Exodus 28 (BOMCV)
1 “ഇസ്രായേൽജനത്തിന്റെ മധ്യേനിന്നു നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നിന്റെ അടുക്കൽ വരുത്തുക. 2 നിന്റെ സഹോദരനായ അഹരോന്റെ മഹത്ത്വത്തിനും അലങ്കാരത്തിനുംവേണ്ടി അവനു വിശുദ്ധവസ്ത്രം നിർമിക്കണം. 3 എനിക്കു പൗരോഹിത്യശുശ്രൂഷചെയ്യാൻ അഹരോനെ ശുദ്ധീകരിക്കേണ്ടതിന് അവനു വസ്ത്രങ്ങൾ നിർമിക്കണമെന്ന്, ഞാൻ ജ്ഞാനാത്മാവുകൊണ്ടു നിറച്ചിരിക്കുന്ന എല്ലാ വിദഗ്ദ്ധന്മാരോടും പറയുക. 4 അവർ നിർമിക്കേണ്ട വസ്ത്രങ്ങൾ ഇവയാണ്: ഒരു നിർണയപ്പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, നടുക്കെട്ട് എന്നിവതന്നെ. എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നിന്റെ സഹോദരനായ അഹരോനും അവന്റെ പുത്രന്മാർക്കുംവേണ്ടി വിശുദ്ധവസ്ത്രങ്ങൾ അവർ നിർമിക്കണം. 5 തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവ അവർ ഉപയോഗിക്കണം. 6 “നെയ്ത്തുകാരന്റെ ചിത്രപ്പണിയായി തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടുള്ള ഏഫോദ് നിർമിക്കണം. 7 അതിന്റെ രണ്ടറ്റത്തോടുംചേർന്ന് അവയെത്തമ്മിൽ പിണച്ചുചേർക്കേണ്ടതിന് രണ്ടു ചുമൽക്കണ്ടം അതിന് ഉണ്ടായിരിക്കണം. 8 അതിന്മേലുള്ള ചിത്രപ്പണിയായ നടുക്കെട്ട്, ഏഫോദിൽനിന്നുതന്നെ ഉള്ളതായി, തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് അതേരീതിയിൽ നിർമിക്കണം. 9 “രണ്ടു ഗോമേദകക്കല്ല് എടുത്ത്, അതിൽ ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ അവരുടെ ജനനക്രമത്തിൽ കൊത്തണം. 10 ആറു പേരുകൾ ഒരു കല്ലിലും ശേഷിച്ച ആറു പേരുകൾ മറ്റേ കല്ലിലും കൊത്തണം. 11 ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ, രത്നശില്പി മുദ്ര നിർമിക്കുന്നതുപോലെ രണ്ടു കല്ലിലും കൊത്തണം. അവ തങ്കക്കസവുതടങ്ങളിൽ പതിക്കണം. 12 ഇസ്രായേൽ പുത്രന്മാരുടെ ഓർമക്കല്ലുകളായി രണ്ടു കല്ലും ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ പതിപ്പിക്കണം. യഹോവയുടെമുമ്പിൽ അവരുടെ പേരുകൾ ഒരു സ്മാരകമായി രണ്ടു ചുമലുകളിലും അഹരോൻ വഹിക്കണം. 13 തങ്കക്കസവുതടങ്ങളും ഉണ്ടാക്കണം. 14 തങ്കംകൊണ്ടു മെടഞ്ഞ ചരടുപോലെ രണ്ടു മാല ഉണ്ടാക്കണം; മാല തടങ്ങളിൽ ബന്ധിപ്പിക്കണം. 15 “തീരുമാനങ്ങൾ എടുക്കുന്നതിനായി വൈദഗ്ദ്ധ്യത്തോടെ ഒരു നിർണയപ്പതക്കം നിർമിക്കണം. ഏഫോദിന്റെ പണിപോലെ തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് അതു നിർമിക്കണം. 