെ കുനിഞ്ഞു നമസ്കരിച്ചുകൊണ്ട് എതിരേറ്റു. 2 പിന്നെ ലോത്ത്, “യജമാനന്മാരേ, ദയവായി അടിയന്റെ വീട്ടിലേക്കു വന്നാലും; കാലുകൾ കഴുകി രാത്രിയിൽ വിശ്രമിച്ചിട്ട് അതിരാവിലെ നിങ്ങൾക്കു യാത്ര തുടരാമല്ലോ” എന്നു പറഞ്ഞു.“വേണ്ടാ, ഞങ്ങൾ തെരുവീഥിയിൽ രാത്രി ചെലവഴിച്ചുകൊള്ളാം,” അവർ മറുപടി പറഞ്ഞു. 3 എന്നാൽ ലോത്ത് വളരെ നിർബന്ധിച്ചതുകൊണ്ട് അവർ അദ്ദേഹത്തോടൊപ്പം പോയി വീട്ടിൽ പ്രവേശിച്ചു. അദ്ദേഹം അവർക്കുവേണ്ടി പുളിപ്പില്ലാത്ത അപ്പം ചുട്ടു വിരുന്നൊരുക്കി; അവർ ഭക്ഷണം കഴിച്ചു. 4 അവർ ഉറങ്ങാൻ കിടക്കുന്നതിനുമുമ്പ് സൊദോം നഗരത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പുരുഷന്മാർ—യുവാക്കന്മാരും വൃദ്ധന്മാരും—എല്ലാവരുംകൂടി ആ വീട് വളഞ്ഞു. 5 അവർ ലോത്തിനെ വിളിച്ച് “ഇന്നു രാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? അവരെ പുറത്ത്, ഞങ്ങളുടെ അടുത്തേക്കു കൊണ്ടുവരൂ; ഞങ്ങൾ അവരുമായി ലൈംഗികവേഴ്ച നടത്തട്ടെ” എന്നു പറഞ്ഞു. 6 ലോത്ത് അവരോടു സംസാരിക്കാൻ പുറത്തേക്കു ചെന്നു, കതകടച്ചിട്ട് അവരോട്, 7 “എന്റെ സ്നേഹിതരേ, അതു പാടില്ല; ഈ അധർമം പ്രവർത്തിക്കരുതേ. 8 പുരുഷനോടൊപ്പം കിടക്കപങ്കിട്ടിട്ടില്ലാത്ത രണ്ടു പുത്രിമാർ എനിക്കുണ്ട്. ഞാൻ അവരെ നിങ്ങളുടെ അടുക്കൽ കൊണ്ടുവരാം, നിങ്ങളുടെ ഇഷ്ടംപോലെ അവരോടു പെരുമാറിക്കൊള്ളുക. എന്നാൽ, ഈ പുരുഷന്മാരോട് ഒന്നും ചെയ്യരുതേ; അവർ എന്റെ ഭവനത്തിൽ അഭയംതേടി വന്നവരാണ്” എന്നു പറഞ്ഞു. 9 അതിന് അവർ: “ഞങ്ങളെ തടയാതെ മാറിനിൽക്കൂ. ഇയാൾ ഇവിടെ പ്രവാസിയായി വന്നു; ഇപ്പോൾ ഇതാ ന്യായാധിപൻ ചമയുന്നു! ഞങ്ങൾ അവരോടു ചെയ്യുന്നതിലും അധികം ദോഷം നിന്നോടു ചെയ്യും” എന്നു പറഞ്ഞു. അവർ ലോത്തിനെ ഞെരുക്കിക്കൊണ്ട് വാതിൽ തകർക്കാൻ മുന്നോട്ടടുത്തു. 10 എന്നാൽ, അകത്തുണ്ടായിരുന്ന ആ പുരുഷന്മാർ കൈ പുറത്തേക്കു നീട്ടി ലോത്തിനെ വീടിനുള്ളിലേക്കു വലിച്ചുകയറ്റിയിട്ട് കതകടച്ചു. 11 പിന്നെ അവർ വീടിന്റെ വാതിൽക്കൽ ഉണ്ടായിരുന്ന ആബാലവൃദ്ധം പുരുഷന്മാർക്ക് അന്ധത പിടിപ്പിച്ചു, അവർക്കു വാതിൽ കണ്ടെത്താൻ കഴിഞ്ഞില്ല. 12 ആ രണ്ടു പുരുഷന്മാർ ലോത്തിനോട്, “നിന്റെ സ്വന്തക്കാരായി—മരുമക്കളോ പുത്രന്മാരോ പുത്രിമാരോ മറ്റാരെങ്കിലുമോ ഈ നഗരത്തിൽ ഉണ്ടോ? അവരെല്ലാവരുമായി ഇവിടെനിന്ന് ഓടി രക്ഷപ്പെടുക; 13 ഞങ്ങൾ ഈ സ്ഥലം നശിപ്പിക്കാൻ പോകുകയാണ്. ഇതിലെ ജനങ്ങൾക്കെതിരായി യഹോവയോടുള്ള മുറവിളി വളരെ വലുതാണ്. ആകയാൽ ഇതിനെ നശിപ്പിക്കാൻ അവിടന്നു ഞങ്ങളെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. 