Psalms 138 (IRVM2)
undefined ദാവീദിന്റെ ഒരു സങ്കീർത്തനം. 1 ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും;ദേവന്മാരുടെ മുമ്പാകെ ഞാൻ അങ്ങയെ കീർത്തിക്കും. 2 ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ച്,അങ്ങയുടെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും;അങ്ങയുടെ നാമവും അങ്ങയുടെ കല്പനകളും അത്യുന്നതമായിരിക്കുന്നതായി അങ്ങ് തെളിയിച്ചിരിക്കുന്നു. 3 ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് എനിക്ക് ഉത്തരം അരുളി;എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു. 4 യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരുംഅങ്ങയുടെ വായിലെ വചനങ്ങൾ കേട്ടിട്ട് നിനക്ക് സ്തോത്രം ചെയ്യും. 5 അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും;യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ. 6 യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു;ഗർവ്വിഷ്ഠനെ അവൻ ദൂരത്തുനിന്ന് അറിയുന്നു. 7 ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും അങ്ങ് എന്നെ സൂക്ഷിക്കും;എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ അങ്ങ് കൈ നീട്ടും;അങ്ങയുടെ വലങ്കൈ എന്നെ രക്ഷിക്കും. 8 യഹോവ എന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പൂർത്തികരിക്കും;യഹോവേ, അങ്ങയുടെ ദയ എന്നേക്കുമുള്ളത്;തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.