2 Kings 8 (IRVM2)
1 അനന്തരം എലീശാ താൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോട്: “നീയും നിന്റെ കുടുംബവും ഇവിടെനിന്ന് പുറപ്പെട്ട് എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊള്ളുക; യഹോവ ഒരു ക്ഷാമം വരുത്തുവാൻ പോകുന്നു; അത് ഏഴു സംവത്സരം ദേശത്ത് ഉണ്ടായിരിക്കും” എന്ന് പറഞ്ഞു. 2 ആ സ്ത്രീ ദൈവപുരുഷൻ പറഞ്ഞതുപോലെ ചെയ്തു; അവളും കുടുബവും ഫെലിസ്ത്യദേശത്ത് ഏഴു സംവത്സരം പരദേശവാസം ചെയ്തു. 3 ഏഴു സംവത്സരം കഴിഞ്ഞിട്ട് അവൾ ഫെലിസ്ത്യദേശത്തുനിന്ന് മടങ്ങിവന്നു; പിന്നെ അവൾ തന്റെ നഷ്ടപ്പെട്ട വീടും നിലവും സംബന്ധിച്ച് രാജാവിനോട് സങ്കടം ബോധിപ്പിക്കുവാൻ ചെന്നു. 4 ആ സമയം രാജാവ് ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോട് സംസാരിക്കുകയായിരുന്നു. “എലീശാ ചെയ്ത വൻകാര്യങ്ങളൊക്കെ നീ എന്നോട് വിവരിച്ചുപറക” എന്ന് രാജാവ് കല്പിച്ചു. 5 മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവൻ രാജാവിനെ കേൾപ്പിക്കുമ്പോൾ തന്നെ എലീശാ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന ആ സ്ത്രീ വന്ന് തന്റെ വീടും നിലവും സംബന്ധിച്ച് രാജാവിനോട് സങ്കടം ബോധിപ്പിച്ചു. അപ്പോൾ ഗേഹസി: “യജമാനനായ രാജാവേ, ഇവൾ തന്നേ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകൻ ഇവൻ തന്നേ” എന്ന് പറഞ്ഞു. 6 രാജാവ് സ്ത്രീയോട് ചോദിച്ചപ്പോൾ അവളും അത് വിവരിച്ച് പറഞ്ഞു. രാജാവ് ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു: “അവൾക്കുണ്ടായിരുന്നതൊക്കെയും അവൾ ദേശം വിട്ടുപോയ നാൾമുതൽ ഇതുവരെയുള്ള നിലത്തിന്റെ ആദായവും ഇവൾക്കു കൊടുപ്പിക്കണം” എന്ന് കല്പിച്ചു. 7 അനന്തരം എലീശാ ദമ്മേശെക്കിൽ ചെന്നു; അന്ന് അരാം രാജാവായ ബെൻ-ഹദദ് രോഗിയായി കിടക്കുകയായിരുന്നു; ദൈവപുരുഷൻ വന്നിട്ടുണ്ട് എന്ന് അവന് അറിവുകിട്ടി. 8 രാജാവ് ഹസായേലിനോട്: “ഒരു സമ്മാനം എടുത്തുകൊണ്ട് ദൈവപുരുഷനെ ചെന്നുകണ്ട്, ‘ഈ ദീനം മാറി എനിക്ക് സൗഖ്യം വരുമോ’ എന്ന് അവൻ മുഖാന്തരം യഹോവയോട് ചോദിക്ക” എന്ന് പറഞ്ഞു. 9 അങ്ങനെ ഹസായേൽ ദമ്മേശെക്കിലെ എല്ലാതരത്തിലും ഉള്ള വിശേഷവസ്തുക്കൾ തിരഞ്ഞെടുത്ത് നാല്പത് ഒട്ടകച്ചുമടായി അവനെ ചെന്നുകണ്ട് അവന്റെ മുമ്പിൽനിന്നു: “നിന്റെ മകൻ അരാം രാജാവായ ബെൻ-ഹദദ് എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു; ‘ഈ ദീനം മാറി എനിക്ക് സൗഖ്യം വരുമോ’ എന്ന് ചോദിക്കുന്നു” എന്ന് പറഞ്ഞു. അതിന് എലീശാ; 10 നീ ചെന്ന് അവനോട്: “നിനക്ക് നിശ്ചയമായി സൗഖ്യം വരും എന്ന് പറക; എന്നാൽ അവൻ നിശ്ചയമായി മരിച്ചുപോകുമെന്ന് യഹോവ എനിക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നു” എന്ന് പറഞ്ഞു. 11 പിന്നെ അവന് ലജ്ജ തോന്നുവോളം ഇമവെട്ടാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷൻ കരഞ്ഞു. 12 “യജമാനൻ കരയുന്നത് എന്ത്?” എന്ന് ഹസായേൽ ചോദിച്ചതിന് അവൻ: “നീ യിസ്രായേൽ മക്കളോട് ചെയ്യുവാനിരിക്കുന്ന ദോഷം ഞാൻ അറിയുന്നതുകൊണ്ടു തന്നേ; നീ അവരുടെ ദുർഗ്ഗങ്ങളെ തീയിൽ ചുടുകയും അവരുടെ യൗവനക്കാരെ വാൾകൊണ്ട് കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു കൊല്ലുകയും അവരുടെ ഗർഭിണികളുടെ ഉദരം പിളർക്കയും ചെയ്യും” എന്ന് പറഞ്ഞു. 