Ezekiel 33 (IRVM2)
1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ; 2 “മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പ്രവചിച്ച് പറയേണ്ടത്: ‘ഞാൻ ഒരു ദേശത്തിന്റെ നേരെ വാൾ വരുത്തുമ്പോൾ, ആ ദേശത്തിലെ ജനം അവരുടെ കൂട്ടത്തിൽനിന്ന് ഒരു പുരുഷനെ തിരഞ്ഞെടുത്ത് കാവല്ക്കാരനായിവച്ചാൽ, 3 ദേശത്തിന്റെ നേരെ വാൾ വരുന്നത് കണ്ടിട്ട് അവൻ കാഹളം ഊതി ജനത്തെ ഓർമ്മപ്പെടുത്തുമ്പോൾ, 4 ആരെങ്കിലും കാഹളനാദം കേട്ട് കരുതിക്കൊള്ളാതെ ഇരുന്നാൽ, വാൾ വന്ന് അവനെ ഛേദിച്ചുകളയുന്നു എങ്കിൽ അവന്റെ രക്തം അവന്റെ തലമേൽ തന്നെ ഇരിക്കും. 5 അവൻ കാഹളനാദം കേട്ടിട്ട് മുൻകരുതൽ എടുക്കാതെയിരുന്നതിനാൽ അവന്റെ രക്തം അവന്റെമേൽ ഇരിക്കും; മുൻകരുതൽ എടുത്തിരുന്നുവെങ്കിൽ അവൻ തന്റെ പ്രാണനെ രക്ഷിക്കുമായിരുന്നു. 6 എന്നാൽ കാവല്ക്കാരൻ വാൾ വരുന്നത് കണ്ട് കാഹളം ഊതാതെയും ജനം കരുതിക്കൊള്ളാതെയും ഇരുന്നിട്ട്, വാൾ വന്ന് അവരുടെ ഇടയിൽനിന്ന് ഒരുവനെ ഛേദിച്ചുകളയുന്നു എങ്കിൽ, ഇവൻ തന്റെ അകൃത്യം നിമിത്തം ഛേദിക്കപ്പെട്ടുപോയി എങ്കിലും, അവന്റെ രക്തം ഞാൻ കാവല്ക്കാരനോടു ചോദിക്കും. 7 അതുപോലെ മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽ ഗൃഹത്തിനു കാവല്ക്കാരനാക്കി വച്ചിരിക്കുന്നു, നീ എന്റെ വായിൽനിന്നു വചനം കേട്ട് എന്റെ നാമത്തിൽ അവരെ ഓർമ്മപ്പെടുത്തണം. 8 ഞാൻ ദുഷ്ടനോട്: ‘ദുഷ്ടാ, നീ മരിക്കും’ എന്ന് കല്പിക്കുമ്പോൾ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിയുവാൻ തക്കവിധം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാൽ ദുഷ്ടൻ തന്റെ അകൃത്യം നിമിത്തം മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോട് ചോദിക്കും. 9 എന്നാൽ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിയേണ്ടതിന് നീ അവനെ ഓർമ്മപ്പെടുത്തിയിട്ടും, അവൻ തന്റെ വഴി വിട്ടുതിരിയാതെയിരുന്നാൽ, അവൻ തന്റെ അകൃത്യം നിമിത്തം മരിക്കും; നീയോ, നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു. 10 അതുകൊണ്ട് മനുഷ്യപുത്രാ, നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത്: ‘ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവയാൽ ഞങ്ങൾ ക്ഷയിച്ചുപോകുന്നു; ഞങ്ങൾ എങ്ങനെ ജീവിച്ചിരിക്കും’ എന്ന് നിങ്ങൾ പറയുന്നു. 11 എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ ആകുന്നു എനിക്ക് ഇഷ്ടമുള്ളത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; “തിരിയുവിൻ, നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിയുവിൻ; യിസ്രായേൽ ഗൃഹമേ, നിങ്ങൾ എന്തിന് മരിക്കുന്നു” എന്ന് അവരോടു പറയുക. 12 “മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പറയേണ്ടത് ‘നീതിമാൻ അതിക്രമം ചെയ്യുന്ന നാളിൽ അവന്റെ നീതി അവനെ രക്ഷിക്കുകയില്ല; ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിയുന്ന നാളിൽ തന്റെ ദുഷ്ടതയാൽ ഇടറിവീഴുകയുമില്ല; നീതിമാൻ പാപം ചെയ്യുന്ന നാളിൽ, അവന് തന്റെ നീതിയാൽ ജീവിക്കുവാൻ കഴിയുകയുമില്ല. 13 നീതിമാൻ ജീവിക്കുമെന്ന് ഞാൻ അവനോട് പറയുമ്പോൾ, അവൻ സ്വന്ത നീതിയിൽ ആശ്രയിച്ച് അകൃത്യം പ്രവർത്തിക്കുന്നു എങ്കിൽ, അവന്റെ നീതിപ്രവൃത്തികൾ ഒന്നും അവനു കണക്കിടുകയില്ല; അവൻ ചെയ്ത നീതികേടുനിമിത്തം അവൻ മരിക്കും. 14 എന്നാൽ ഞാൻ ദുഷ്ടനോട്: ‘നീ മരിക്കും’ എന്നു പറയുമ്പോൾ അവൻ തന്റെ പാപം വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുകയും, 15 പണയം തിരികെ കൊടുക്കുകയും, അപഹരിച്ചതു മടക്കിക്കൊടുക്കുകയും, നീതികേട് ഒന്നും ചെയ്യാതെ ജീവന്റെ ചട്ടങ്ങളെ അനുസരിക്കുകയും ചെയ്താൽ അവൻ മരിക്കാതെ ജീവിക്കും. 16 അവൻ ചെയ്ത പാപം ഒന്നും അവനോട് കണക്കിടുകയില്ല; അവൻ നീതിയും ന്യായവും പ്രവർത്തിച്ചിരിക്കുന്നു; അവൻ ജീവിക്കും. 17 എന്നാൽ നിന്റെ സ്വജാതിക്കാർ: ‘കർത്താവിന്റെ വഴി ന്യായമുള്ളതല്ല’ എന്ന് പറയുന്നു; അവരുടെ വഴിയത്രേ ന്യായമല്ലാത്തതായിരിക്കുന്നത്. 18 നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞ് നീതികേട് പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ തന്നെ മരിക്കും. 19 എന്നാൽ ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ ജീവിക്കും. 20 എന്നിട്ടും ‘കർത്താവിന്റെ വഴി ന്യായമുള്ളതല്ല’ എന്ന് നിങ്ങൾ പറയുന്നു; യിസ്രായേൽ ഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ നടപ്പിനു തക്കവണ്ണം ന്യായംവിധിക്കും”. 21 ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാം ആണ്ട്, പത്താം മാസം, അഞ്ചാം തീയതി, യെരൂശലേമിൽ നിന്നു രക്ഷപെട്ട ഒരുവൻ എന്റെ അടുക്കൽ വന്നു: “നഗരം പിടിക്കപ്പെട്ടുപോയി” എന്നു പറഞ്ഞു. 22 രക്ഷപെട്ടവൻ വരുന്നതിന്റെ തലേദിവസം വൈകുന്നേരം യഹോവയുടെ കൈ എന്റെ മേൽ വന്നു; രാവിലെ അവൻ എന്റെ അടുക്കൽ വരുമ്പോഴേക്ക് യഹോവ എന്റെ വായ് തുറന്നിരുന്നു; അങ്ങനെ എന്റെ വായ് തുറന്നതുകൊണ്ട് ഞാൻ പിന്നെ മൗനമായിരുന്നില്ല. 23 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: “മനുഷ്യപുത്രാ, 24 യിസ്രായേൽദേശത്തിലെ ശൂന്യസ്ഥലങ്ങളിൽ വസിക്കുന്നവർ: ‘അബ്രാഹാം ഏകനായിരിക്കെ അവന് ദേശം അവകാശമായി ലഭിച്ചു; ഞങ്ങൾ പലരാകുന്നു; ഈ ദേശം ഞങ്ങൾക്ക് അവകാശമായി നൽകപ്പെട്ടിരിക്കുന്നു’ എന്നു പറയുന്നു. 25 അതുകൊണ്ട് നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ മാംസം രക്തത്തോടുകൂടി തിന്നുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുകയും രക്തം ചൊരിയുകയും ചെയ്യുന്നു; 26 നിങ്ങൾ ദേശം കൈവശമാക്കുമോ? നിങ്ങൾ നിങ്ങളുടെ വാളിൽ ആശ്രയിക്കുകയും മ്ലേച്ഛത പ്രവർത്തിക്കുകയും ഓരോരുത്തനും തന്റെ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയും ചെയ്യുന്നു; നിങ്ങൾ ദേശം കൈവശമാക്കുമോ?” 27 നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്നാണ, ശൂന്യസ്ഥലങ്ങളിൽ പാർക്കുന്നവർ വാൾകൊണ്ടു വീഴും; വെളിമ്പ്രദേശത്തുള്ളവരെ ഞാൻ മൃഗങ്ങൾക്ക് ഇരയായി കൊടുക്കും; കോട്ടകളിലും ഗുഹകളിലും ഉള്ളവരോ പകർച്ചവ്യാധിയാൽ മരിക്കും. 28 ഞാൻ ദേശത്തെ പാഴും ശൂന്യവും ആക്കും; അതിന്റെ ബലത്തിന്റെ പ്രതാപം നിന്നുപോകും; ആരും വഴിനടക്കാത്തവണ്ണം യിസ്രായേൽപർവ്വതങ്ങൾ ശൂന്യമായിത്തീരും. 29 അവർ ചെയ്ത സകലമ്ലേച്ഛതകളും നിമിത്തം ഞാൻ ദേശത്തെ പാഴും ശൂന്യവുമാക്കുമ്പോൾ, ഞാൻ യഹോവ എന്ന് അവർ അറിയും. 30 മനുഷ്യപുത്രാ, നിന്റെ സ്വജാതിക്കാർ മതിലുകൾക്കരികിലും വീട്ടുവാതില്‍ക്കലും വച്ച് നിന്നെക്കുറിച്ച് സംഭാഷിച്ച്: ‘യഹോവയിൽ നിന്നുണ്ടായ അരുളപ്പാട് എന്തെന്ന് വന്നു കേൾക്കുവിൻ’ എന്ന് തമ്മിൽതമ്മിലും ഓരോരുത്തൻ അവനവന്റെ സഹോദരനോടും പറയുന്നു. 31 സംഘം കൂടിവരുന്നതുപോലെ അവർ നിന്റെ അടുക്കൽവന്ന് എന്റെ ജനമായിട്ട് നിന്റെ മുമ്പിൽ ഇരുന്ന് നിന്റെ വചനങ്ങൾ കേൾക്കുന്നു; എന്നാൽ അവർ അവ പ്രമാണിക്കുന്നില്ല; വായ്കൊണ്ട് അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, അന്യായലാഭം കൊതിക്കുന്നു. 32 നീ അവർക്ക് മധുരസ്വരവും വാദ്യനൈപുണ്യവും ഉള്ള ഒരുവന്റെ പ്രേമഗീതംപോലെ ഇരിക്കുന്നു; അവർ നിന്റെ വചനങ്ങൾ കേൾക്കുന്നു; അനുസരിക്കുന്നില്ലതാനും. 33 എന്നാൽ അത് സംഭവിക്കുമ്പോൾ - ഇതാ, അത് വരുന്നു - അവരുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു. എന്ന് അവർ അറിയും”.