Luke 7 (BOMCV)
1 അവിടത്തെ വാക്കുകൾ അതീവശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന ജനത്തോടുള്ള പ്രഭാഷണം അവസാനിപ്പിച്ചശേഷം, യേശു കഫാർനഹൂമിൽ മടങ്ങിയെത്തി. 2 അവിടെ ഒരു ശതാധിപനു വളരെ വിലപ്പെട്ട ഒരു സേവകൻ രോഗംബാധിച്ച് മരണാസന്നനായിരുന്നു. 3 യേശുവിനെക്കുറിച്ചു കേട്ട ശതാധിപൻ, യേശു വന്ന് തന്റെ സേവകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിക്കാൻ യെഹൂദാമതത്തിലെ ചില നേതാക്കന്മാരെ അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു. 4 അവർ യേശുവിന്റെ അടുക്കൽവന്ന് ശതാധിപനുവേണ്ടി ശുപാർശചെയ്തുകൊണ്ട് ഇങ്ങനെ അപേക്ഷിച്ചു: “അങ്ങ് ഇതു ചെയ്തുകൊടുക്കാൻ ആ മനുഷ്യൻ യോഗ്യൻ; 5 കാരണം, അയാൾ നമ്മുടെ സമുദായത്തോട് സ്നേഹമുള്ളവനാണ്; നമുക്കുവേണ്ടി ഒരു പള്ളി പണിയിച്ചുതരികയും ചെയ്തിരിക്കുന്നു.” 6 അപ്പോൾ യേശു അവരോടുകൂടെ പോയി.അദ്ദേഹം ഭവനത്തോട് അടുക്കാറായപ്പോൾ ശതാധിപൻ തന്റെ സ്നേഹിതന്മാരിൽ ചിലരെ യേശുവിന്റെ അടുക്കൽ അയച്ച് ഇങ്ങനെ അറിയിച്ചു: “കർത്താവേ, ബുദ്ധിമുട്ടേണ്ടാ; അങ്ങ് എന്റെ ഭവനത്തിൽ വരാനുള്ള യോഗ്യത എനിക്കില്ല; 7 അതുകൊണ്ടാണ് ഞാൻ നേരിട്ട് അങ്ങയുടെ അടുക്കൽ വരാതിരുന്നതും. അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽമാത്രം മതി, എന്റെ സേവകൻ സൗഖ്യമാകും. 8 ഞാനും അധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണ്; എന്റെ കീഴിലും സൈനികരുണ്ട്, അവരിലൊരുവനോട് ‘പോകുക’ എന്നു പറഞ്ഞാൽ അയാൾ പോകുന്നു, മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാൽ അയാൾ വരുന്നു. ഞാൻ എന്റെ സേവകനോട് ‘ഒരു കാര്യം ചെയ്യുക’ എന്നു പറയുമ്പോൾ അയാൾ ചെയ്യുന്നു.” 9 ഇതു കേട്ട് യേശു ആശ്ചര്യപ്പെട്ട്, ചുറ്റും നോക്കി തന്നെ അനുഗമിക്കുന്ന ജനക്കൂട്ടത്തോട്, “ഞാൻ നിങ്ങളോടു പറയട്ടെ, ഇസ്രായേൽജനതയിൽപോലും ഇത്ര ദൃഢവിശ്വാസം ഞാൻ ആരിലും കണ്ടില്ല” എന്നു പറഞ്ഞു. 10 ശതാധിപന്റെ സ്നേഹിതന്മാർ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സേവകന് പരിപൂർണസൗഖ്യം ലഭിച്ചിരിക്കുന്നതായി കണ്ടു. 11 ഈ സംഭവത്തിനുശേഷം അധികം താമസിക്കാതെ യേശു നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ; ശിഷ്യന്മാരും വലിയൊരു ജനസഞ്ചയവും അദ്ദേഹത്തെ അനുഗമിച്ചു. 12 യേശു പട്ടണകവാടത്തോടടുത്തപ്പോൾ അതാ, മരിച്ചുപോയ ഒരാളെ പട്ടണത്തിനുപുറത്തേക്കു കൊണ്ടുവരുന്നു. അയാൾ തന്റെ അമ്മയുടെ ഏകപുത്രൻ; അവൾ വിധവയുമായിരുന്നു. പട്ടണത്തിൽനിന്ന് വലിയൊരു ജനക്കൂട്ടം അവളോടുകൂടെ ഉണ്ടായിരുന്നു. 13 അവളെ കണ്ടപ്പോൾ കർത്താവിന്റെ മനസ്സലിഞ്ഞു. അവിടന്ന് അവളോട്, “കരയേണ്ടാ” എന്നു പറഞ്ഞു. 14 യേശു അടുത്തുചെന്ന് ശവമഞ്ചം തൊട്ടപ്പോൾ, അത് ചുമന്നുകൊണ്ട് പോകുകയായിരുന്നവർ അവിടെ നിന്നു. അദ്ദേഹം, “യുവാവേ, ഞാൻ നിന്നോടു കൽപ്പിക്കുകയാണ് ‘എഴുന്നേൽക്കുക’ ” എന്നു പറഞ്ഞു. 15 അപ്പോൾ മരിച്ചവൻ എഴുന്നേറ്റിരുന്നു സംസാരിക്കാൻ തുടങ്ങി. യേശു അവനെ അവന്റെ അമ്മയ്ക്ക് തിരികെ നൽകി. 16 ജനമെല്ലാം ഭയപരവശരായി; ദൈവത്തെ പുകഴ്ത്തി. “ഒരു വലിയ പ്രവാചകൻ നമ്മുടെ മധ്യേ വന്നിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു,” എന്ന് അവർ പറഞ്ഞു. 17 യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത യെഹൂദർക്കിടയിലും നാലുപാടുമുള്ള പ്രദേശത്തും പ്രചരിച്ചു. 18 ഈ സംഭവങ്ങളെക്കുറിച്ചൊക്കെയും യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ യോഹന്നാനെ അറിയിച്ചു. 19 അദ്ദേഹം തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച്, “വരാനുള്ള മശിഹാ അങ്ങുതന്നെയോ? അല്ല, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കണമോ?” എന്നു ചോദിക്കാൻ കർത്താവിന്റെ അടുക്കൽ അയച്ചു. 20 അവർ യേശുവിന്റെ അടുക്കൽവന്ന്, “ ‘വരാനുള്ള മശിഹാ അങ്ങുതന്നെയോ? അല്ല, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കണമോ?’ എന്നു ചോദിക്കാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ അങ്ങയുടെ അടുക്കൽ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. 21 ആ സമയത്തുതന്നെ യേശു, രോഗങ്ങളും പീഡകളും ദുരാത്മാക്കളും ബാധിച്ച അനേകരെ സൗഖ്യമാക്കുകയും അന്ധരായ അനേകർക്കു കാഴ്ച നൽകുകയും ചെയ്തു. 22 പിന്നെ യേശു ആ സന്ദേശവാഹകരോട്, “നിങ്ങൾ കാണുകയും കേൾക്കുകയുംചെയ്യുന്ന ഇക്കാര്യങ്ങൾ മടങ്ങിച്ചെന്ന് യോഹന്നാനെ അറിയിക്കുക: അന്ധർക്കു കാഴ്ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ സൗഖ്യമാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു. 23 എന്നിലുള്ള വിശ്വാസത്തിൽനിന്ന് വ്യതിചലിക്കാതെ നിലനിൽക്കുന്നവർ അനുഗൃഹീതർ!” എന്നു പറഞ്ഞു. 24 യോഹന്നാന്റെ സന്ദേശവാഹകർ അവിടെനിന്നു പോകുമ്പോൾ യേശു യോഹന്നാനെക്കുറിച്ചു ജനക്കൂട്ടത്തോടു സംസാരിക്കാൻ തുടങ്ങി: “നിങ്ങൾ എന്തുകാണാനാണ് മരുഭൂമിയിൽ പോയത്? കാറ്റിൽ ആടിയുലയുന്ന ഞാങ്ങണയോ? 25 അതോ, മൃദുലചണവസ്ത്രം ധരിച്ച ഒരു മനുഷ്യനെ കാണുന്നതിനോ? അല്ല, അമൂല്യ വസ്ത്രങ്ങൾ ധരിക്കുകയും ആഡംബരത്തിൽ മുഴുകുകയുംചെയ്യുന്നവർ കൊട്ടാരങ്ങളിൽ അല്ലയോ ഉള്ളത്? 26 പിന്നെ നിങ്ങൾ എന്തുകാണാനാണു പോയത്? ഒരു പ്രവാചകനെയോ? അതേ, ഒരു പ്രവാചകനെക്കാൾ ശ്രേഷ്ഠനെത്തന്നെ എന്നു ഞാൻ പറയുന്നു. 27 “ ‘ഇതാ, ഞാൻ നിനക്കുമുമ്പാകെ എന്റെ സന്ദേശവാഹകനെ അയയ്ക്കും,നിന്റെ മുമ്പേ അയാൾ നിനക്കു വഴിയൊരുക്കും,’എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് യോഹന്നാനെക്കുറിച്ചാണ്. 28 സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ മഹാൻ ഉണ്ടായിട്ടില്ല; എന്നാൽ, ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവൻപോലും അദ്ദേഹത്തെക്കാൾ മഹാൻ ആകുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” 29 ജനങ്ങൾ യോഹന്നാന്റെ സ്നാനമേറ്റവരായിരുന്നു. അതിനാൽ അവർ യേശുവിന്റെ വചസ്സുകൾ കേട്ടപ്പോൾ ദൈവത്തിന്റെ വഴി നീതിയുള്ളതെന്ന് അംഗീകരിച്ചു. നികുതിപിരിവുകാർപോലും അക്കൂട്ടത്തിലുണ്ടായിരുന്നു. 30 എന്നാൽ, യോഹന്നാനാൽ സ്നാനം സ്വീകരിക്കാതിരുന്ന പരീശന്മാരും നിയമജ്ഞരും തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ആലോചന തിരസ്കരിച്ചു. 31 അപ്പോൾ യേശു പറഞ്ഞത്: “ഈ തലമുറയിലെ മനുഷ്യരെ ഞാൻ എന്തിനോടു താരതമ്യംചെയ്യും? അവർ എന്തിനോടു സദൃശർ? 32 “ ‘ഞങ്ങൾ നിങ്ങൾക്കായി ആഹ്ലാദരാഗം കുഴലിൽമീട്ടി,നിങ്ങളോ നൃത്തംചെയ്തില്ല;ഞങ്ങൾ ഒരു വിലാപഗീതം ആലപിച്ചു,നിങ്ങളോ വിലപിച്ചില്ല,’എന്ന് ചന്തസ്ഥലത്തിരുന്ന് പരസ്പരം വിളിച്ചുപറഞ്ഞു പരിഭവിക്കുന്ന കുട്ടികളെപ്പോലെയാണ് ഈ തലമുറ. 33 അപ്പം തിന്നാത്തവനും വീഞ്ഞു കുടിക്കാത്തവനുമായിവന്ന യോഹന്നാൻസ്നാപകനെക്കുറിച്ച്, ‘അയാൾ ഭൂതബാധിതനാണ്’ എന്നു നിങ്ങൾ പറയുന്നു. 34 മനുഷ്യപുത്രനാകട്ടെ, തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നു; അപ്പോൾ ഇതാ, ‘അമിതഭക്ഷണപ്രിയനും കുടിയനുമായ ഒരുവൻ, നികുതിപിരിവുകാരുടെയും കുപ്രസിദ്ധപാപികളുടെയും ചങ്ങാതി!’ എന്നു നിങ്ങൾ പറയുന്നു. 35 ദൈവികജ്ഞാനം, അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രത്യക്ഷമാകുന്നു” എന്നു പറയുന്നു. 36 പരീശന്മാരിൽ ഒരാൾ തന്നോടൊത്തു ഭക്ഷണം കഴിക്കാൻ യേശുവിനെ ക്ഷണിച്ചു. അദ്ദേഹം പരീശന്റെ ഭവനത്തിൽ ചെന്നു വിരുന്നിനിരുന്നു. 37 ആ പട്ടണത്തിൽ പാപജീവിതം നയിച്ചിരുന്ന ഒരു സ്ത്രീ—യേശു പരീശന്റെ ഭവനത്തിൽ അതിഥിയായി വന്നിരിക്കുന്നു എന്നറിഞ്ഞ് ഒരു വെൺകൽഭരണി സുഗന്ധതൈലം കൊണ്ടുവന്ന്— 38 അദ്ദേഹത്തിന്റെ പിന്നിൽ കാൽക്കൽ കരഞ്ഞുകൊണ്ട് നിന്നു. കണ്ണുനീർക്കണങ്ങൾകൊണ്ട് അവൾ യേശുവിന്റെ പാദങ്ങൾ നനയ്ക്കാൻ തുടങ്ങി. പിന്നീടവൾ ആ പാദങ്ങൾ അവളുടെ തലമുടികൊണ്ടു തുടച്ചശേഷം ചുംബിക്കാൻ തുടങ്ങി. ഒടുവിൽ അവൾ ആ പാദങ്ങളിൽ തൈലം പൂശുകയും ചെയ്തു. 39 യേശുവിനെ ക്ഷണിച്ച പരീശൻ ഇതു കണ്ടിട്ട്, “ഈ മനുഷ്യൻ ഒരു പ്രവാചകൻ ആയിരുന്നെങ്കിൽ ആരാണു തന്നെ തൊടുന്നതെന്നും അവൾ ഏതുതരത്തിലുള്ള സ്ത്രീയാണെന്നും അറിയുമായിരുന്നു; അവൾ ഒരു പാപിനിയല്ലോ” എന്നു ഹൃദയത്തിൽ പറഞ്ഞു. 40 യേശു ആ പരീശനോട്, “ശിമോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്” എന്നു പറഞ്ഞു.“ഗുരോ, പറഞ്ഞാലും,” അയാൾ പ്രതിവചിച്ചു. 41 “പണം കടംകൊടുക്കുന്ന ഒരാളിൽനിന്ന് രണ്ടുപേർ വായ്പ വാങ്ങിയിരുന്നു. ഒരാൾ അഞ്ഞൂറ് ദിനാറും മറ്റേയാൾ അൻപത് ദിനാറുമാണ് തിരികെ കൊടുക്കേണ്ടിയിരുന്നത്. 42 തിരികെ കൊടുക്കാനുള്ള പണം അവർക്കുണ്ടായിരുന്നില്ല, അതുകൊണ്ട് അവരിരുവരുടെയും കടം അയാൾ ഇളച്ചുകൊടുത്തു. നിന്റെ അഭിപ്രായത്തിൽ അവരിലാരാണ് കടംനൽകിയയാളെ കൂടുതൽ സ്നേഹിക്കുക?” 43 “കൂടുതൽ കടം ക്ഷമിച്ചുകിട്ടിയവൻ,” ശിമോൻ ഉത്തരം പറഞ്ഞു.“ശരിയാണ് നിന്റെ വിലയിരുത്തൽ,” യേശു പ്രതിവചിച്ചു. 44 പിന്നെ അദ്ദേഹം ആ സ്ത്രീയുടെ നേർക്കു തിരിഞ്ഞിട്ടു ശിമോനോടു പറഞ്ഞത്: “ഈ സ്ത്രീ ചെയ്യുന്നത് നീ കാണുന്നില്ലേ? ഞാൻ നിന്റെ ഭവനത്തിൽ വന്നു; നീ എന്റെ കാൽകഴുകാൻ വെള്ളം തന്നില്ല. എന്നാൽ ഇവൾ കണ്ണുനീരുകൊണ്ട് എന്റെ പാദങ്ങൾ നനച്ച് അവളുടെ തലമുടികൊണ്ടു തുടച്ചു. 45 നീ എനിക്കു ചുംബനം തന്നില്ല; എന്നാൽ ഈ സ്ത്രീ, ഞാൻ അകത്തുവന്നതുമുതൽ എന്റെ പാദങ്ങൾ ചുംബിച്ചുകൊണ്ടേയിരിക്കുന്നു. 46 നീ എന്റെ തലയിൽ തൈലം പൂശിയില്ല; എന്നാൽ ഇവൾ എന്റെ പാദങ്ങളിൽ സുഗന്ധതൈലലേപനം ചെയ്തിരിക്കുന്നു. 47 ഞാൻ നിന്നോടു പറയുന്നു: ഇവളുടെ അസംഖ്യം പാപങ്ങൾ ക്ഷമിച്ചുകിട്ടിയിരിക്കുന്നതിനാൽ ഇവൾ അത്രയേറെ സ്നേഹിക്കുന്നു; അൽപ്പം ക്ഷമിച്ചു കിട്ടിയ വ്യക്തിയോ അൽപ്പം സ്നേഹിക്കുന്നു.” 48 പിന്നെ യേശു അവളോട്, “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞു. 49 അപ്പോൾ സദ്യയ്ക്കിരുന്നിരുന്ന മറ്റ് അതിഥികൾ, “പാപങ്ങൾ ക്ഷമിക്കുകകൂടി ചെയ്യുന്ന ഇദ്ദേഹം ആര്?” എന്നു പരസ്പരം പറഞ്ഞുതുടങ്ങി. 50 യേശു ആ സ്ത്രീയോട്, “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.