13 “ഈ മഹാകാര്യം ചെയ്യുവാനിരിക്കുന്ന നായായ അടിയൻ എന്തുമാത്രമുള്ളു” എന്ന് ഹസായേൽ പറഞ്ഞതിന് എലീശാ: “നീ അരാമിൽ രാജാവാകുമെന്ന് യഹോവ എനിക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നു” എന്ന് പറഞ്ഞു. 14 അവൻ എലീശയെ വിട്ട് പുറപ്പെട്ട് തന്റെ യജമാനന്റെ അടുക്കൽ വന്നപ്പോൾ: “എലീശാ നിന്നോട് എന്ത് പറഞ്ഞു” എന്ന് അവൻ ചോദിച്ചു. “നിനക്ക് നിശ്ചയമായി സൗഖ്യം വരും എന്ന് അവൻ എന്നോട് പറഞ്ഞു” എന്ന് അവൻ ഉത്തരം പറഞ്ഞു. 15 പിറ്റെന്നാൾ അവൻ ഒരു കമ്പിളി എടുത്ത് വെള്ളത്തിൽ മുക്കി അവന്റെ മുഖത്തിട്ടു; അതിനാൽ അവൻ ശ്വാസം മുട്ടി മരിച്ചുപോയി; ഹസായേൽ അവനു പകരം രാജാവായി. 16 യിസ്രായേൽ രാജാവായ ആഹാബിന്റെ മകനായ യോരാമിന്റെ വാഴ്ചയുടെ അഞ്ചാം ആണ്ടിൽ, യെഹോശാഫാത്ത് യെഹൂദയിൽ രാജാവായിരിക്കുമ്പോൾ തന്നെ, യെഹൂദാ രാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാം യെഹൂദയിൽ രാജാവായി. 17 അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ട് സംവത്സരം യെരൂശലേമിൽ വാണു. 18 ആഹാബിന്റെ മകൾ അവന് ഭാര്യയായിരുന്നതുകൊണ്ട് അവൻ ആഹാബ് ഗൃഹത്തെപ്പോലെ യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടന്ന് യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്തു. 19 എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോട്, അവനും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും, എന്ന് വാഗ്ദാനം ചെയ്തിരുന്നതുകൊണ്ട് അവന്റെ നിമിത്തം യെഹൂദയെ നശിപ്പിക്കുവാൻ തനിക്കു മനസ്സായില്ല. 20 അവന്റെ കാലത്ത് ഏദോമ്യർ യെഹൂദയുടെ അധികാരത്തോട് മത്സരിച്ചു തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു. 21 അപ്പോൾ യെഹോരാം നിരവധി രഥങ്ങളുമായി സായിരിലേക്ക് ചെന്നു; എന്നാൽ രാത്രിയിൽ അവൻ എഴുന്നേറ്റ് തന്നെ വളഞ്ഞിരുന്ന ഏദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; പടയാളികൾ തങ്ങളുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി. 22 ഏദോമ്യർ യെഹൂദയുടെ അധികാരത്തോട് ഇന്നുവരെ മത്സരിച്ചു നില്ക്കുന്നു; ആ കാലത്ത് തന്നെ ലിബ്നയും മത്സരിച്ചു. 23 യെഹോരാമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 24 യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അഹസ്യാവ് അവന് പകരം രാജാവായി. 25 യിസ്രായേൽ രാജാവായ ആഹാബിന്റെ മകൻ യോരാമിന്റെ വാഴ്ചയുടെ പന്ത്രണ്ടാം ആണ്ടിൽ യെഹൂദാ രാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് രാജാവായി. 26 അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയുടെ പേർ അഥല്യാ എന്നായിരുന്നു; അവൾ യിസ്രായേൽ രാജാവായ ഒമ്രിയുടെ പൌത്രി ആയിരുന്നു. 27 അവൻ ആഹാബ് ഗൃഹത്തിന്റെ വഴിയിൽ നടന്ന് ആഹാബ് ഗൃഹം ചെയ്തതുപോലെ യഹോവയ്ക്ക് അനിഷ്ടമായ കാര്യങ്ങൾ ചെയ്തു; അവൻ ആഹാബിന്റെ ഗൃഹത്തോട് വിവാഹബന്ധമുള്ളവൻ ആയിരുന്നുവല്ലോ. 28 അവൻ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്ക് അരാം രാജാവായ ഹസായേലിനോട് യുദ്ധം ചെയ്‌വാൻ പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു. 29 അരാം രാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ച് ഉണ്ടായ മുറിവുകൾക്ക് യിസ്രയേലിൽ ചികിത്സചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയായതുകൊണ്ട് കൊണ്ട് യെഹൂദാ രാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യിസ്രയേലിൽ അവനെ കാണ്മാൻ ചെന്നിരുന്നു.