Ezekiel 22 (BOMCV)
1 പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ലഭിച്ചു: 2 “മനുഷ്യപുത്രാ, നീ അവളെ ന്യായംവിധിക്കുമോ? രക്തപാതകമുള്ള നഗരത്തെ നീ ന്യായംവിധിക്കുമോ? എങ്കിൽ അവളുടെ എല്ലാ മ്ലേച്ഛതകളും അവളെ അറിയിക്കുക. 3 നീ ഇപ്രകാരം പറയണം: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ നടുവിൽ രക്തം ചൊരിഞ്ഞും വിഗ്രഹങ്ങളുണ്ടാക്കി നിന്നെത്തന്നെ മ്ലേച്ഛയാക്കി സ്വന്തം വിനാശം നിന്റെമേൽ സ്വയം ക്ഷണിച്ചുവരുത്തുന്ന നഗരമേ, 4 നീ ചൊരിഞ്ഞ രക്തം മുഖേന നീ കുറ്റവാളിയായിരിക്കുന്നു; നീ നിർമിച്ച വിഗ്രഹങ്ങൾനിമിത്തം നീ മ്ലേച്ഛയായിരിക്കുന്നു. അങ്ങനെ നിന്റെ ദിവസം നീ സമീപസ്ഥമാക്കി; നിന്റെ അന്തിമവർഷങ്ങൾ വന്നെത്തിയിരിക്കുന്നു. തന്മൂലം ഞാൻ നിന്നെ ജനതകൾക്കു നിന്ദാവിഷയവും എല്ലാ രാജ്യങ്ങൾക്കും പരിഹാസവുമാക്കിയിരിക്കുന്നു. 5 കുപ്രസിദ്ധവും ക്ഷോഭംനിറഞ്ഞതുമായ പട്ടണമേ, നിന്റെ അടുത്തും അകലെയുമുള്ളവർ നിന്നെ പരിഹസിക്കും. 6 “ ‘നോക്കൂ, നിന്നിൽ വസിക്കുന്ന ഇസ്രായേൽ പ്രഭുക്കന്മാർ രക്തച്ചൊരിച്ചിലിനായി അവരുടെ ശക്തി ഉപയോഗിക്കുന്നത് കാണുക. 7 അവർ നിന്നിൽ വസിച്ചുകൊണ്ട് മാതാപിതാക്കളെ നിന്ദിക്കുന്നു; വിദേശികളെ പീഡിപ്പിക്കുന്നു; അനാഥരെയും വിധവമാരെയും ദ്രോഹിക്കുന്നു. 8 നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളെ നിന്ദിക്കുകയും എന്റെ ശബ്ബത്തിനെ അശുദ്ധമാക്കുകയും ചെയ്യുന്നു. 9 രക്തം ചൊരിയേണ്ടതിന് ഏഷണി പറയുന്നവർ നിന്നിലുണ്ട്; പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ച് നൈവേദ്യം ഭക്ഷിക്കുകയും ദുഷ്കർമം പ്രവർത്തിക്കുകയും ചെയ്യുന്നവർ നിന്റെ മധ്യേയുണ്ട്. 10 നിന്നിൽവെച്ച് അവർ തങ്ങളുടെ പിതാക്കന്മാരുടെ നഗ്നത അനാവൃതമാക്കുന്നു; നിന്നിൽവെച്ച് അവർ ഋതുമാലിന്യത്താൽ ആചാരപരമായി അശുദ്ധയായി കഴിയുന്ന സ്ത്രീയുടെ അടുക്കൽ ചെല്ലുന്നു. 11 ഒരുത്തൻ തന്റെ അയൽക്കാരന്റെ ഭാര്യയോടു മ്ലേച്ഛത പ്രവർത്തിക്കുന്നു; മറ്റൊരുവൻ തന്റെ മരുമകളുമായി ദുഷ്ടത പ്രവർത്തിച്ച് അവളെ മലിനയാക്കുന്നു. വേറൊരുവൻ തന്റെ പിതാവിന്റെ മകളായ സഹോദരിയെ അപമാനിക്കുന്നു. 12 നിന്നിൽവെച്ച് അവർ രക്തപാതകത്തിനായി കൈക്കൂലി വാങ്ങുന്നു; നീ ദരിദ്രരിൽനിന്നു പലിശയും കൊള്ളലാഭവും വാങ്ങുന്നു. നീ അയൽവാസിയോട് അനീതിയോടെ പെരുമാറി ആദായമുണ്ടാക്കുകയും എന്നെ മറന്നുകളകയും ചെയ്യുന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 13 “ ‘നീ അസത്യമാർഗത്തിലൂടെ നേടിയ ലാഭത്തിന്റെയും നിങ്ങളുടെ ഇടയിലുള്ള രക്തപാതകത്തിന്റെയും നേരേ ഞാൻ കൈകൊട്ടുന്നു. 14 ഞാൻ നിന്നോട് ഇടപെടുന്ന ദിവസം നിന്റെ ധൈര്യം നിലനിൽക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു. ഞാൻ അതു നിവർത്തിക്കും. 15 ഞാൻ നിന്നെ ജനതകൾക്കിടയിൽ ചിതറിക്കും; ഞാൻ നിന്നെ രാജ്യങ്ങളിൽ ഛിന്നഭിന്നമാക്കും; നിങ്ങളുടെ അശുദ്ധി ഞാൻ അവസാനിപ്പിക്കും. 16 രാഷ്ട്രങ്ങളുടെമുമ്പിൽ നീ നിന്നെത്തന്നെ അശുദ്ധമാക്കുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും.’ ” 17 അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: 18 “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹം എനിക്കു ലോഹക്കിട്ടമായിത്തീർന്നിരിക്കുന്നു; അവർ എല്ലാവരും ഉലയിൽ ചെമ്പും വെളുത്തീയവും ഇരുമ്പും കറുത്തീയവുമായിത്തീർന്നിരിക്കുന്നു; അവർ വെള്ളിയുടെ വെറും കിട്ടമായി മാറിയിരിക്കുന്നു. 19 അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; ‘നിങ്ങൾ എല്ലാവരും ലോഹക്കിട്ടമായിത്തീർന്നിരിക്കുകയാൽ, ഞാൻ നിങ്ങളെ ജെറുശലേമിന്റെ നടുവിൽ കൂട്ടും. 20 അവർ വെള്ളിയും ചെമ്പും ഇരുമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ മധ്യേ ഊതി ഉരുക്കുന്നതുപോലെ, ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടി എന്റെ കോപത്തിലും ക്രോധത്തിലും ഉരുക്കും. 21 ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടി നിങ്ങളുടെമേൽ എന്റെ ക്രോധാഗ്നി ഊതും; നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും. 22 വെള്ളി ഉലയിൽ ഉരുകിപ്പോകുന്നതുപോലെ നിങ്ങൾ അതിന്റെമധ്യേ ഉരുകിപ്പോകും. യഹോവയായ ഞാൻ എന്റെ ക്രോധം നിങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു എന്നു നിങ്ങൾ അറിയും.’ ” 23 യഹോവയുടെ അരുളപ്പാട് എനിക്ക് വീണ്ടും ഉണ്ടായി: 24 “മനുഷ്യപുത്രാ, ‘നിങ്ങൾ ക്രോധദിവസത്തിൽ ശുദ്ധിപ്രാപിക്കാത്തതും മഴയേൽക്കാത്തതുമായ ഒരു ദേശമാകുന്നു’ എന്ന് അവളോടു പറയുക. 25 അവളുടെ നടുവിൽ പ്രവാചകന്മാരുടെ ഒരു ഗൂഢാലോചനയുണ്ട്. അലറി ഇര കടിച്ചുകീറുന്ന സിംഹംപോലെ അവർ ജനത്തെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു; അവർ നിക്ഷേപങ്ങളും വിലയേറിയ വസ്തുക്കളും അപഹരിച്ചുകൊണ്ട് അവളുടെ മധ്യേ നിരവധി വിധവകളെ വർധിപ്പിക്കുന്നു. 26 അവളുടെ പുരോഹിതന്മാർ എന്റെ ന്യായപ്രമാണത്തോട് അതിക്രമം പ്രവർത്തിച്ച് എന്റെ വിശുദ്ധവസ്തുക്കളെ മലിനമാക്കിയിരിക്കുന്നു. വിശുദ്ധമായതും അശുദ്ധമായതുംതമ്മിൽ ഒരു വിവേചനം അവർ വെച്ചിട്ടില്ല. ആചാരപരമായി മലിനമായവയും നിർമലമായവയുംതമ്മിലുള്ള വ്യത്യാസം എന്തെന്ന് അവർ പഠിച്ചിട്ടില്ല. ഞാൻ അവരുടെ മധ്യേ അശുദ്ധനായിത്തീരുമാറ് അവർ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറച്ചുകളയുന്നു. 27 അവളുടെ മധ്യേയുള്ള പ്രഭുക്കന്മാർ കൊള്ളലാഭം ഉണ്ടാക്കേണ്ടതിന് ഇരയെ കടിച്ചുചീന്തുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിയുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നു. 28 യഹോവ അരുളിച്ചെയ്യാതിരിക്കെ, ‘കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു’ എന്നു പറഞ്ഞുകൊണ്ടു വ്യാജദർശനങ്ങളും കള്ളദേവപ്രശ്നങ്ങളും അറിയിക്കുന്ന അവളുടെ പ്രവാചകന്മാർ അവർക്കുവേണ്ടി വെള്ളപൂശുന്നവരാകുന്നു. 29 ദേശത്തെ ജനങ്ങൾ ധനാപഹരണംനടത്തുകയും കൊള്ളയിടുകയും ചെയ്യുന്നു. അവർ ദരിദ്രരെയും ഞെരുക്കമനുഭവിക്കുന്നവരെയും പീഡിപ്പിക്കുകയും നീതി നിഷേധിച്ചുകൊണ്ട് വിദേശിയെ ചൂഷണംചെയ്യുകയും ചെയ്യുന്നു. 30 “ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതിൽകെട്ടി എന്റെമുമ്പാകെ അതിലുള്ള വിടവിൽ നിൽക്കേണ്ടതിന് ഒരു മനുഷ്യനെ ഞാൻ അവരുടെ മധ്യേ അന്വേഷിച്ചു; ആരെയും കണ്ടെത്തിയില്ല. 31 അതിനാൽ ഞാൻ എന്റെ ക്രോധം അവരുടെമേൽ പകർന്നു, എന്റെ കോപാഗ്നിയിൽ ഞാൻ അവരെ നശിപ്പിച്ചു. അവരുടെ അക്രമത്തെ ഞാൻ അവരുടെ തലമേൽത്തന്നെ വരുത്തിയിരിക്കുന്നു എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.”