2 Kings 7 (BOMCV)
1 അപ്പോൾ എലീശാ: “യഹോവയുടെ അരുളപ്പാടു കേൾക്കുക; നാളെ ഈ നേരത്ത് ശമര്യാപട്ടണകവാടത്തിൽ ശേക്കേലിന് ഒരു സേയാ നേർത്ത ഗോതമ്പുമാവും ശേക്കേലിനു രണ്ടുസേയാ യവവും വിൽക്കപ്പെടുമെന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. 2 രാജാവിനെ കൈകൊണ്ടു താങ്ങിപ്പിടിച്ചിരുന്ന സൈനികോദ്യോഗസ്ഥൻ ദൈവപുരുഷനോട്: “നോക്കൂ, യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാൽത്തന്നെയും ഇതു സാധ്യമാകുമോ?” എന്നു ചോദിച്ചു.“നിന്റെ കണ്ണുകൊണ്ട് നീ അതു കാണും; എങ്കിലും നീ അതു ഭക്ഷിക്കുകയില്ല,” എന്ന് എലീശാ മറുപടി പറഞ്ഞു. 3 അന്ന് നഗരകവാടത്തിൽ കുഷ്ഠരോഗികളായ നാലുപേർ ഉണ്ടായിരുന്നു; അവർ പരസ്പരം പറഞ്ഞു “നാം മരിക്കുന്നതുവരെ ഇവിടെയെന്തിനു കഴിയുന്നു? 4 ‘നാം നഗരത്തിലേക്കുപോകുക’ അവിടെ ക്ഷാമമുള്ളതുകൊണ്ട് നാം മരിച്ചുപോകും; ഇവിടെയിരുന്നാലും നാം മരിക്കും. അതിനാൽ നമുക്ക് അരാമ്യരുടെ പാളയത്തിലേക്കു ചെന്ന് കീഴടങ്ങാം. അവർ നമ്മെ ജീവനോടെ വെച്ചേക്കുന്നപക്ഷം നാം ജീവിക്കും, അവർ നമ്മെ വധിച്ചാൽ നാം മരിക്കുകയേ ഉള്ളല്ലോ.” 5 സന്ധ്യാസമയത്ത്, അവർ അരാമ്യരുടെ പാളയത്തിലേക്കു ചെന്നു. അവർ പാളയത്തിന്റെ അറ്റത്തെത്തിയപ്പോൾ അവിടെ ആരെയും കണ്ടില്ല. 6 രഥങ്ങളുടെയും കുതിരകളുടെയും ഒരു വലിയ സൈന്യത്തിന്റെയും ആരവം അരാമ്യർ കേൾക്കാൻ കർത്താവ് ഇടയാക്കി. അതുകൊണ്ട് അവർ പരസ്പരം: “നോക്കൂ! നമ്മെ ആക്രമിക്കാൻ ഇസ്രായേൽരാജാവ് ഹിത്യരാജാക്കന്മാരെയും ഈജിപ്റ്റ് രാജാക്കന്മാരെയും കൂലിക്കെടുത്തിരിക്കുന്നു!” എന്നു പറഞ്ഞു. 7 അതിനാൽ അവർ സന്ധ്യക്കുതന്നെ എഴുന്നേറ്റ് ഓടിപ്പോയി. അവർ അവരുടെ കൂടാരങ്ങളും കുതിരകളും കഴുതകളും ഉപേക്ഷിച്ചിട്ടാണ് ഓടിപ്പോയത്. പാളയം അതേപടി ഉപേക്ഷിച്ചിട്ട് അവരെല്ലാം പ്രാണരക്ഷാർഥം ഓടിപ്പോയി. 8 ആ കുഷ്ഠരോഗികൾ പാളയത്തിന്റെ അതിരിൽച്ചെന്ന് ഒരു കൂടാരത്തിൽക്കയറി; അവർ തിന്നുകയും കുടിക്കുകയും ചെയ്തു. സ്വർണവും വെള്ളിയും വസ്ത്രങ്ങളും അവർ എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു. അവർ മടങ്ങിവന്ന് മറ്റൊരു കൂടാരത്തിൽക്കയറി; അതിൽനിന്നും ചില സാധനങ്ങളെടുത്ത് അതും അവർ ഒളിച്ചുവെച്ചു. 9 പിന്നെ അവർ പരസ്പരം: “നാം ഈ ചെയ്യുന്നതു ശരിയല്ല. ഇന്ന് നല്ല വാർത്തയുള്ള ദിവസമാണ്. നാമത് നമുക്കുമാത്രമായി സൂക്ഷിച്ച് പ്രഭാതംവരെ ഈ വാർത്ത ആരെയും അറിയിക്കാതെ കാത്തിരുന്നാൽ നമുക്കു ശിക്ഷയുണ്ടാകും. അതിനാൽ നമുക്കുപോയി രാജകൊട്ടാരത്തിൽ വിവരം അറിയിക്കാം” എന്നു പറഞ്ഞു. 10 അങ്ങനെ അവർ ചെന്ന് നഗരകവാടത്തിൽ കാവൽനിൽക്കുന്നവരെ വിളിച്ച് അവരോടു പറഞ്ഞു: “ഞങ്ങൾ അരാമ്യരുടെ പാളയത്തിൽ പോയിരുന്നു; അവിടെ ആരുമില്ലായിരുന്നു. ഒരു മനുഷ്യന്റെയും ശബ്ദം കേൾക്കാനില്ല. കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടേ നിൽക്കുന്നു. കൂടാരങ്ങളും അതേപടി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.” 