Job 18 (IRVM2)
1 അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്: 2 “നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും?ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്ക് സംസാരിക്കാം. 3 ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതുംഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്? 4 കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ,നിന്റെനിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ?പാറ അതിന്റെ സ്ഥലം വിട്ടുമാറണമോ? 5 ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും;അവന്റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല. 6 അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും;അവന്റെ ദീപം കെട്ടുപോകും. 7 അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും;അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും. 8 അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും;അവൻ ചതിക്കുഴിക്കുമീതെ നടക്കും. 9 കെണി അവന്റെ കുതികാലിന് പിടിക്കും;അവൻ കുടുക്കിൽ അകപ്പെടും. 10 അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും;അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും. 11 ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും;അവന്റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും. 12 അവന്റെ അനൎത്ഥം വിശന്നിരിക്കുന്നു;വിപത്ത് അവന്റെ അരികിൽ ഒരുങ്ങി നില്ക്കുന്നു. 13 അത് അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും;മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും. 14 അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും;ഭീകരതയുടെ രാജാവിന്റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും. 15 അവന് ആരുമല്ലാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും;അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും. 16 അടിയിൽ അവന്റെ വേര് ഉണങ്ങിപ്പോകും;മീതെ അവന്റെ കൊമ്പ് വാടിപ്പോകും. 17 അവന്റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും;തെരുവീഥിയിൽ അവന്റെ പേര് ഇല്ലാതാകും. 18 അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും;ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും. 19 സ്വജനത്തിന്റെ ഇടയിൽ അവന് പുത്രനോ പൌത്രനോ ഇല്ലാതെയിരിക്കും;അവന്റെ പാർപ്പിടം അന്യം നിന്നുപോകും. 20 അവന്റെ നാശത്തിനു മുമ്പ് വസിച്ചിരുന്നവര്‍ അവന്റെ ദിവസം കണ്ട് വിസ്മയിക്കും;അവന്റെ നാശത്തിനു ശേഷം വസിച്ചിരുന്നവര്‍ അമ്പരന്ന് പോകും. 21 നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു.ദൈവത്തെ അറിയാത്തവന്റെ സ്ഥലം ഇങ്ങനെതന്നെ”.