1 Samuel 11 (BOMCV)
1 അമ്മോന്യനായ നാഹാശ് വന്ന് ഗിലെയാദിലെ യാബേശ് നഗരത്തെ ഉപരോധിച്ച്, ആക്രമിക്കാൻ തുനിഞ്ഞു. യാബേശ് നിവാസികൾ എല്ലാവരും അദ്ദേഹത്തോട്, “ഞങ്ങളുമായി സമാധാനയുടമ്പടി ചെയ്യണം; എന്നാൽ ഞങ്ങൾ അങ്ങേക്ക് കീഴടങ്ങിയിരുന്നുകൊള്ളാം” എന്നപേക്ഷിച്ചു. 2 എന്നാൽ അമ്മോന്യനായ നാഹാശ് അവരോട്: “ഞാൻ നിങ്ങളിൽ ഓരോരുത്തരുടെയും വലതുകണ്ണ് ചൂഴ്‌ന്നെടുത്തുകളയും; അങ്ങനെ സമസ്തഇസ്രായേലിനും ഈ അപമാനം വരുത്തും. ഈ ഒരൊറ്റ വ്യവസ്ഥയിൽമാത്രം നിങ്ങളുമായി ഞാൻ സന്ധിചെയ്യാം” എന്നു മറുപടി നൽകി. 3 അപ്പോൾ യാബേശിലെ നേതാക്കന്മാർ അദ്ദേഹത്തോട്: “ഞങ്ങൾക്ക് ഏഴുദിവസം അവധിതരണം! ഇസ്രായേലിലെല്ലായിടത്തും ഞങ്ങൾ സന്ദേശവാഹകരെ അയയ്ക്കട്ടെ! ഞങ്ങളെ രക്ഷിക്കാൻ ആരും വരുന്നില്ലെങ്കിൽ ഞങ്ങൾ നിങ്ങൾക്കു കീഴടങ്ങിക്കൊള്ളാം” എന്നു പറഞ്ഞു. 4 സന്ദേശവാഹകർ ശൗലിന്റെ ഗിബെയയിൽവന്ന് നാഹാശ് വെച്ച വ്യവസ്ഥകൾ അവിടത്തെ ജനത്തെ അറിയിച്ചു. അപ്പോൾ അവരെല്ലാം ഉച്ചത്തിൽ കരഞ്ഞു. 5 ആ സമയം ശൗൽ വയലിൽനിന്ന് തന്റെ കന്നുകാലികളെയും കൂട്ടിക്കൊണ്ടു വരികയായിരുന്നു. “ജനത്തിന് എന്തുപറ്റി? അവർ കരയുന്നതെന്തിന്?” എന്ന് അദ്ദേഹം ചോദിച്ചു. യാബേശിലെ ആളുകൾ വന്നുപറഞ്ഞ സംഗതികളെല്ലാം അവർ ശൗലിനെ അറിയിച്ചു. 6 അവരുടെ വാക്കുകൾ കേട്ടപ്പോൾ ദൈവാത്മാവ് ശക്തിയോടെ ശൗലിൽ വന്ന് ആവസിച്ചു; അദ്ദേഹം കോപംകൊണ്ടു ജ്വലിച്ചു. 7 ശൗൽ ഒരു ജോടി കാളയെ പിടിച്ച് ഖണ്ഡംഖണ്ഡമായി നുറുക്കി; ആ കഷണങ്ങൾ സന്ദേശവാഹകർമുഖേന ഇസ്രായേലിലെല്ലാം കൊടുത്തയച്ചു; “ശൗലിന്റെയും ശമുവേലിന്റെയും പിന്നാലെ വരാത്തവർ ആരുതന്നെയായാലും അവരുടെ കാളകളോടും ഇതുപോലെ ചെയ്യും” എന്നു പറയിച്ചു. അപ്പോൾ യഹോവയെപ്പറ്റിയുള്ള ഭയം ജനങ്ങളുടെമേൽ വീണു. അവർ തിരിഞ്ഞ് ഏകമനസ്സോടെ പുറപ്പെട്ടു. 8 ശൗൽ പോരാളികളെയെല്ലാം ബേസെക്കിൽ ഒരുമിച്ചുകൂട്ടിയപ്പോൾ ഇസ്രായേൽജനം മൂന്നുലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും എന്നുകണ്ടു. 9 ഗിബെയയിലേക്കു വന്നിരുന്ന സന്ദേശവാഹകരോട് അവർ: “ ‘നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങൾക്കു വിടുതൽ ഉണ്ടാകും,’ എന്ന് ഗിലെയാദിലെ യാബേശ് നിവാസികളോടു ചെന്നു പറയുക” എന്നു പറഞ്ഞയച്ചു. സന്ദേശവാഹകർ വന്ന് യാബേശ് നിവാസികളെ ഇക്കാര്യം അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു. 10 “നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതുപോലെ ഞങ്ങളോടു ചെയ്യുക,” എന്ന് അവർ അമ്മോന്യർക്കു സന്ദേശം പറഞ്ഞയച്ചു. 11 പിറ്റേന്നു ശൗൽ തന്റെ പടയാളികളെ മൂന്നുകൂട്ടമായി വിഭജിച്ചു. പ്രഭാതയാമത്തിൽ അവർ അമ്മോന്യരുടെ പാളയത്തിന്റെ നടുവിലേക്ക് ഇരച്ചുകയറി വെയിൽ മൂക്കുംവരെ അവരെ സംഹരിച്ചു. ഈ സംഹാരത്തിൽനിന്ന് തെറ്റിയൊഴിഞ്ഞു രക്ഷപ്പെട്ടവർ ചിതറിപ്പോയി; തന്മൂലം അവരിൽ രണ്ടുപേർക്ക് ഒരുമിച്ചുനിൽക്കാൻ സാധിച്ചില്ല. 12 ഇതിനുശേഷം ജനം ശമുവേലിനോട്: “ ‘ശൗൽ ഞങ്ങളെ ഭരിക്കുമോ,’ എന്നു ചോദിച്ചവർ ആരാണ്? അവരെ ഞങ്ങളുടെപക്കൽ ഏൽപ്പിച്ചുതരിക! ഞങ്ങൾ അവരെ കൊന്നുകളയും!” എന്നു പറഞ്ഞു. 13 എന്നാൽ ശൗൽ: “ഇന്നു യാതൊരുത്തനെയും വധിക്കാൻ പാടില്ല. കാരണം, യഹോവ ഇന്ന് ഇസ്രായേലിന് വിമോചനം നൽകിയിരിക്കുന്നു” എന്നു പറഞ്ഞു. 14 പിന്നെ ശമുവേൽ ജനത്തോട്: “വരിക, നമുക്കു ഗിൽഗാലിലേക്കു പോകാം. അവിടെവെച്ച് നമുക്ക് ശൗലിന്റെ രാജത്വം പുനഃസ്ഥാപിക്കാം” എന്നു പറഞ്ഞു. 15 അങ്ങനെ ജനമെല്ലാം ഗിൽഗാലിൽ വന്നു. അവിടെ യഹോവയുടെ സന്നിധിയിൽവെച്ച് അവർ ശൗലിനെ രാജാവാക്കി. അവിടെ അവർ യഹോവയുടെമുമ്പാകെ സമാധാനയാഗങ്ങൾ അർപ്പിച്ചു. ശൗലും സകല ഇസ്രായേലും ഏറ്റവും ആനന്ദിച്ചു.