Revelation 20 (IRVM2)
1 പിന്നെ ഒരു ദൂതൻ അഗാധഗർത്തത്തിന്റെ താക്കോലും വലിയ ഒരു ചങ്ങലയും പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽനിന്നും ഇറങ്ങി വരുന്നത് ഞാൻ കണ്ട്. 2 അവൻ പിശാചും സാത്താനും എന്ന പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ച് ആയിരം വർഷത്തേക്ക് ബന്ധിച്ചു. 3 ആയിരം വർഷക്കാലം ജാതികളെ വഞ്ചിക്കാതിരിപ്പാൻ ദൂതൻ അവനെ അഗാധഗർത്തത്തിലേക്ക് തള്ളിയിട്ട് അടച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്‍റെശേഷം അല്പസമയത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാകുന്നു. 4 പിന്നെ ഞാൻ സിംഹാസനങ്ങളെയും അവയിൽ ഇരിക്കുന്നവരെയും കണ്ട്; ന്യായം വിധിപ്പാനുള്ള അധികാരം അവർക്ക് കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തലയറുക്കപ്പെട്ട്, മൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കാതെ നെറ്റിയിലോ കൈമേലോ അവന്റെ മുദ്ര ഏൽക്കാതിരുന്നവരുടെ ആത്മാക്കളെയും ഞാൻ കണ്ട്; അവർ ജീവിച്ചു ആയിരം വർഷം ക്രിസ്തുവിനോടുകൂടി വാണു. 5 ശേഷം മരിച്ചവർ ആയിരം വർഷക്കാലം ജീവിച്ചില്ല. ഇതു ഒന്നാമത്തെ പുനരുത്ഥാനം. 6 ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; ഇങ്ങനെയുള്ളവരുടെ മേൽ രണ്ടാം മരണത്തിന് അധികാരം ഇല്ല; അവർ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം വർഷം വാഴും. 7 ആയിരം വർഷം കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു മോചിപ്പിക്കും. 8 അവൻ ഭൂമിയുടെ നാല് ദിക്കിലുമുള്ള ജാതികളായി, ഗോഗ്, മാഗോഗ് എന്നിവരെ, വഞ്ചന ചെയ്തുകൊണ്ട്, യുദ്ധത്തിനായി കൂട്ടിച്ചേർക്കേണ്ടതിന് പുറപ്പെടും. അവർ സംഖ്യയിൽ കടല്പുറത്തെ മണൽപോലെ ആയിരുന്നു. 9 അവർ ഭൂമിയിൽ പരക്കെ ചെന്ന് വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളഞ്ഞു. എന്നാൽ സ്വർഗ്ഗത്തിലെ ദൈവത്തിൽനിന്ന് തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളഞ്ഞു. 10 അവരെ വഞ്ചിച്ച പിശാചിനെ, മൃഗവും കള്ളപ്രവാചകനും ഉള്ള ഗന്ധകത്തീപ്പൊയ്കയിലേക്ക് തള്ളിയിട്ടു; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം അനുഭവിക്കേണ്ടിവരും. 11 പിന്നെ ഞാൻ വലിയൊരു വെള്ള സിംഹാസനവും അതിൽ ഇരിക്കുന്നവനെയും കണ്ട്; അവന്റെ സന്നിധിയിൽനിന്ന് ഭൂമിയും ആകാശവും ഓടിപ്പോയി; അവയ്ക്ക് അവിടെ സ്ഥാനമില്ലായിരുന്നു. 12 വലിയവരും ചെറിയവരുമായ മരിച്ചവർ സിംഹാസനത്തിന്റെ മുമ്പിൽ നില്ക്കുന്നതു ഞാൻ കണ്ട്; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന് ഒത്തവണ്ണം മരിച്ചവർക്ക് അവർ ചെയ്ത പ്രവൃത്തികൾക്കുള്ള ന്യായവിധി ഉണ്ടായി. 13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; അവർ ഓരോരുത്തനും അവനവൻ ചെയ്ത പ്രവൃത്തികൾക്കനുസരിച്ച് ന്യായവിധി ഉണ്ടായി. 14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു. ഇതു രണ്ടാമത്തെ മരണം. 15 ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.
In Other Versions
Revelation 20 in the BOHNTLTAL
Revelation 20 in the KBT1ETNIK
Revelation 20 in the TBIAOTANT