14 അങ്ങനെ ലോത്ത് തന്റെ പുത്രിമാർക്കു വിവാഹനിശ്ചയം ചെയ്തിരുന്നവരായ മരുമക്കളുടെ അടുക്കൽച്ചെന്ന് അവരോടു സംസാരിച്ചു. “നിങ്ങൾ വേഗത്തിൽ ഈ സ്ഥലത്തുനിന്ന് രക്ഷപ്പെടുക, യഹോവ ഈ നഗരത്തെ നശിപ്പിക്കാൻ തുടങ്ങുന്നു!” എന്നു പറഞ്ഞു. എന്നാൽ അദ്ദേഹം തമാശ പറയുന്നെന്നു മരുമക്കൾ ചിന്തിച്ചു. 15 ഉഷസ്സായപ്പോൾ ആ ദൂതന്മാർ ലോത്തിനെ നിർബന്ധിച്ചുകൊണ്ടു “വേഗം, നിന്റെ ഭാര്യയെയും രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപോകുക, അല്ലെങ്കിൽ നഗരത്തോടൊപ്പം നിങ്ങൾ നശിച്ചുപോകും” എന്നു പറഞ്ഞു. 16 ലോത്ത് മടിച്ചുനിന്നപ്പോൾ—യഹോവയ്ക്ക് അവരോടു കരുണയുണ്ടായി—ആ പുരുഷന്മാർ അദ്ദേഹത്തെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കുപിടിച്ചു നഗരത്തിനു പുറത്തേക്കു കൊണ്ടുപോയി. 17 അവരെ പുറത്തുകൊണ്ടുവന്നശേഷം അവരിൽ ഒരാൾ, “പ്രാണരക്ഷയ്ക്കായി ഓടിപ്പോകുക, തിരിഞ്ഞുനോക്കരുത്, സമഭൂമിയിൽ ഒരിടത്തും തങ്ങരുത്. മലകളിലേക്ക് ഓടുക, അല്ലെങ്കിൽ നിങ്ങൾ നിശ്ശേഷം നശിച്ചുപോകും” എന്നു പറഞ്ഞു. 18 എന്നാൽ ലോത്ത് അവരോട്, “കർത്താവേ, ദയവായി അങ്ങനെ ചെയ്യരുതേ! 19 അങ്ങേക്ക് അടിയനോടു കൃപതോന്നിയല്ലോ. എന്റെ ജീവനെ രക്ഷിച്ചതിലൂടെ അവിടന്നു വലിയ കരുണകാണിച്ചിരിക്കുന്നു. എനിക്കു മലകളിലേക്ക് ഓടിരക്ഷപ്പെടാൻ നിവൃത്തിയില്ല; ഈ വിപത്ത് എന്നെ മൂടിക്കളയും, ഞാൻ മരിച്ചുപോകുകയും ചെയ്യും. 20 ഇതാ, ഓടിച്ചെന്നെത്താൻ കഴിയുംവിധം സമീപത്തായി ഒരു ചെറിയ പട്ടണമുണ്ടല്ലോ! അതിലേക്ക് ഓടിപ്പോകാൻ എന്നെ അനുവദിക്കണമേ; അതു തീരെ ചെറിയതുമാണ്; എങ്കിൽ എന്റെ ജീവൻ രക്ഷപ്പെടും” എന്നു പറഞ്ഞു. 21 അവിടന്നു ലോത്തിനോട്, “വളരെ നന്ന്, ഈ അപേക്ഷയും ഞാൻ അനുവദിച്ചുതരും, നീ പറയുന്ന പട്ടണം ഞാൻ നശിപ്പിക്കുകയില്ല. 22 എന്നാൽ, പെട്ടെന്ന് അവിടേക്ക് ഓടുക, നീ അവിടെ എത്തുന്നതുവരെ എനിക്കൊന്നും ചെയ്യാൻ നിർവാഹമില്ല” എന്നു പറഞ്ഞു. അതുകൊണ്ട് ആ പട്ടണത്തിനു സോവാർ എന്നു പേരായി. 23 ലോത്ത് സോവാരിൽ എത്തിയപ്പോഴേക്കും സൂര്യൻ ഉദിച്ചുകഴിഞ്ഞിരുന്നു. 24 അപ്പോൾ യഹോവ സൊദോമിന്റെയും ഗൊമോറായുടെയുംമേൽ ആകാശത്തുനിന്ന്—യഹോവയുടെ സന്നിധിയിൽനിന്നുതന്നെ—ആളിക്കത്തുന്ന ഗന്ധകം വർഷിപ്പിച്ചു. 25 ഇപ്രകാരം അവിടന്ന് ആ സമഭൂമിയെ നിശ്ശേഷമായി—ആ നഗരങ്ങളെയും അവയിൽ താമസിച്ചിരുന്ന സകലരെയും ദേശത്തെ സസ്യാദികളെയും നശിപ്പിച്ചുകളഞ്ഞു. 26 എന്നാൽ, ലോത്തിന്റെ ഭാര്യ അവന്റെ പിറകെ ഓടുന്നതിനിടയിൽ പിറകോട്ടു നോക്കി, അവൾ ഉപ്പുതൂണായിത്തീർന്നു. 27 പിറ്റേന്ന് അതിരാവിലെ അബ്രാഹാം എഴുന്നേറ്റ്, താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു. 28 അദ്ദേഹം സൊദോമിനും ഗൊമോറായ്ക്കും സമഭൂമിയിലെ സകലപ്രദേശങ്ങൾക്കും നേരേ നോക്കി, തീച്ചൂളയിൽനിന്നെന്നപോലെ ആ ദേശത്തുനിന്നു പുക ഉയരുന്നതു കണ്ടു. 29 ഇങ്ങനെ ദൈവം സമഭൂമിയിലെ നഗരങ്ങളെ നശിപ്പിച്ചപ്പോൾ, അബ്രാഹാമിനെ ഓർത്തു. ലോത്തു ജീവിച്ചിരുന്ന നഗരങ്ങളെ നശിപ്പിച്ചപ്പോൾ അവിടന്ന് ആ മഹാവിപത്തിൽനിന്നും ലോത്തിനെ രക്ഷിച്ചു. 30 ലോത്തും അദ്ദേഹത്തിന്റെ രണ്ടു പുത്രിമാരും സോവാർ വിട്ട് പർവതത്തിൽച്ചെന്നു താമസം ഉറപ്പിച്ചു; സോവാരിൽ താമസിക്കാൻ അയാൾക്കു ഭയമായിരുന്നു. ലോത്തും രണ്ടു പുത്രിമാരും ഒരു ഗുഹയിൽ താമസിച്ചു. 31 ഒരു ദിവസം, മൂത്തമകൾ ഇളയവളോട്, “നമ്മുടെ അപ്പൻ വൃദ്ധനാണ്, നാട്ടുനടപ്പനുസരിച്ച് നമ്മുടെ അടുക്കൽ വരാൻ ദേശത്തെങ്ങും ഒരു പുരുഷനുമില്ല. 32 അതിനാൽ വരിക. നമുക്ക് അപ്പനെ വീഞ്ഞുകുടിപ്പിച്ച് അദ്ദേഹത്തോടൊപ്പം കിടക്കപങ്കിടാം, അങ്ങനെ പിതാവിന്റെ വംശപരമ്പര നിലനിർത്താം” എന്നു പറഞ്ഞു. 33 അന്നുരാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു. മൂത്തമകൾ അകത്തുചെന്ന് അയാളോടുകൂടെ കിടക്കപങ്കിട്ടു. അവൾ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അയാൾ അറിഞ്ഞില്ല. 34 അടുത്തദിവസം മൂത്തമകൾ ഇളയവളോട്: “കഴിഞ്ഞരാത്രി ഞാൻ അപ്പന്റെകൂടെ കിടന്നു; ഈ രാത്രിയും നമുക്ക് അദ്ദേഹത്തെ വീഞ്ഞുകുടിപ്പിക്കാം, പിന്നെ നീ ചെന്ന് അദ്ദേഹത്തോടുകൂടെ കിടക്കുക, അങ്ങനെ നമുക്ക് അപ്പനിലൂടെ വംശപരമ്പര നിലനിർത്താം” എന്നു പറഞ്ഞു. 35 അങ്ങനെ അവർ ആ രാത്രിയിലും അപ്പനെ വീഞ്ഞു കുടിപ്പിച്ചിട്ട് ഇളയവൾ ചെന്ന് അയാളുടെകൂടെ കിടന്നു. അവൾ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അയാൾ അറിഞ്ഞില്ല. 36 ലോത്തിന്റെ പുത്രിമാർ ഇരുവരും ഈ വിധത്തിൽ തങ്ങളുടെ പിതാവിനാൽ ഗർഭവതികളായിത്തീർന്നു. 37 മൂത്തമകൾക്ക് ഒരു മകൻ ജനിച്ചു; അവൾ അവന് മോവാബ് എന്നു പേരിട്ടു. അവനത്രേ ഇന്നത്തെ മോവാബ്യരുടെ പിതാവ്. 38 ഇളയമകൾക്കും ഒരു മകൻ ഉണ്ടായി. അവൾ അവന് ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യരുടെ പിതാവ്.