Leviticus 26 (BOMCV)
1 “ ‘നിങ്ങൾക്കായി വിഗ്രഹങ്ങൾ ഉണ്ടാക്കുകയോ ഒരു ബിംബമോ ആചാരസ്തൂപമോ സ്ഥാപിക്കുകയോ ചെയ്യരുത്. അതിന്റെ മുമ്പിൽ വണങ്ങാനായി നിങ്ങളുടെ ദേശത്തു കൊത്തിയ കല്ലു നാട്ടുകയും ചെയ്യരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 2 “ ‘എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം. ഞാൻ യഹോവ ആകുന്നു. 3 “ ‘എന്റെ ഉത്തരവുകൾ നിങ്ങൾ പാലിക്കയും എന്റെ കൽപ്പനകൾ സസൂക്ഷ്മം അനുസരിക്കയും ചെയ്യുമെങ്കിൽ, 4 തക്കസമയത്തു ഞാൻ മഴ അയയ്ക്കും; ഭൂമി അതിന്റെ വിളവും വൃക്ഷം അവയുടെ ഫലവും തരും. 5 നിങ്ങളുടെ കറ്റമെതിക്കുന്ന കാലം മുന്തിരിപ്പഴം ശേഖരിക്കുന്ന കാലംവരെയും മുന്തിരിപ്പഴം ശേഖരിക്കുന്നത് വിതയ്ക്കുന്ന കാലംവരെയും തുടരും. നിങ്ങൾക്കു വേണ്ടുംപോലെ ഭക്ഷിച്ചു സുരക്ഷിതരായി നിങ്ങളുടെ ദേശത്തുപാർക്കും. 6 “ ‘ഞാൻ ദേശത്തു സമാധാനം തരും. നിങ്ങൾ കിടന്നുറങ്ങും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല. ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും. വാൾ നിങ്ങളുടെ ദേശത്തുകൂടെ കടക്കുകയില്ല. 7 നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ തുരത്തും. അവർ നിങ്ങളുടെമുമ്പിൽ വാളിനാൽ വീഴും. 8 നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും. നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും. നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെമുമ്പിൽ വാളിനാൽ വീഴും. 9 “ ‘ഞാൻ നിങ്ങളെ കടാക്ഷിച്ച് സന്താനപുഷ്ടിയുള്ളവരാക്കി എണ്ണത്തിൽ പെരുകുമാറാക്കും; നിങ്ങളോടുള്ള എന്റെ ഉടമ്പടി ഞാൻ പാലിക്കും. 10 നിങ്ങൾ പഴയ ധാന്യശേഖരത്തിൽനിന്നു ഭക്ഷിക്കുകയും പുതിയവയ്ക്കുവേണ്ടി പഴയത് മാറ്റിക്കളയുകയും ചെയ്യും. 11 ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിലാക്കും. ഞാൻ നിങ്ങളെ വെറുക്കുകയില്ല. 12 ഞാൻ നിങ്ങളുടെ ഇടയിൽ നടക്കുകയും നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യും, നിങ്ങൾ എന്റെ ജനമായിരിക്കും. 13 നിങ്ങൾ ഇനിയും ഈജിപ്റ്റുകാരുടെ അടിമകളാകാതിരിക്കാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറത്തുകൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു ഞാൻ. നിങ്ങൾ തലയുയർത്തി നിവർന്നു നടക്കേണ്ടതിന് ഞാൻ നിങ്ങളുടെ അടിമത്തത്തിന്റെ നുകക്കൈകൾ ഒടിച്ചുകളഞ്ഞു. 14 “ ‘എന്നാൽ നിങ്ങൾ എന്റെ വാക്കു കേൾക്കാതെയും ഈ കൽപ്പനകളെല്ലാം പ്രമാണിക്കാതെയും 15 എന്റെ ഉത്തരവുകൾ തള്ളിക്കളയുകയും എന്റെ നിയമങ്ങൾ വെറുക്കുകയുംചെയ്ത് എന്റെ കൽപ്പനകളെല്ലാം പ്രമാണിക്കാതെ എന്റെ ഉടമ്പടി ലംഘിച്ചാൽ, 16 ഇപ്രകാരം ഞാൻ നിങ്ങളോടു ചെയ്യും: നിങ്ങളുടെ കാഴ്ച നശിപ്പിക്കുകയും ആരോഗ്യം ഇല്ലാതാക്കുകയും ചെയ്യുന്ന, പെട്ടെന്നുള്ള ഉഗ്രഭയം, മഹാവ്യാധി, ജ്വരം എന്നിവ ഞാൻ നിങ്ങളുടെമേൽ വരുത്തും. നിങ്ങൾ വെറുതേ വിത്തു വിതയ്ക്കും, അതു നിങ്ങളുടെ ശത്രുക്കൾ തിന്നുകളയും. 17 നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ തോൽപ്പിക്കത്തക്കവിധം എന്റെ മുഖം നിങ്ങൾക്കു വിരോധമാക്കും; നിങ്ങളെ പകയ്ക്കുന്നവർ നിങ്ങളെ ഭരിക്കും; ആരും ഓടിക്കാതെതന്നെ നിങ്ങൾ ഓടിപ്പോകും. 18 “ ‘ഇതിനെല്ലാം ശേഷവും നിങ്ങൾ എന്റെ വാക്കു കേൾക്കുന്നില്ലെങ്കിൽ, ഞാൻ നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും. 19 നിങ്ങളുടെ ദുശ്ശാഠ്യമുള്ള ഗർവ് ഞാൻ തകർക്കും; നിങ്ങൾക്കുമീതേയുള്ള ആകാശത്തെ ഇരുമ്പുപോലെയും കീഴേയുള്ള ഭൂമിയെ വെള്ളോടുപോലെയും ആക്കും. 20 നിങ്ങളുടെ ശക്തി ഞാൻ നിഷ്ഫലമാക്കും; കാരണം നിങ്ങളുടെ മണ്ണു വിളവു തരികയില്ല, ദേശത്തിലെ വൃക്ഷങ്ങൾ അവയുടെ ഫലം തരികയുമില്ല. 21 “ ‘നിങ്ങൾ എനിക്കു വിരോധമായി നടന്ന് എന്റെ വാക്കു കേൾക്കാതിരുന്നാൽ, നിങ്ങളുടെ പാപങ്ങൾക്കു തക്കവിധം നിങ്ങളുടെ ബാധകളെ ഞാൻ ഏഴിരട്ടിയാക്കും. 22 ഞാൻ നിങ്ങൾക്കു വിരോധമായി വന്യമൃഗങ്ങളെ അയയ്ക്കും. അവ നിങ്ങളെ കുഞ്ഞുങ്ങളില്ലാത്തവരാക്കും; നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കും; നിങ്ങളുടെ നിരത്തുകൾ വിജനമാകത്തക്കവിധം നിങ്ങളെ എണ്ണത്തിൽ കുറയ്ക്കും. 23 “ ‘ഇവയെല്ലാറ്റിനുശേഷവും നിങ്ങൾ എന്റെ ശിക്ഷണം സ്വീകരിക്കാതെ എന്നോടു വിരോധമായിരിക്കുന്നെങ്കിൽ, 24 ഞാനും നിങ്ങളോടു വിരോധമായിരുന്ന് നിങ്ങളുടെ പാപങ്ങൾക്കു തക്കവണ്ണം നിങ്ങളെ ഏഴുമടങ്ങു പീഡിപ്പിക്കും. 25 എന്റെ ഉടമ്പടി ലംഘിച്ചതിനു പ്രതികാരംചെയ്യാൻ, ഞാൻ നിങ്ങളുടെമേൽ വാൾ വരുത്തും. നിങ്ങൾ നിങ്ങളുടെ നഗരങ്ങളിലേക്കു പിൻവാങ്ങുമ്പോൾ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ബാധ അയയ്ക്കും. നിങ്ങളെ ശത്രുവിന്റെ കൈയിൽ ഏൽപ്പിക്കുകയും ചെയ്യും. 26 ഞാൻ നിങ്ങളുടെ അപ്പത്തിന്റെ അളവു കുറയ്ക്കുമ്പോൾ പത്തു സ്ത്രീകൾ ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുടും. അവർ അൽപ്പാൽപ്പം അപ്പം തൂക്കിത്തരും. നിങ്ങൾ തിന്നും, എന്നാൽ നിങ്ങൾക്കു തൃപ്തിയാകുകയില്ല. 27 “ ‘ഇതെല്ലാമായിട്ടും നിങ്ങൾ എന്റെ വാക്കു കേൾക്കാതെ എന്നോടു വിരോധമായിരുന്നാൽ, 28 ഞാനും എന്റെ കോപത്തിൽ നിങ്ങൾക്കു വിരോധമായിരിക്കും. നിങ്ങളുടെ പാപങ്ങൾനിമിത്തം ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും. 29 നിങ്ങളുടെ പുത്രന്മാരുടെ മാംസവും നിങ്ങളുടെ പുത്രിമാരുടെ മാംസവും നിങ്ങൾ തിന്നും. 30 നിങ്ങൾ യാഗമർപ്പിക്കുന്ന ക്ഷേത്രങ്ങൾ ഞാൻ നശിപ്പിക്കും. ധൂപപീഠങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ ശവശരീരങ്ങൾ നിങ്ങളുടെ നിർജീവ വിഗ്രഹങ്ങളുടെമേൽ കൂമ്പാരമാക്കുകയും ചെയ്യും; ഞാൻ നിങ്ങളെ കഠിനമായി വെറുക്കും. 31 ഞാൻ നിങ്ങളുടെ നഗരങ്ങളെ പാഴിടങ്ങളും നിങ്ങളുടെ വിശുദ്ധമന്ദിരത്തെ ശൂന്യവുമാക്കും. നിങ്ങളുടെ യാഗങ്ങളിലെ ഹൃദ്യസുഗന്ധത്തിൽ ഞാൻ പ്രസാദിക്കുകയില്ല. 32 അവിടെ ജീവിക്കുന്ന നിങ്ങളുടെ ശത്രുക്കൾ ആശ്ചര്യപ്പെടത്തക്കവിധം ഞാൻതന്നെ നിങ്ങളുടെ ദേശത്തെ ശൂന്യമാക്കും. 33 ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽ ചിതറിക്കുകയും എന്റെ വാളൂരി നിങ്ങളെ തുരത്തുകയും ചെയ്യും. നിങ്ങളുടെ ദേശം ശൂന്യമായിക്കിടക്കും. നിങ്ങളുടെ നഗരങ്ങൾ പാഴിടങ്ങളായിത്തീരും. 34 നിങ്ങളുടെ ദേശം നിർജനമായിക്കിടക്കുകയും നിങ്ങൾ നിങ്ങളുടെ ശത്രുരാജ്യത്തിന്റേതായിരിക്കുകയും ചെയ്യുന്ന കാലമൊക്കെയും ദേശം അതിനു ലഭിക്കാതിരുന്ന ശബ്ബത്തുവർഷങ്ങൾ ആസ്വദിക്കും; അപ്പോൾ ദേശം വിശ്രമിച്ച് അതിന്റെ ശബ്ബത്ത് ആസ്വദിക്കും. 35 നിങ്ങൾ അതിൽ താമസിച്ചിരുന്നകാലത്ത് നിങ്ങളുടെ ശബ്ബത്തുകളിൽ അതിനില്ലാതിരുന്ന വിശ്രമം അതു നിർജനമായിക്കിടക്കുന്ന കാലമൊക്കെയും അതിനുണ്ടാകും. 36 “ ‘നിങ്ങളിൽ ശേഷിക്കുന്നവരുടെ ഹൃദയങ്ങളിൽ ശത്രുരാജ്യത്തിൽവെച്ച് ഞാൻ ഭീതിവരുത്തും; കാറ്റിൽ പറക്കുന്ന ഇലയുടെ ശബ്ദം കേൾക്കുമ്പോൾ ആരും അവരെ പിൻതുടരുന്നില്ലെങ്കിലും വാളിൽനിന്ന് ഒഴിഞ്ഞ് ഓടുന്നവരെപ്പോലെ അവർ ഓടുകയും വീഴുകയും ചെയ്യും. 37 ആരും അവരെ പിൻതുടരുന്നില്ലെങ്കിലും അവർ വാളിൽനിന്ന് ഓടുന്നവരെപ്പോലെ ഓടി ഒരാൾ മറ്റൊരാളുടെമേൽ തട്ടിവീഴും. ശത്രുക്കളുടെമുമ്പിൽ നിൽക്കാനുള്ള ശക്തി നിങ്ങൾക്കു ഉണ്ടാകുകയില്ല. 38 ജനതകളുടെ ഇടയിൽ നിങ്ങൾ നശിക്കും, നിങ്ങളുടെ ശത്രുക്കളുടെ ദേശം നിങ്ങളെ വിഴുങ്ങിക്കളയും. 39 നിങ്ങളിൽ ശേഷിച്ചവർ ശത്രുക്കളുടെ ദേശത്ത് തങ്ങളുടെ പാപംനിമിത്തം ക്ഷയിച്ചുപോകും; അവരുടെ പിതാക്കന്മാരുടെ പാപംനിമിത്തവും അവർ ക്ഷയിച്ചുപോകും. 40 40-41 “ ‘എന്നാൽ അവർ, ഞാൻ അവരെ അവരുടെ ശത്രുക്കളുടെ രാജ്യത്തേക്ക് അയയ്ക്കത്തക്കവിധം എന്നെ അവർക്കു ശത്രുവാക്കിയ, അവരുടെ പാപങ്ങളെയും അവരുടെ പിതാക്കന്മാരുടെ പാപങ്ങളെയും—എനിക്കു വിരോധമായുള്ള അവരുടെ ദ്രോഹങ്ങളെയും എന്നോടുള്ള അവരുടെ വിരോധത്തെയും—ഏറ്റുപറയുമെങ്കിൽ, അവരുടെ പരിച്ഛേദനമില്ലാത്ത ഹൃദയങ്ങൾ താഴ്ത്തുകയും അവരുടെ പാപത്തിനുള്ള ശിക്ഷ അനുഭവിക്കുകയും ചെയ്യുമ്പോൾ, 42 ഞാൻ യാക്കോബിനോടുള്ള എന്റെ ഉടമ്പടിയും യിസ്ഹാക്കിനോടുള്ള എന്റെ ഉടമ്പടിയും അബ്രാഹാമിനോടുള്ള എന്റെ ഉടമ്പടിയും ഓർക്കും; ഞാൻ ദേശത്തെ ഓർക്കും. 43 ദേശം അവരാൽ പരിത്യജിക്കപ്പെട്ടിട്ട്, അത് അവരെക്കൂടാതെ വിജനമായിക്കിടന്നു ശബ്ബത്ത് അനുഭവിക്കും. എന്റെ നിയമങ്ങളെ തള്ളിക്കളയുകയും എന്റെ ഉത്തരവുകളെ വെറുക്കുകയും ചെയ്തതുകൊണ്ട് അവർ അവരുടെ പാപങ്ങളുടെ ശിക്ഷ അനുഭവിക്കണം. 44 ഇങ്ങനെയൊക്കെയാണെങ്കിലും അവർ അവരുടെ ശത്രുക്കളുടെ ദേശത്തായിരിക്കുമ്പോൾ ഞാൻ എന്റെ ഉടമ്പടിയും ലംഘിച്ചുകൊണ്ട്, അവരെ പൂർണമായി നശിപ്പിക്കത്തക്കവിധം അവരെ തള്ളിക്കളയുകയോ കഠിനമായി വെറുക്കുകയോ ചെയ്യുകയില്ല. ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു. 45 എന്നാൽ, ഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിനു ജനതകൾ കാൺകെ അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന അവരുടെ പൂർവികന്മാരുമായുള്ള എന്റെ ഉടമ്പടി, ഞാൻ അവർക്കുവേണ്ടി ഓർക്കും. ഞാൻ യഹോവ ആകുന്നു.’ ” 46 യഹോവ സീനായിപർവതത്തിൽ തനിക്കും ഇസ്രായേല്യർക്കുംതമ്മിൽ മോശമുഖാന്തരം സ്ഥാപിച്ച ഉടമ്പടിയുടെ ഉത്തരവുകളും നിയമങ്ങളും പ്രമാണങ്ങളും ഇവയാണ്.