Lamentations 5 (IRVM2)
1 യഹോവേ, ഞങ്ങൾക്ക് എന്ത് ഭവിക്കുന്നു എന്ന് ഓർക്കേണമേ;ഞങ്ങൾക്ക് നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ. 2 ഞങ്ങളുടെ സ്വത്ത് അന്യന്മാർക്കും ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയിപ്പോയി. 3 ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു;ഞങ്ങളുടെ അമ്മമാർ വിധവമാരായ്തീർന്നിരിക്കുന്നു. 4 ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലകൊടുത്ത് വാങ്ങി കുടിക്കുന്നു;ഞങ്ങളുടെ വിറക് ഞങ്ങൾ വിലകൊടുത്ത് വാങ്ങുന്നു. 5 ഞങ്ങളെ പിന്തുടരുന്നവരുടെ കാലുകൾ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു;ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്ക് വിശ്രാമവുമില്ല. 6 അപ്പം തിന്ന് തൃപ്തരാകേണ്ടതിന് ഞങ്ങൾ ഈജിപ്റ്റിനും അശ്ശൂരിനും കീഴടങ്ങിയിരിക്കുന്നു. 7 ഞങ്ങളുടെ പൂര്വ്വ പിതാക്കന്മാർ പാപംചെയ്ത് ഇല്ലാതെയായിരിക്കുന്നു;അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു. 8 ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു;അവരുടെ കയ്യിൽനിന്ന് ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല. 9 മരുഭൂമിയിലെ വാൾ നിമിത്തം പ്രാണഭയത്തോടെഞങ്ങൾ ആഹാരം ചെന്ന് കൊണ്ടുവരുന്നു. 10 ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു. 11 അവർ സീയോനിൽ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും ബലാൽക്കാരം ചെയ്തിരിക്കുന്നു. 12 അവർ സ്വന്ത കൈകൊണ്ട് പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു;വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല. 13 യൗവനക്കാർ തിരികല്ല് ചുമക്കുന്നു; ബാലന്മാർ വിറകുചുമന്ന് ഇടറി വീഴുന്നു. 14 വൃദ്ധന്മാരെ പട്ടണവാതില്ക്കലുംയൗവനക്കാരെ സംഗീതത്തിനും കാണുന്നില്ല. 15 ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി;ഞങ്ങളുടെ നൃത്തം വിലാപമായ്തീർന്നിരിക്കുന്നു. 16 ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി;ഞങ്ങൾ പാപം ചെയ്കകൊണ്ട് ഞങ്ങൾക്ക് അയ്യോ കഷ്ടം! 17 ഇതുകൊണ്ട് ഞങ്ങളുടെ ഹൃദയത്തിന് രോഗം പിടിച്ചിരിക്കുന്നു;ഇതു നിമിത്തം ഞങ്ങളുടെ കണ്ണ് മങ്ങിയിരിക്കുന്നു. 18 സീയോൻപർവ്വതം ശൂന്യമായി; കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ട് തന്നെ. 19 യഹോവേ, അങ്ങ് ശാശ്വതനായും അങ്ങയുടെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു. 20 അങ്ങ് സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്ത്? 21 യഹോവേ, ഞങ്ങൾ മടങ്ങി വരേണ്ടതിന് ഞങ്ങളെ അങ്ങയിലേയ്ക്ക് മടക്കിവരുത്തേണമേ;ഞങ്ങൾക്ക് പണ്ടത്തെപ്പോലെ ഒരു നല്ലകാലം വരുത്തേണമേ; 22 അല്ല, അങ്ങ് ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ?ഞങ്ങളോട് അങ്ങ് അതികഠിനമായി കോപിച്ചിരിക്കുന്നുവോ?
In Other Versions
Lamentations 5 in the ANTPNG2D
Lamentations 5 in the BNTABOOT
Lamentations 5 in the BOHNTLTAL
Lamentations 5 in the BOILNTAP
Lamentations 5 in the KBT1ETNIK
Lamentations 5 in the TBIAOTANT