11 കാവൽക്കാർ ഈ വാർത്ത വിളിച്ചുപറഞ്ഞു. രാജകൊട്ടാരത്തിൽ അതിനെപ്പറ്റി അറിവുകൊടുത്തു. 12 രാജാവ് രാത്രിയിൽത്തന്നെ എഴുന്നേറ്റ് തന്റെ കാര്യസ്ഥന്മാരോടു പറഞ്ഞു: “അരാമ്യർ നമുക്കെതിരേ ആസൂത്രണം ചെയ്തിരിക്കുന്നതെന്തെന്നു ഞാൻ പറയാം; നാം പട്ടിണി കിടക്കുകയാണെന്ന് അവർക്കറിയാം. അതിനാൽ അവർ പാളയം വിട്ട് വയലിൽപ്പോയി ഒളിച്ചിരിക്കുകയാണ്. ‘അവർ പട്ടണത്തിൽനിന്ന് പുറത്തുവരും; അപ്പോൾ നമുക്കവരെ ജീവനോടെ പിടിക്കാം; നഗരത്തിൽ പ്രവേശിക്കുകയും ചെയ്യാം’ എന്ന് അവർ ചിന്തിക്കുന്നുണ്ടാകാം.” 13 അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരുവൻ പറഞ്ഞു: “പട്ടണത്തിൽ ശേഷിപ്പിച്ചിരിക്കുന്നതിൽ അഞ്ചു കുതിരകളുമായി ചിലരെ നമുക്ക് അയച്ചുനോക്കാം. നാശത്തിലായിരിക്കുന്ന ഈ എല്ലാ ഇസ്രായേല്യർക്കും വരുന്ന ഗതിതന്നെയാണല്ലോ അവർക്കും വരുന്നത്. അതുകൊണ്ട് നമുക്ക് അവരെ അയച്ച് എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാം.” 14 അങ്ങനെ അവർ രണ്ടുരഥങ്ങളെയും അവയുടെ കുതിരകളെയും തെരഞ്ഞെടുത്തു. രാജാവ് അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചു. “പോയി, എന്താണു സംഭവിച്ചതെന്ന് കണ്ടുപിടിക്കുക!” എന്ന് അദ്ദേഹം അവരോടു കൽപ്പിച്ചു. 15 അവർ അരാമ്യരെ യോർദാൻവരെയും പിൻതുടർന്നു. അമാര്യർ പരിഭ്രാന്തരായി പാഞ്ഞുപോകുന്നതിനിടയിൽ ഉപേക്ഷിച്ചുപോയ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വഴിയിൽ ചിതറിക്കിടന്നിരുന്നു. ആ ദൂതന്മാർ മടങ്ങിവന്ന് രാജാവിനോടു വിവരം പറഞ്ഞു. 16 അപ്പോൾ ജനം ഇറങ്ങിച്ചെന്ന് അരാമ്യപാളയം കൊള്ളയടിച്ചു. അങ്ങനെ യഹോവ അരുളിച്ചെയ്തതുപോലെ ശേക്കേലിന് ഒരു സേയാ നേർത്ത ഗോതമ്പുമാവും ശേക്കേലിനു രണ്ടുസേയാ യവവും വിൽക്കപ്പെട്ടു. 17 രാജാവിനെ കൈകൊണ്ടു താങ്ങിപ്പിടിച്ചിരുന്ന അതേ സൈനികോദ്യോഗസ്ഥനെയായിരുന്നു നഗരവാതിൽ കാക്കാൻ നിയോഗിച്ചിരുന്നത്. ജനം അയാളെ ചവിട്ടിമെതിച്ചുകളഞ്ഞു. രാജാവു തന്റെ ഭവനത്തിലേക്കു വന്നപ്പോൾ ദൈവപുരുഷൻ പ്രവചിച്ചതുപോലെ അയാൾ മരിച്ചുപോയി. 18 “നാളെ ഈ നേരത്ത് ശമര്യയുടെ പടിവാതിൽക്കൽ ശേക്കേലിന് ഒരു സേയാ നേർത്ത ഗോതമ്പുമാവും ശേക്കേലിന് രണ്ടുസേയാ യവവും വിൽക്കും,” എന്നു ദൈവപുരുഷൻ രാജാവിനോട് പറഞ്ഞു. 19 അപ്പോൾ, “യഹോവ ആകാശത്തിന്റെ കിളിവാതിലുകൾ തുറന്നാലും അതു സാധ്യമാണോ?” എന്ന് ആ ഉദ്യോഗസ്ഥൻ ദൈവപുരുഷനോടു ചോദിച്ചിരുന്നു. “നിന്റെ സ്വന്തംകണ്ണുകൊണ്ട് നീ അതു കാണും; എന്നാൽ നീ അതു ഭക്ഷിക്കുകയില്ല” എന്നു ദൈവപുരുഷൻ അയാളോടു മറുപടിയും പറഞ്ഞിരുന്നു. 20 അപ്രകാരംതന്നെ അയാൾക്കു സംഭവിച്ചു. ജനം നഗരകവാടത്തിൽവെച്ച് അയാളെ ചവിട്ടിമെതിച്ചതിനാൽ അയാൾ മരിച്ചുപോയി.