Proverbs 4 (IRVM2)
1 മക്കളേ, അപ്പന്റെ പ്രബോധനം കേട്ട്വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ. 2 ഞാൻ നിങ്ങൾക്ക് സൽബുദ്ധി ഉപദേശിച്ചുതരുന്നു;എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്. 3 ഞാൻ എന്റെ അപ്പന് മകനുംഎന്റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു; 4 അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്:“എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക;എന്റെ കല്പനകളെ പ്രമാണിച്ച് ജീവിക്കുക. 5 ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്;എന്റെ വചനങ്ങളെ വിട്ടുമാറുകയും അരുത്. 6 അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും;അതിൽ പ്രിയം വെക്കുക; അത് നിന്നെ സൂക്ഷിക്കും; 7 ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക;നിന്റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക. 8 അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും;അതിനെ ആലിംഗനം ചെയ്താൽ അത് നിനക്ക് മാനം വരുത്തും. 9 അത് നിന്റെ തലയെ അലങ്കാരമാല അണിയിക്കും;അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും. 10 മകനേ കേട്ട് എന്റെ വചനങ്ങളെ കൈക്കൊള്ളുക;എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും. 11 ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു;നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു. 12 നടക്കുമ്പോൾ നിന്റെ കാലടികൾ തടസ്സം നേരിടുകയില്ല;ഓടുമ്പോൾ നീ ഇടറുകയുമില്ല. 13 പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്;അതിനെ കാത്തുകൊള്ളുക, അത് നിന്റെ ജീവനല്ലയോ. 14 ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്;ദുർജ്ജനത്തിന്റെ വഴിയിൽ നടക്കുകയും അരുത്; 15 അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്;അത് വിട്ടുമാറി കടന്നുപോകുക. 16 അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല;ആരെയെങ്കിലും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരുകയില്ല. 17 ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു;ബലാല്ക്കാരത്തിന്റെ വീഞ്ഞ് അവർ പാനംചെയ്യുന്നു. 18 നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ;അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു. 19 ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു;ഏതിൽ തട്ടിവീഴും എന്ന് അവർ അറിയുന്നില്ല. 20 മകനേ, എന്റെ വചനങ്ങൾക്ക് ശ്രദ്ധതരിക;എന്റെ മൊഴികൾക്ക് നിന്റെ ചെവിചായിക്കുക. 21 അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്;നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക. 22 അവയെ കിട്ടുന്നവർക്ക് അവ ജീവനുംഅവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു. 23 സകലജാഗ്രതയോടുംകൂടി നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക;ജീവന്റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്. 24 വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക;അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക. 25 നിന്റെ കണ്ണ് നേരെ നോക്കട്ടെ;നിന്റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ. 26 നിന്റെ കാലുകളുടെ പാത നിരപ്പാക്കുക;നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ. 27 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്;നിന്റെ കാലുകൾ തിന്മയിൽനിന്ന് അകലുമാറാക്കുക.