Job 29 (IRVM2)
1 ഇയ്യോബ് പിന്നെയും പറഞ്ഞത്: 2 “അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു. 3 അന്ന് അവിടുത്തെ ദീപം എന്റെ തലയ്ക്കുമീതെ പ്രകാശിച്ചു;അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു. 4 എന്റെ കൂടാരത്തിന് ദൈവത്തിന്റെ സഖ്യത ഉണ്ടായിരുന്നു;സർവ്വശക്തൻ എന്നോടുകൂടി വസിക്കുകയും 5 എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കുകയും ചെയ്തഎന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു. 6 അന്ന് ഞാൻ എന്റെ കാലുകൾ വെണ്ണകൊണ്ട് കഴുകി;പാറ എനിയ്ക്ക് തൈലനദികളെ ഒഴുക്കിത്തന്നു. 7 ഞാൻ പുറപ്പെട്ട് പട്ടണത്തിലേക്കുള്ള പടിവാതില്ക്കൽ ചെന്നു.വിശാലസ്ഥലത്ത് എന്റെ ഇരിപ്പിടം വയ്ക്കുമ്പോൾ 8 യൗവ്വനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും;വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും. 9 പ്രഭുക്കന്മാർ സംസാരം നിർത്തി,കൈകൊണ്ട് വായ് പൊത്തും. 10 ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും;അവരുടെ നാവ് അണ്ണാക്കോടു പറ്റും. 11 എന്റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും;എന്നെ കണ്ട കണ്ണ് എനിയ്ക്ക് സാക്ഷ്യം നല്കും. 12 നിലവിളിച്ച എളിയവനെയും അനാഥനെയുംതുണയറ്റവനെയും ഞാൻ വിടുവിച്ചു. 13 നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു;വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷംകൊണ്ട് ആലപിക്കുമാറാക്കി. 14 ഞാൻ നീതിയെ ധരിച്ചു; അത് എന്റെ ഉടുപ്പായിരുന്നു;എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു. 15 ഞാൻ കുരുടന് കണ്ണുംമുടന്തന് കാലും ആയിരുന്നു. 16 ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു;ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു. 17 നീതികെട്ടവന്റെ അണപ്പല്ല് ഞാൻ തകർത്തു;അവന്റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു. 18 എന്റെ കൂട്ടിൽവച്ച് ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും. 19 എന്റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു;എന്റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു. 20 എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു;എന്റെ വില്ല് എന്റെ കയ്യിൽ പുതിയതായിരിക്കും എന്ന് ഞാൻ പറഞ്ഞു. 21 മനുഷ്യർ കാത്തിരുന്ന് എന്റെ വാക്ക് കേൾക്കും;എന്റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും. 22 ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല;എന്റെ മൊഴി അവരുടെ മേൽ മഴപോലെ ഇറ്റിറ്റ് വീഴും. 23 മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും;പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും. 24 അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾഞാൻ അവരെ നോക്കി പുഞ്ചിരിതൂകി;എന്റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല. 25 ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായി ഇരിക്കും;സൈന്യസമേതനായ രാജാവിനെപ്പോലെയുംദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും.