Genesis 24 (BOMCV)
1 അബ്രാഹാം വൃദ്ധനായി വളരെ പ്രായാധിക്യത്തിലെത്തി. യഹോവ അബ്രാഹാമിനെ എല്ലാറ്റിലും അനുഗ്രഹിച്ചിരുന്നു. 2 അബ്രാഹാം തന്റെ വസ്തുവകകളുടെയെല്ലാം ചുമതല വഹിച്ചിരുന്ന ഏറ്റവും പ്രധാനിയായ ദാസനോട്: “നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുക. 3 ഞാൻ ഇപ്പോൾ കനാന്യരുടെ മധ്യേ പാർക്കുന്നു. നീ എന്റെ മകനു ഭാര്യയായി ഈ കനാന്യപുത്രിമാരിൽ ഒരുവളെ എടുക്കാതെ, 4 എന്റെ സ്വദേശത്ത്, സ്വജനങ്ങളുടെ അടുക്കൽ ചെന്ന് എന്റെ മകനായ യിസ്ഹാക്കിനു ഭാര്യയെ തെരഞ്ഞെടുക്കുമെന്ന് സ്വർഗത്തിനും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ശപഥംചെയ്യുക” എന്നു പറഞ്ഞു. 5 ദാസൻ അദ്ദേഹത്തോട്: “ആ സ്ത്രീക്ക് എന്നോടൊപ്പം ഈ ദേശത്തേക്കു വരുന്നതിനു സമ്മതമില്ലെങ്കിലോ? അപ്പോൾ ഞാൻ അങ്ങു വിട്ടുപോന്ന ദേശത്തേക്ക് അങ്ങയുടെ മകനെ കൂട്ടിക്കൊണ്ടുപോകണമോ?” എന്നു ചോദിച്ചു. 6 അതിന് അബ്രാഹാം മറുപടി പറഞ്ഞത്, “നീ എന്റെ പുത്രനെ ആ ദേശത്തേക്കു കൊണ്ടുപോകാൻ പാടില്ല. 7 എന്നെ എന്റെ പിതൃഭവനത്തിൽനിന്നും സ്വദേശത്തുനിന്നും കൂട്ടിക്കൊണ്ടുവരികയും എന്നോടു സംസാരിക്കുകയും ‘ഞാൻ ഈ ദേശം നിന്റെ സന്തതിക്കു തരും’ എന്ന് ആണയിട്ടു വാഗ്ദാനം നൽകുകയും ചെയ്ത, സ്വർഗത്തിന്റെ ദൈവമായ യഹോവ, അവിടത്തെ ദൂതനെ നിനക്കുമുമ്പായി അയയ്ക്കും; അങ്ങനെ അവിടെനിന്ന് എന്റെ മകനു ഭാര്യയെ എടുക്കാൻ നിനക്കു സാധിക്കുകയും ചെയ്യും. 8 സ്ത്രീ നിന്നോടുകൂടെ ഇങ്ങോട്ടുവരുന്നതിനു വിസമ്മതിക്കുന്നെങ്കിൽ എന്നോടുള്ള ഈ ശപഥത്തിൽനിന്ന് നീ ഒഴിഞ്ഞിരിക്കും. എന്നാൽ എന്റെ മകനെ ഒരിക്കലും അവിടേക്കു കൊണ്ടുപോകരുത്.” 9 ആ ദാസൻ തന്റെ കൈ യജമാനനായ അബ്രാഹാമിന്റെ തുടയിൻകീഴിൽ വെച്ച്, ഇക്കാര്യം സംബന്ധിച്ച് അദ്ദേഹത്തോടു ശപഥംചെയ്തു. 10 പിന്നെ ആ ദാസൻ യജമാനന്റെ എല്ലാവിധ വിശിഷ്ടവസ്തുക്കളും ശേഖരിച്ച്, അദ്ദേഹത്തിന്റെ പത്ത് ഒട്ടകങ്ങളുമായി പുറപ്പെട്ടു. അബ്രാഹാമിന്റെ ദാസൻ അരാം-നെഹറയിമിലേക്കു യാത്രതിരിച്ച് നാഹോരിന്റെ പട്ടണത്തിൽ എത്തി. 11 പട്ടണത്തിനു പുറത്തുള്ള കിണറ്റിനരികെ അദ്ദേഹം ഒട്ടകങ്ങളെ നിർത്തി; അപ്പോൾ സ്ത്രീകൾ വെള്ളം കോരാൻ പുറത്തേക്കു പോകുന്ന സന്ധ്യയോടടുത്ത സമയമായിരുന്നു. 12 പിന്നെ അദ്ദേഹം പ്രാർഥിച്ചു: “എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കരുണതോന്നി ഇന്ന് എനിക്കു വിജയം തരണമേ. 13 ഇതാ, ഞാൻ ഇവിടെ ഈ കിണറ്റിനരികെ നിൽക്കുന്നു; പട്ടണവാസികളുടെ പുത്രിമാർ വെള്ളം കോരാൻ വരുന്നു. 14 ഞാൻ ഒരു പെൺകുട്ടിയോട്, ‘നിന്റെ കുടം ചരിച്ച് എനിക്കു കുടിക്കാൻ തരണം’ എന്നു പറയുമ്പോൾ അവൾ, ‘കുടിച്ചുകൊള്ളൂ, ഞാൻ നിങ്ങളുടെ ഒട്ടകങ്ങൾക്കും വെള്ളം തരാം’ എന്നു പറയുന്നെങ്കിൽ അവൾതന്നെ ആയിരിക്കട്ടെ അവിടത്തെ ദാസനായ യിസ്ഹാക്കിനുവേണ്ടി അവിടന്നു തെരഞ്ഞെടുത്തവൾ. എന്റെ യജമാനനോട് അങ്ങു കരുണ കാണിച്ചെന്ന് ഞാൻ ഇതിനാൽ ഗ്രഹിച്ചുകൊള്ളാം.” 15 അബ്രാഹാമിന്റെ ദാസൻ പ്രാർഥിച്ചുതീരുന്നതിനുമുമ്പ് റിബേക്കാ തോളിൽ കുടവുമായി വന്നു. അവൾ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യയായ മിൽക്കായുടെ മകനായ ബെഥൂവേലിന്റെ മകളായിരുന്നു. 16 ആ പെൺകുട്ടി അതീവസുന്ദരിയും കന്യകയും പുരുഷസ്പർശമേൽക്കാത്തവളും ആയിരുന്നു. അവൾ കിണറ്റിലേക്ക് ഇറങ്ങിച്ചെന്നു കുടം നിറച്ചു കയറിവന്നു. 17 ആ ദാസൻ തിടുക്കത്തിൽ അവളുടെ അടുത്തേക്കുചെന്ന്, “ദയവായി നിന്റെ കുടത്തിൽനിന്ന്, കുറച്ചുവെള്ളം എനിക്കു കുടിക്കാൻ തരണം” എന്നു പറഞ്ഞു. 18 “പ്രഭോ, കുടിച്ചാലും” എന്നു പറഞ്ഞുകൊണ്ട് അവൾ പെട്ടെന്ന് കുടം കൈകളിൽ താഴ്ത്തി അയാൾക്കു കുടിക്കാൻ കൊടുത്തു. 19 അദ്ദേഹത്തിനു കുടിക്കാൻ കൊടുത്തതിനുശേഷം അവൾ, “ഞാൻ അങ്ങയുടെ ഒട്ടകങ്ങൾക്കും കുടിക്കാൻ വെള്ളം വേണ്ടുവോളം കോരിക്കൊടുക്കാം” എന്നു പറഞ്ഞു. 20 അവൾ കുടത്തിലെ വെള്ളം പെട്ടെന്നു തൊട്ടിയിലേക്ക് ഒഴിച്ചിട്ട് വെള്ളം കോരാൻ വീണ്ടും കിണറ്റിലേക്ക് ഓടിയിറങ്ങി; അദ്ദേഹത്തിന്റെ ഒട്ടകങ്ങൾക്കെല്ലാം വെള്ളം കോരിക്കൊടുത്തു. 21 യഹോവ, തന്റെ യാത്ര വിജയകരമാക്കിയോ എന്നു ഗ്രഹിക്കേണ്ടതിന് ആ ദാസൻ ഒന്നും ഉരിയാടാതെ, അവളെ സൂക്ഷ്മമായി ശ്രദ്ധിച്ചു. 22 ഒട്ടകങ്ങൾ വെള്ളം കുടിച്ചുകഴിഞ്ഞപ്പോൾ അയാൾ ഒരു ബെക്കാ തൂക്കമുള്ള ഒരു സ്വർണമൂക്കുത്തിയും പത്തുശേക്കേൽ തൂക്കമുള്ള രണ്ടു സ്വർണവളയും പുറത്തെടുത്തു. 23 “നീ ആരുടെ മകളാണ്? ഞങ്ങൾക്കു രാപാർക്കാൻ നിന്റെ പിതാവിന്റെ ഭവനത്തിൽ ഇടമുണ്ടോ? എന്നോടു ദയവായി പറയുക” അയാൾ പറഞ്ഞു. 24 അവൾ അയാളോട്: “നാഹോരിനു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകളാണു ഞാൻ” എന്ന് ഉത്തരം പറഞ്ഞു. 25 “ഞങ്ങളുടെ വീട്ടിൽ ധാരാളം വൈക്കോലും തീറ്റയും ഉണ്ട്, നിങ്ങൾക്കു രാത്രി കഴിച്ചുകൂട്ടാൻ ഇടവും ഉണ്ട്,” അവൾ കൂട്ടിച്ചേർത്തു. 26 അപ്പോൾ അയാൾ കുനിഞ്ഞ് യഹോവയെ നമസ്കരിച്ചുകൊണ്ട്, 27 “എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ, എന്റെ യജമാനനോടുള്ള അവിടത്തെ ദയയും വിശ്വസ്തതയും അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. യഹോവ എന്റെ യാത്രയിൽ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്ക് എന്നെ നയിച്ചല്ലോ!” എന്നു പറഞ്ഞു. 28 ആ പെൺകുട്ടി ഓടിച്ചെന്ന് തന്റെ അമ്മയുടെ ഭവനത്തിലുള്ളവരോട് ഈ കാര്യങ്ങൾ പറഞ്ഞു. 29 29-30 റിബേക്കയ്ക്ക് ലാബാൻ എന്നു പേരുള്ള ഒരു സഹോദരൻ ഉണ്ടായിരുന്നു. സഹോദരിയുടെ മൂക്കുത്തിയും കൈയിൽ വളയും കാണുകയും ആ മനുഷ്യൻ റിബേക്കയോടു പറഞ്ഞകാര്യം അവളിൽനിന്ന് കേൾക്കുകയും ചെയ്തനിമിഷംതന്നെ അവൻ തിടുക്കത്തിൽ നീരുറവയുടെ അടുക്കൽ നിന്നിരുന്ന ആ മനുഷ്യന്റെ അടുത്തേക്കുപോയി. അദ്ദേഹം, അവിടെ കിണറ്റിൻകരയിൽ ഒട്ടകങ്ങളുടെ അടുക്കൽ നിൽക്കുന്നതു കണ്ടു. 31 “യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തുവരിക, എന്തിനു പുറത്തു നിൽക്കുന്നു? ഞാൻ ഭവനവും ഒട്ടകങ്ങൾക്കു സ്ഥലവും ഒരുക്കിയിരിക്കുന്നു,” എന്നു പറഞ്ഞു. 32 അങ്ങനെ ആ മനുഷ്യൻ ഭവനത്തിലേക്കു ചെന്നു; ഒട്ടകങ്ങളുടെ ഭാരം ഇറക്കിവെച്ചു. അവയ്ക്കു വൈക്കോലും തീറ്റയും കൊണ്ടുവന്നു; അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആളുകൾക്കും കാൽകഴുകാൻ വെള്ളവും കൊണ്ടുവന്നു. 33 അതിനുശേഷം അദ്ദേഹത്തിനു ഭക്ഷണം വിളമ്പി. എന്നാൽ, “നിങ്ങളോടു പറയാനുള്ളതു പറയുന്നതിനുമുമ്പ് ഞാൻ ആഹാരം കഴിക്കുകയില്ല” എന്ന് അദ്ദേഹം പറഞ്ഞു.“എങ്കിൽ ഞങ്ങളോടു പറയൂ” ലാബാൻ പറഞ്ഞു. 34 അപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ അബ്രാഹാമിന്റെ ദാസൻ. 35 എന്റെ യജമാനനെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചു. അദ്ദേഹം മഹാധനികനായിത്തീർന്നു. അവിടന്ന് അദ്ദേഹത്തിന് ആട്, മാട്, വെള്ളി, സ്വർണം, ദാസീദാസന്മാർ, ഒട്ടകങ്ങൾ, കഴുതകൾ എന്നിവയൊക്കെയും നൽകി. 36 എന്റെ യജമാനന്റെ ഭാര്യയായ സാറ വാർധക്യത്തിൽ അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചു; തനിക്കുള്ള സകലസമ്പത്തും അദ്ദേഹം അവനു കൊടുത്തിരിക്കുന്നു. 37 ഞാൻ കനാന്യരുടെ ദേശത്തു പാർക്കുന്നു, ‘എന്നാൽ നീ എന്റെ മകനു ഭാര്യയായി കനാന്യപുത്രിമാരിൽനിന്ന് ഒരുവളെ തെരഞ്ഞെടുക്കാതെ, 38 എന്റെ പിതാവിന്റെ കുടുംബത്തിലേക്കും സ്വന്തവംശത്തിലേക്കും ചെന്ന് എന്റെ മകന് ഒരു ഭാര്യയെ എടുക്കണം’ എന്ന് എന്റെ യജമാനൻ എന്നെക്കൊണ്ടു ശപഥംചെയ്യിച്ചിരിക്കുന്നു. 39 “അപ്പോൾ ഞാൻ യജമാനനോട്, ‘സ്ത്രീക്ക് എന്റെകൂടെ വരുന്നതിനു സമ്മതമല്ലെങ്കിലോ?’ എന്നു ചോദിച്ചു. 40 “അതിന് അദ്ദേഹം മറുപടി പറഞ്ഞത്: ‘ഞാൻ യഹോവയുടെ സന്നിധിയിൽ വിശ്വസ്തതയോടെ ജീവിക്കുന്നു, അവിടന്നു തന്റെ ദൂതനെ നിന്റെകൂടെ അയച്ച് നിന്റെ യാത്ര സഫലമാക്കും; അങ്ങനെ എന്റെ സ്വന്തവംശത്തിൽനിന്നും എന്റെ പിതാവിന്റെ കുടുംബത്തിൽനിന്നും എന്റെ മകനുവേണ്ടി ഒരു ഭാര്യയെ എടുക്കാൻ നിനക്കു സാധിക്കും. 41 നീ എന്റെ വംശക്കാരുടെ അടുക്കൽ ചെന്നുകഴിയുമ്പോൾ എന്നോടുള്ള ശപഥത്തിൽനിന്ന് ഒഴിവുള്ളവനാകും; അവർ അവളെ നിന്റെ പക്കൽ ഏൽപ്പിക്കാൻ വിസമ്മതിക്കുന്നെങ്കിലും നീ എന്നോടുള്ള പ്രതിജ്ഞയിൽനിന്ന് ഒഴിവുള്ളവനായിരിക്കും.’ 42 “ഇന്നു ഞാൻ നീരുറവയിൽ എത്തിയപ്പോൾ ദൈവത്തോടു പ്രാർഥിച്ചു: ‘എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, തിരുഹിതമെങ്കിൽ എന്റെ ഈ യാത്ര സഫലമാക്കണേ. 43 ഇതാ, ഞാൻ ഈ നീരുറവയ്ക്കരികെ നിൽക്കുന്നു; ഒരു കന്യക വെള്ളം കോരാൻ വരികയും ഞാൻ അവളോട്, “നിന്റെ കുടത്തിൽനിന്ന് എനിക്കു കുറച്ചുവെള്ളം തരണം” എന്നു പറയുകയും ചെയ്യുമ്പോൾ, 44 അവൾ എന്നോട്, “കുടിച്ചുകൊള്ളൂ, ഞാൻ നിന്റെ ഒട്ടകങ്ങൾക്കുംകൂടി വെള്ളം കോരാം” എന്നു പറയുന്നെങ്കിൽ എന്റെ യജമാനന്റെ മകനുവേണ്ടി യഹോവ തെരഞ്ഞെടുത്തിട്ടുള്ളവൾ അവൾതന്നെ ആയിരിക്കണേ.’ 45 “ഞാൻ എന്റെ ഹൃദയത്തിൽ ഇങ്ങനെ പ്രാർഥിച്ചുതീരുന്നതിനുമുമ്പ് റിബേക്ക തോളിൽ കുടവുമായി വന്നു. അവൾ നീരുറവയിലേക്ക് ഇറങ്ങിച്ചെന്ന് വെള്ളം കോരി; ‘എനിക്കൽപ്പം കുടിക്കാൻ തരൂ’ എന്നു ഞാൻ അവളോടു പറഞ്ഞു. 46 “അവൾ ഉടൻതന്നെ തോളിൽനിന്ന് കുടം താഴ്ത്തി, ‘കുടിച്ചുകൊള്ളുക, ഞാൻ നിങ്ങളുടെ ഒട്ടകങ്ങൾക്കും വെള്ളം തരാം’ എന്നു പറഞ്ഞു. ഞാൻ കുടിച്ചു, എന്റെ ഒട്ടകങ്ങൾക്കും അവൾ വെള്ളം കൊടുത്തു. 47 “ ‘നീ ആരുടെ മകളാണ്?’ എന്നു ഞാൻ അവളോടു ചോദിച്ചു.“ ‘ഞാൻ നാഹോരിനു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ’ എന്ന് അവൾ പറഞ്ഞു.“അപ്പോൾ ഞാൻ അവളുടെ മൂക്കിൽ മൂക്കുത്തിയും കൈകളിൽ വളയും അണിയിച്ചു. 48 പിന്നെ ഞാൻ കുനിഞ്ഞ് യഹോവയെ നമസ്കരിച്ചു; എന്റെ യജമാനന്റെ മകന് യജമാനന്റെ സഹോദരന്റെ പുത്രിയെ ഭാര്യയായി ലഭിക്കാൻ തക്കവണ്ണം എന്നെ നേർവഴിക്കു നടത്തിയ എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവയെ ഞാൻ സ്തുതിച്ചു. 49 നിങ്ങൾ, ഇനി, എന്റെ യജമാനനോടു കരുണയും വിശ്വസ്തതയും കാണിക്കുമോ എന്ന് എന്നോടു ദയവായി പറയണം; അല്ലാത്തപക്ഷം അതും പറയണം, ഏതു വഴിക്കു തിരിയണമെന്ന് എനിക്ക് മനസ്സിലാക്കാമല്ലോ!” 50 അതിനു ലാബാനും ബെഥൂവേലും, “ഇത് യഹോവയിൽനിന്നുള്ളത്; ഇതിനെക്കുറിച്ച് ഗുണമോ ദോഷമോ ഞങ്ങൾക്കു പറയാൻ ഇല്ല. 51 റിബേക്ക ഇതാ, നിന്റെ മുമ്പിൽ; അവളെ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളൂ; യഹോവ അരുളിച്ചെയ്തതുപോലെ അവൾ നിന്റെ യജമാനന്റെ മകനു ഭാര്യയായിത്തീരട്ടെ” എന്ന് ഉത്തരം പറഞ്ഞു. 52 അബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കുകേട്ട്, സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു. 53 പിന്നെ അദ്ദേഹം സ്വർണാഭരണങ്ങളും വെള്ളിയാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബേക്കയ്ക്കു കൊടുത്തു; അവളുടെ സഹോദരനും അമ്മയ്ക്കും അയാൾ വിലയേറിയ സമ്മാനങ്ങൾ നൽകി. 54 അതിനുശേഷം അദ്ദേഹവും കൂടെയുള്ളവരും ഭക്ഷിക്കുകയും പാനംചെയ്യുകയും ആ രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു.അവർ രാവിലെ എഴുന്നേറ്റു. “എന്നെ എന്റെ യജമാനന്റെ അടുത്തേക്കു യാത്രയയച്ചാലും” എന്ന് അദ്ദേഹം പറഞ്ഞു. 55 എന്നാൽ പെൺകുട്ടിയുടെ സഹോദരനും അമ്മയും, “അവൾ പത്തുദിവസം ഞങ്ങളുടെകൂടെ നിൽക്കട്ടെ, അതു കഴിഞ്ഞ് നിങ്ങൾക്കു പോകാം” എന്ന് ഉത്തരം പറഞ്ഞു. 56 അപ്പോൾ അദ്ദേഹം അവരോട്: “എന്നെ താമസിപ്പിക്കരുത്, യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നു! എന്റെ യജമാനന്റെ അടുക്കൽ ചെല്ലേണ്ടതിന് എന്നെ യാത്രയാക്കിയാലും” എന്നു പറഞ്ഞു. 57 “നമുക്കു പെൺകുട്ടിയെ വിളിച്ച് അവളോടു ചോദിക്കാം” അവർ പറഞ്ഞു. 58 അവർ റിബേക്കയെ വിളിച്ച് “നീ ഇദ്ദേഹത്തോടുകൂടെ പോകുന്നോ?” എന്നു ചോദിച്ചു.“ഞാൻ പോകുന്നു” അവൾ പറഞ്ഞു. 59 അവർ തങ്ങളുടെ സഹോദരിയായ റിബേക്കയെ അവളുടെ ശുശ്രൂഷക്കാരിയോടും അബ്രാഹാമിന്റെ ദാസനോടും അദ്ദേഹത്തിന്റെ ആളുകളോടുംകൂടെ യാത്രയാക്കി. 60 അവർ റിബേക്കയെ അനുഗ്രഹിച്ചു പറഞ്ഞു:“നമ്മുടെ സഹോദരീ, നീ വർധിക്കട്ടെ,ആയിരമായിരമായിത്തന്നെ;നിന്റെ സന്താനങ്ങൾഅവരുടെ വൈരികളുടെ പട്ടണങ്ങൾ കൈവശമാക്കട്ടെ.” 61 ഇതിനുശേഷം റിബേക്കയും അവളുടെ ദാസിമാരും ഒരുങ്ങി തങ്ങളുടെ ഒട്ടകങ്ങളിന്മേൽ കയറി ആ പുരുഷനോടൊപ്പം യാത്രയായി. അങ്ങനെ ആ ദാസൻ റിബേക്കയെയുംകൂട്ടി യാത്രപുറപ്പെട്ടു. 62 ഇതിനിടയിൽ യിസ്ഹാക്ക് ബേർ-ലഹയീ-രോയീയിൽനിന്ന് വന്നു; അദ്ദേഹം തെക്കേദേശത്താണു താമസിച്ചിരുന്നത്. 63 ഒരു ദിവസം സന്ധ്യക്ക് യിസ്ഹാക്ക് ധ്യാനിക്കുന്നതിനു വയലിലേക്കുപോയി; തലയുയർത്തിനോക്കിയപ്പോൾ ഒട്ടകങ്ങൾ അടുത്തു വരുന്നതായി കണ്ടു. 64 റിബേക്കയും തല ഉയർത്തിനോക്കി, യിസ്ഹാക്കിനെ കണ്ടു. അവൾ ഒട്ടകപ്പുറത്തുനിന്നു താഴെയിറങ്ങി. 65 ദാസനോട്, “നമ്മെ വരവേൽക്കാൻ വരുന്ന ആ മനുഷ്യൻ ആരാണ്?” എന്നു ചോദിച്ചു.“അദ്ദേഹമാണ് എന്റെ യജമാനൻ” ദാസൻ ഉത്തരം പറഞ്ഞു. അവൾ മൂടുപടം എടുത്ത് തന്നെത്തന്നെ മറച്ചു. 66 ദാസൻ താൻ ചെയ്ത എല്ലാക്കാര്യങ്ങളും യിസ്ഹാക്കിനെ അറിയിച്ചു. 67 യിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൂട്ടിക്കൊണ്ടുപോയി; അവൻ റിബേക്കയെ വിവാഹംചെയ്തു. റിബേക്ക യിസ്ഹാക്കിന്റെ ഭാര്യയായിത്തീർന്നു; അയാൾ അവളെ സ്നേഹിച്ചു; അങ്ങനെ അമ്മയുടെ മരണശേഷം യിസ്ഹാക്കിനു സാന്ത്വനം ലഭിച്ചു.