Jeremiah 38 (BOMCV)
1 യിരെമ്യാവ് സകലജനത്തോടും പ്രസ്താവിച്ച വചനങ്ങൾ മത്ഥാന്റെ മകൻ ശെഫത്യാവും പശ്ഹൂരിന്റെ മകൻ ഗെദല്യാവും ശെലെമ്യാവിന്റെ മകൻ യെഹൂഖലും മൽക്കീയാവിന്റെ മകൻ പശ്ഹൂരും കേട്ടു. ഇപ്രകാരമായിരുന്നു അദ്ദേഹം സംസാരിച്ചത്: 2 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ നഗരത്തിൽ പാർക്കുന്നവർ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും. എന്നാൽ ബാബേല്യരുടെ അടുക്കലേക്കു പോകുന്നവർ ജീവിക്കും. അവരുടെ ജീവൻ അവർക്കു കൊള്ളകിട്ടിയതുപോലെ ആയിരിക്കും; അവൻ ജീവനോടെയിരിക്കും.’ 3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ പട്ടണം തീർച്ചയായും ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും; രാജാവ് അതിനെ പിടിച്ചടക്കും.’ ” 4 അപ്പോൾ ആ പ്രഭുക്കന്മാർ രാജാവിനോടു പറഞ്ഞു: “ഈ മനുഷ്യൻ പറയുന്ന കാര്യങ്ങൾ നഗരത്തിൽ ശേഷിച്ചിരിക്കുന്ന സൈന്യത്തെയും അതുപോലെതന്നെ സകലജനത്തെയും നിരുത്സാഹപ്പെടുത്തുന്നതാണ്. അതുകൊണ്ട് ഇയാളെ കൊന്നുകളയണം. ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല, അവരുടെ നാശമാണ് ആഗ്രഹിക്കുന്നത്.” 5 അതിനാൽ സിദെക്കീയാരാജാവ് ഇപ്രകാരം കൽപ്പിച്ചു: “ഇതാ, അയാൾ നിങ്ങളുടെ കൈയിൽ ഇരിക്കുന്നു. നിങ്ങൾക്കെതിരായി രാജാവിന് ഒന്നും ചെയ്യാൻ കഴിയുകയില്ല.” 6 അങ്ങനെ അവർ യിരെമ്യാവിനെ പിടിച്ചുകൊണ്ടുപോയി കാവൽപ്പുരമുറ്റത്ത് രാജകുമാരനായ മൽക്കീയാവിന്റെ ജലസംഭരണിയിൽ ഇട്ടു. അവർ കയർകൊണ്ട് യിരെമ്യാവിനെ താഴേക്കിറക്കി. അതിൽ ചെളിയല്ലാതെ വെള്ളം ഉണ്ടായിരുന്നില്ല, അങ്ങനെ യിരെമ്യാവ് ചെളിയിൽ താണു. 7 എന്നാൽ രാജകൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന കൂശ്യനായ ഏബെദ്-മെലെക്ക്, അവർ യിരെമ്യാവിനെ ഒരു ജലസംഭരണിയിലിട്ട വാർത്ത കേട്ടു. അപ്പോൾ രാജാവ് ബെന്യാമീൻകവാടത്തിൽ ഇരിക്കുകയായിരുന്നു. 8 ഏബെദ്-മെലെക്ക് രാജകൊട്ടാരത്തിൽനിന്ന് ഇറങ്ങിച്ചെന്ന് രാജാവിനോട് ഇപ്രകാരം സംസാരിച്ചു: 9 “യജമാനനായ രാജാവേ, ഈ പുരുഷന്മാർ യിരെമ്യാപ്രവാചകനോടു ചെയ്തതെല്ലാം ദുഷ്ടതയാണ്. അവർ അദ്ദേഹത്തെ ആ ജലസംഭരണിയിൽ ഇട്ടുകളഞ്ഞല്ലോ. നഗരത്തിൽ ആഹാരമില്ലായ്കയാൽ അദ്ദേഹം അവിടെക്കിടന്ന് പട്ടിണികൊണ്ടു മരിച്ചുപോകും.” 10 അപ്പോൾ രാജാവ് കൂശ്യനായ ഏബെദ്-മെലെക്കിനോട് ഇപ്രകാരം കൽപ്പിച്ചു: “ഇവിടെനിന്നു നിന്റെ അധികാരത്തിൻ കീഴിലുള്ള മുപ്പതുപേരെ നിന്നോടൊപ്പം കൂട്ടിക്കൊണ്ടുപോയി യിരെമ്യാപ്രവാചകൻ മരിക്കുന്നതിനുമുമ്പ് അദ്ദേഹത്തെ ജലസംഭരണിയിൽനിന്ന് കയറ്റുക.” 11 അങ്ങനെ ഏബെദ്-മെലെക്ക് അദ്ദേഹത്തിന്റെ അധികാരത്തിൻ കീഴിലുള്ള മുപ്പത് ആളുകളെ കൂട്ടിക്കൊണ്ട് കൊട്ടാരത്തിൽ ഭണ്ഡാരമുറിക്കുകീഴേയുള്ള ഒരു സ്ഥലത്തുചെന്ന് അവിടെനിന്നു പഴയ തുണിയും കീറിയ തുണിക്കഷണങ്ങളും ശേഖരിച്ച് അവ കയറിൽ കെട്ടി ജലസംഭരണിൽ യിരെമ്യാവിന്റെ അടുക്കലേക്ക് ഇറക്കിക്കൊടുത്തു. 12 കൂശ്യനായ ഏബെദ്-മെലെക്ക് യിരെമ്യാവിനോട്: “ഈ പഴയ തുണിയും കീറിയ തുണിക്കഷണങ്ങളും കയറിനുകീഴേ നിന്റെ കക്ഷത്തിൽ വെക്കുക” എന്നു പറഞ്ഞു. 13 അങ്ങനെ അവർ യിരെമ്യാവിനെ കയറുകൊണ്ടു ജലസംഭരണിയിൽനിന്നു വലിച്ചുകയറ്റി. അതിനുശേഷം യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു. 14 അതിനുശേഷം സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനദ്വാരത്തിൽ തന്റെ അടുക്കൽ വരുത്തി. “ഞാൻ ഒരു കാര്യം താങ്കളോടു ചോദിക്കുകയാണ്. എന്നിൽനിന്ന് ഒന്നും മറച്ചുവെക്കരുത്,” എന്നു രാജാവ് യിരെമ്യാവിനോട് കൽപ്പിച്ചു. 15 അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട്: “ഞാൻ പറഞ്ഞാൽ അങ്ങ് എന്നെ കൊല്ലുകയില്ലേ? ഞാൻ അങ്ങയെ ഉപദേശിച്ചാൽ അങ്ങ് അതു കേൾക്കുകയുമില്ല” എന്നു പറഞ്ഞു. 16 എന്നാൽ സിദെക്കീയാരാജാവ് രഹസ്യത്തിൽ യിരെമ്യാവിനോട് ഇപ്രകാരം ശപഥംചെയ്തുപറഞ്ഞു: “ഈ ജീവൻ നമുക്കു തന്ന ജീവിക്കുന്ന യഹോവയാണെ, ഞാൻ തീർച്ചയായും താങ്കളെ കൊല്ലുകയോ താങ്കൾക്കു ജീവഹാനി വരുത്താൻ ശ്രമിക്കുന്ന ആളുകളുടെ കൈയിൽ താങ്കളെ ഏൽപ്പിക്കുകയോ ഇല്ല.” 17 അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട് പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘അങ്ങ് കീഴടങ്ങി ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കലേക്കു ചെല്ലുന്നെങ്കിൽ അങ്ങ് ജീവിച്ചിരിക്കും; ഈ നഗരം അഗ്നിക്കിരയായി നശിപ്പിക്കപ്പെടുകയുമില്ല; അങ്ങും അങ്ങയുടെ കുടുംബവും ജീവനോടെ ശേഷിക്കുകയും ചെയ്യും. 18 എന്നാൽ അങ്ങ് ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലുന്നില്ലെങ്കിൽ ഈ നഗരം ബാബേല്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും. അവർ ഇതു തീവെച്ചു ചുട്ടുകളയും; അങ്ങുതന്നെയും അവരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയുമില്ല.’ ” 19 അപ്പോൾ സിദെക്കീയാരാജാവ് യിരെമ്യാവിനോട്: “ബാബേല്യരുടെ പക്ഷംചേർന്നിരിക്കുന്ന യെഹൂദ്യരെ ഞാൻ ഭയപ്പെടുന്നു, കാരണം ബാബേല്യർ എന്നെ അവരുടെപക്കൽ ഏൽപ്പിക്കുകയും അവർ എന്നെ അപമാനിക്കുകയും ചെയ്യും” എന്നു പറഞ്ഞു. 20 യിരെമ്യാവു മറുപടി പറഞ്ഞത്: “അവർ അങ്ങയെ അവരുടെ കൈയിൽ ഏൽപ്പിക്കുകയില്ല. അങ്ങേക്കു നന്മയുണ്ടാകാനും അങ്ങു ജീവിച്ചിരിക്കുന്നതിനും ഞാൻ അങ്ങയോടു പറയുന്ന കാര്യത്തിൽ യഹോവയെ അനുസരിച്ചാലും. 21 എന്നാൽ അങ്ങു കീഴടങ്ങാൻ വിസമ്മതിക്കുന്നെങ്കിലോ, യഹോവ ഇപ്രകാരമാണ് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നത്: 22 ഇതാ, യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽ ശേഷിച്ചിട്ടുള്ള സകലസ്ത്രീകളും ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെമുമ്പിലേക്ക് ആനയിക്കപ്പെടും. ആ സ്ത്രീകൾ അങ്ങയോട് ഇപ്രകാരം പറയും:“ ‘അങ്ങയുടെ വിശ്വസ്ത സ്നേഹിതന്മാർഅങ്ങയെ തെറ്റിദ്ധരിപ്പിച്ച് വശത്താക്കി.അങ്ങയുടെ കാൽ ചെളിയിൽ താണുപോയപ്പോൾഅവർ അങ്ങയെ ഉപേക്ഷിച്ചുകളഞ്ഞു.’ 23 “അവർ അങ്ങയുടെ എല്ലാ ഭാര്യമാരെയും പുത്രന്മാരെയും ബാബേല്യരുടെ അടുക്കലേക്കു കൊണ്ടുപോകും. അങ്ങുതന്നെയും അവരുടെ കൈയിൽനിന്ന് രക്ഷപ്പെടാതെ ബാബേൽരാജാവിന്റെ കൈയിൽ അകപ്പെടും. ഈ പട്ടണം ചുട്ടെരിക്കപ്പെടുകയും ചെയ്യും.” 24 അപ്പോൾ സിദെക്കീയാവ് യിരെമ്യാവിനോടു പറഞ്ഞു: “ഈ സംഭാഷണം ഒരാളും അറിയരുത്. അറിഞ്ഞാൽ താങ്കൾ മരിച്ചിരിക്കും. 25 എന്നാൽ ഞാൻ താങ്കളോടു സംസാരിച്ചെന്നും താങ്കളുടെ അടുക്കൽ വന്നെന്നും പ്രഭുക്കന്മാർ അറിഞ്ഞിട്ട്, അവർ താങ്കളുടെ അടുക്കൽവന്ന്, ‘താങ്കൾ രാജാവിനോട് എന്താണു സംസാരിച്ചത്? രാജാവ് താങ്കളോട് എന്തു പറഞ്ഞു? ഞങ്ങൾക്ക് അതു മറയ്ക്കരുത്; അല്ലായെങ്കിൽ ഞങ്ങൾ താങ്കളെ വധിക്കും’ എന്നു പറയുന്നെങ്കിൽ 26 താങ്കൾ അവരോട്: ‘യോനാഥാന്റെ ഭവനത്തിൽവെച്ചു മരിക്കേണ്ടതിന് അവിടേക്കു മടങ്ങാൻ എന്നെ അനുവദിക്കരുത് എന്നിങ്ങനെ ഞാൻ രാജാവിന്റെ തിരുമുമ്പിൽ എന്റെ അപേക്ഷ സമർപ്പിക്കുകയായിരുന്നു’ എന്നു പറഞ്ഞുകൊള്ളണം.” 27 അതിനുശേഷം പ്രഭുക്കന്മാരെല്ലാവരും യിരെമ്യാവിന്റെ അടുക്കൽവന്ന് അദ്ദേഹത്തെ ചോദ്യംചെയ്തു. അതിനാൽ രാജാവു കൽപ്പിച്ച ഈ വാക്കുകളെല്ലാം അദ്ദേഹം അവരോടു പറഞ്ഞു. അങ്ങനെ അവർ അദ്ദേഹത്തോടു സംസാരിക്കുന്നതു മതിയാക്കി. രാജാവുമായി നടത്തിയ സംഭാഷണം ആരും കേട്ടിരുന്നതുമില്ല. 28 അങ്ങനെ ജെറുശലേം പിടിക്കപ്പെടുന്നതുവരെയും യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.ജെറുശലേം കീഴടക്കപ്പെട്ടത് ഇപ്രകാരമായിരുന്നു: