Psalms 50 (IRVM2)
undefined ആസാഫിന്റെ ഒരു സങ്കീർത്തനം. 1 സർവ്വശക്തനായ ദൈവം, യഹോവയായ ദൈവം തന്നെ, തന്റെ വാക്കിനാൽ,സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു. 2 സൗന്ദര്യത്തിന്റെ പൂർണ്ണതയായസീയോനിൽനിന്ന് ദൈവം പ്രകാശിക്കുന്നു. 3 നമ്മുടെ ദൈവം വരുന്നു; നിശ്ശബ്ദനായിരിക്കുകയില്ല;ദൈവത്തിന്റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു;അവിടുത്തെ ചുറ്റും വലിയ കൊടുങ്കാറ്റടിക്കുന്നു. 4 തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്കർത്താവ് ഉയരത്തിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു. 5 യാഗം കഴിച്ച് എന്നോട് ഉടമ്പടി ചെയ്തവരായഎന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ. 6 ദൈവം തന്നെ ന്യായാധിപതി ആയിരിക്കുകയാൽആകാശം അവിടുത്തെ നീതിയെ ഘോഷിക്കും. സേലാ. 7 എന്റെ ജനമേ, കേൾക്കുക; ഞാൻ സംസാരിക്കും.യിസ്രായേലേ, ഞാൻ നിങ്ങൾക്കെതിരെ സാക്ഷ്യം പറയും:ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു. 8 നിന്റെ ഹനനയാഗങ്ങളെക്കുറിച്ച് ഞാൻ നിന്നെ ശാസിക്കുന്നില്ല;നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഉണ്ടല്ലോ. 9 നിന്റെ വീട്ടിൽനിന്ന് ഒരു കാളയെയോനിന്റെ തൊഴുത്തുകളിൽനിന്ന് ഒരു കോലാട്ടുകൊറ്റനെയോ ഞാൻ എടുക്കുകയില്ല. 10 കാട്ടിലെ സകലമൃഗങ്ങളുംആയിരം കുന്നുകളിലെ കന്നുകാലികളും എനിക്കുള്ളവയാകുന്നു. 11 മലകളിലെ പക്ഷികളെ എല്ലാം ഞാൻ അറിയുന്നു;വയലിലെ വന്യമൃഗങ്ങളും എനിക്കുള്ളവ തന്നെ. 12 എനിക്ക് വിശക്കുമ്പോൾ ഞാൻ നിന്നോട് പറയുകയില്ല;ലോകവും അതിലുള്ള സകലവും എന്റെയാകുന്നു. 13 ഞാൻ കാളകളുടെ മാംസം തിന്നുമോ?കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ? 14 ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുക;അത്യുന്നതനായ ദൈവത്തിന് നിന്റെ നേർച്ചകൾ കഴിക്കുക. 15 കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക;ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. 16 എന്നാൽ ദുഷ്ടനോട് ദൈവം അരുളിച്ചെയ്യുന്നത്:“എന്റെ ചട്ടങ്ങൾ അറിയിക്കുവാനും എന്റെ നിയമം നിന്റെ വായിൽ എടുക്കുവാനും നിനക്ക് എന്ത് കാര്യം? 17 നീ ശാസന വെറുത്ത്എന്റെ വചനങ്ങൾ നിന്റെ പിറകിൽ എറിഞ്ഞുകളയുന്നുവല്ലോ. 18 കള്ളനെ കണ്ടാൽ നീ അവന്റെ പക്ഷം ചേരുന്നു;വ്യഭിചാരികളോട് നീ കൂട്ട് കൂടുന്നു. 19 നിന്റെ വായ് നീ ദോഷത്തിന് വിട്ടുകൊടുക്കുന്നു;നിന്റെ നാവ് വഞ്ചനയ്ക്ക് രൂപം നൽകുന്നു. 20 നീ ഇരുന്ന് നിന്റെ സഹോദരന് വിരോധമായി സംസാരിക്കുന്നു;നിന്റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു. 21 ഇപ്രകാരം നീ ചെയ്യുകയും ഞാൻ മിണ്ടാതിരിക്കുകയും ചെയ്തപ്പോൾഞാനും നിന്നെപ്പോലെയുള്ളവനെന്ന് നീ വിചാരിച്ചു;എന്നാൽ ഞാൻ നിന്നെ ശാസിച്ച് നിന്റെ കണ്ണിന്റെ മുമ്പിൽ അവയെല്ലാം നിരത്തിവക്കും”. 22 ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊള്ളുവീൻ;അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിക്കുവാൻ ആരും ഉണ്ടാകുകയുമില്ല. 23 സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു;തന്റെ നടപ്പ് ക്രമപ്പെടുത്തുന്നവന് ഞാൻ ദൈവത്തിന്റെ രക്ഷ കാണിച്ചുകൊടുക്കും.