16 അത് ഒരുചാൺ നീളവും ഒരുചാൺ വീതിയും ഉള്ള സമചതുരവും രണ്ടായി മടക്കാവുന്നതും ആയിരിക്കണം. 17 അതിൽ നാലുനിര രത്നങ്ങൾ പതിക്കണം. ആദ്യനിരയിൽ ചെമന്നരത്നം, പീതരത്നം, മരതകം എന്നിവയും 18 രണ്ടാമത്തെ നിരയിൽ മാണിക്യം, ഇന്ദ്രനീലക്കല്ല്, വജ്രം എന്നിവയും 19 മൂന്നാമത്തെ നിരയിൽ പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല് എന്നിവയും 20 നാലാമത്തെ നിരയിൽ പുഷ്യരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും പതിക്കണം. അവ അതതു തങ്കക്കസവുതടങ്ങളിൽ പതിക്കണം. 21 ഇസ്രായേൽ പുത്രന്മാരിൽ ഓരോരുത്തർക്കും ഓരോ കല്ലുവീതം പന്ത്രണ്ടു കല്ലുകൾ ഉണ്ടായിരിക്കണം. പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെയും പേര് ഓരോ കല്ലിലും മുദ്രക്കൊത്തായി കൊത്തിയിരിക്കണം. 22 “നിർണയപ്പതക്കത്തിനു തങ്കംകൊണ്ടു മെടഞ്ഞ ചരടുപോലുള്ള മാലയുണ്ടാക്കണം. 23 തങ്കംകൊണ്ടു രണ്ടു വളയം ഉണ്ടാക്കി, അവ നിർണയപ്പതക്കത്തിന്റെ രണ്ടറ്റത്തും പിടിപ്പിക്കണം. 24 തങ്കംകൊണ്ടുള്ള രണ്ടു മാല നിർണയപ്പതക്കത്തിന്റെ അറ്റങ്ങളിലുള്ള രണ്ടു വളയത്തിലും കൊളുത്തണം. 25 മാലയുടെ മറ്റേ രണ്ടറ്റവും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ അതിന്റെ മുൻഭാഗവുമായി യോജിപ്പിക്കണം. 26 തങ്കംകൊണ്ട് വേറെ രണ്ടു വളയങ്ങൾ ഉണ്ടാക്കണം. നിർണയപ്പതക്കത്തിന്റെ മറ്റേ രണ്ടറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനുനേരേ അതിന്റെ വിളുമ്പിൽ അകത്തും പിടിപ്പിക്കണം. 27 തങ്കംകൊണ്ടു വേറെ രണ്ടു വളയങ്ങളും ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് ചുമൽക്കണ്ടത്തിന്റെ താഴേ, അതിന്റെ ചേർപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിനു മുകളിലായി വെക്കണം. 28 നിർണയപ്പതക്കം ഏഫോദിന്റെ മുകൾഭാഗത്തു വരുന്നതിനും ഏഫോദിൽനിന്ന് ഇളകിപ്പോകാതെ ഉറച്ചിരിക്കേണ്ടതിനും നിർണയപ്പതക്കത്തിന്റെ വളയങ്ങളും ഏഫോദിന്റെ വളയങ്ങളും നീലച്ചരടുകൊണ്ടു ചേർത്തുകെട്ടണം. 29 “അഹരോൻ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുമ്പോൾ നിർണയപ്പതക്കത്തിൽ ഇസ്രായേൽമക്കളുടെ പേരുകൾ എപ്പോഴും യഹോവയുടെമുമ്പിൽ ഓർമയ്ക്കായി തന്റെ ഹൃദയത്തിന്മേൽ വഹിക്കണം. 30 കൂടാതെ, നിർണയപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും വെക്കണം; അഹരോൻ യഹോവയുടെ സന്നിധിയിൽ പ്രവേശിക്കുമ്പോഴെല്ലാം അവ അവന്റെ ഹൃദയത്തിന്മേൽ ഇരിക്കും. അങ്ങനെ, ഇസ്രായേൽമക്കൾക്കുവേണ്ടി തീരുമാനങ്ങളെടുക്കാൻ സഹായകമായ മാധ്യമങ്ങൾ യഹോവയുടെമുമ്പാകെ അഹരോൻ തന്റെ ഹൃദയത്തിന്മേൽ വഹിക്കും. 31 “ഏഫോദിന്റെ അങ്കിമുഴുവനും നീലത്തുണികൊണ്ടുണ്ടാക്കണം. 32 അങ്കിയുടെ നടുവിൽ തല കടക്കുന്നതിന് ഒരു ദ്വാരം വേണം. അതു കീറിപ്പോകാതിരിക്കേണ്ടതിനു കവചത്തിനുള്ളതുപോലെ നെയ്ത്തുപണിയായ ഒരു നാട ദ്വാരത്തിന്റെ ചുറ്റിലും ഉണ്ടായിരിക്കണം. 33 അങ്കിയുടെ വിളുമ്പിൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടു ചുറ്റും മാതളപ്പഴങ്ങളും അവയുടെ ഇടയിൽ ചുറ്റും തങ്കംകൊണ്ടു മണികളും ഉണ്ടാക്കണം. 34 അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു തങ്കംകൊണ്ടുള്ള മണി, ഒരു മാതളപ്പഴം, ഒരു തങ്കംകൊണ്ടുള്ള മണി, ഒരു മാതളപ്പഴം ഈ ക്രമത്തിൽ ആയിരിക്കണം. 35 അഹരോൻ ശുശ്രൂഷചെയ്യുമ്പോൾ അതു ധരിക്കണം. യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുമ്പോഴും പുറത്തു വരുമ്പോഴും അതിന്റെ നാദം കേൾക്കട്ടെ; അല്ലെങ്കിൽ അവൻ മരിക്കും. 36 “തങ്കംകൊണ്ട് ഒരു നെറ്റിപ്പട്ടം ഉണ്ടാക്കി അതിൽ മുദ്ര കൊത്തണം:യഹോവയ്ക്കു വിശുദ്ധം. 37 ആ നെറ്റിപ്പട്ടം തലപ്പാവിന്റെ മുൻഭാഗത്തു നീലച്ചരടു കോർത്തു കെട്ടണം. 38 ഇസ്രായേൽമക്കൾ വിശുദ്ധവഴിപാടുകളിലൂടെ വിശുദ്ധീകരിക്കുന്ന എല്ലാ വിശുദ്ധവസ്തുക്കളിലും സംഭവിക്കാവുന്ന കുറ്റം അഹരോൻ വഹിക്കേണ്ടതിന് അത് അഹരോന്റെ നെറ്റിയിൽ ഇരിക്കേണം. യഹോവയുടെ പ്രസാദം അവർക്കു ലഭിക്കേണ്ടതിന് ആ പട്ടം എപ്പോഴും അഹരോന്റെ നെറ്റിയിൽ ഇരിക്കണം. 39 “മൃദുലചണവസ്ത്രംകൊണ്ടുള്ള അങ്കി ചിത്രപ്പണിയായി നെയ്തുണ്ടാക്കണം. മൃദുലചണനൂൽകൊണ്ടു തലപ്പാവും ഉണ്ടാക്കണം. അരക്കെട്ടും ചിത്രത്തയ്യൽപ്പണിയായി ഉണ്ടാക്കണം. 40 അഹരോന്റെ പുത്രന്മാർക്കു മഹത്ത്വത്തിനും അലങ്കാരത്തിനുമായി അങ്കിയും അരക്കെട്ടും ശിരോവസ്ത്രവും നിർമിക്കണം. 41 നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ഇവ ധരിപ്പിച്ചതിനുശേഷം അവർ എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിന് അവരെ അഭിഷേകംചെയ്തു പ്രതിഷ്ഠിച്ച് ശുദ്ധീകരിക്കണം. 42 “അവരുടെ നഗ്നത മറയ്ക്കേണ്ടതിന് അവർക്കു ചണനൂൽകൊണ്ട് അരമുതൽ തുടവരെ എത്തുന്ന അടിവസ്ത്രം ഉണ്ടാക്കണം. 43 അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷചെയ്യാൻ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴും അവർ അകൃത്യം വഹിച്ചു മരിക്കാതിരിക്കേണ്ടതിന്, അവർ അതു ധരിച്ചിരിക്കണം.“ഇത് അവനും അവന്റെ പിൻഗാമികൾക്കും എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം.