2 Chronicles 18 (BOMCV)
1 യെഹോശാഫാത്തിന് സമ്പത്തും ബഹുമതിയും വളരെ വർധിച്ചു. അദ്ദേഹം വിവാഹബന്ധത്തിലൂടെ ആഹാബുമായി സഖ്യം സ്ഥാപിച്ചു. 2 ചില വർഷങ്ങൾക്കുശേഷം ആഹാബിനെ സന്ദർശിക്കുന്നതിനായി അദ്ദേഹം ശമര്യയിലേക്കുചെന്നു. ആഹാബ് അദ്ദേഹത്തിനും കൂടെയുള്ള ആളുകൾക്കുംവേണ്ടി അനേകം ആടുകളെയും കാളകളെയും അറത്തു. അതിനുശേഷം ഗിലെയാദിലെ രാമോത്ത് ആക്രമിക്കുന്നതിന് തന്നോടൊപ്പം ചെല്ലാൻ അദ്ദേഹത്തെ നിർബന്ധിച്ചു. 3 ഇസ്രായേൽരാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോട്: “ഗിലെയാദിലെ രാമോത്തിനെതിരേ യുദ്ധത്തിനായി അങ്ങയും എന്റെകൂടെ വരാമോ?” എന്നു ചോദിച്ചു.യെഹോശാഫാത്ത് മറുപടികൊടുത്തു: “ഞാൻ അങ്ങയെപ്പോലെ; എന്റെ ജനം അങ്ങയുടെ ജനത്തെപ്പോലെതന്നെ. ഞങ്ങൾ നിങ്ങളോടൊപ്പം യുദ്ധത്തിനു പോരാം.” 4 യെഹോശാഫാത്ത് തുടർന്നു: “എന്നാൽ, ഒന്നാമതായി നമുക്ക് യഹോവയോട് അരുളപ്പാട് ചോദിക്കാം.” 5 അങ്ങനെ, ഇസ്രായേൽരാജാവ് നാനൂറു പ്രവാചകന്മാരെ ഒരുമിച്ചു വിളിച്ചുവരുത്തി അവരോട്: “ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനുപോകയോ, അഥവാ, പോകാതിരിക്കയോ എന്താണു ചെയ്യേണ്ടത്?” എന്നു ചോദിച്ചു.“പോയാലും! ദൈവം അതിനെ രാജാവിന്റെ കൈയിൽ ഏൽപ്പിച്ചുതരും,” എന്ന് അവർ ഉത്തരം പറഞ്ഞു. 6 എന്നാൽ, യെഹോശാഫാത്ത് ആഹാബിനോടു: “നാം ദൈവഹിതം അന്വേഷിക്കേണ്ടതിനായി ഇവിടെ യഹോവയുടെ പ്രവാചകനായി മറ്റാരുമില്ലേ?” എന്നു ചോദിച്ചു. 7 ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയുടെഹിതം ആരായേണ്ടതിനായി യിമ്ളയുടെ മകനായ മീഖായാവ് എന്നൊരാൾകൂടി ഇവിടെയുണ്ട്; പക്ഷേ, അയാൾ എന്നെപ്പറ്റി തിന്മയായുള്ളതല്ലാതെ, നന്മയായി ഒരിക്കലും പ്രവചിക്കാറില്ല. അതുകൊണ്ട് ഞാൻ അയാളെ വെറുക്കുന്നു” എന്നു പറഞ്ഞു.“രാജാവ് അങ്ങനെ പറയരുതേ,” എന്നു യെഹോശാഫാത്ത് ആഹാബിനോട് അപേക്ഷിച്ചു. 8 അങ്ങനെ, ഇസ്രായേൽരാജാവ് തന്റെ ഉദ്യോഗസ്ഥരിൽ ഒരാളോട്, “വേഗത്തിൽ യിമ്ളയുടെ മകനായ മീഖായാവെ കൂട്ടിക്കൊണ്ടുവരിക” എന്നു കൽപ്പന നൽകി. 9 ഇസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജകീയ വേഷധാരികളായി അവരവരുടെ സിംഹാസനങ്ങളിൽ ശമര്യയുടെ കവാടത്തിനുവെളിയിൽ ധാന്യം മെതിക്കുന്ന വിശാലമായ ഒരു മൈതാനത്തിൽ ഇരിക്കുകയായിരുന്നു. പ്രവാചകന്മാരെല്ലാം അവരുടെമുമ്പിൽ പ്രവചിച്ചുകൊണ്ടിരുന്നു. 10 കെനയനയുടെ മകനായ സിദെക്കീയാവ് ഇരുമ്പുകൊണ്ടു കൊമ്പുകളുണ്ടാക്കി, “ ‘ഇതുകൊണ്ട് നീ അരാമ്യരെ ആക്രമിച്ച് അവരെ കുത്തിക്കീറിക്കളയും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. 11 മറ്റു പ്രവാചകന്മാരും അങ്ങനെതന്നെ പ്രവചിച്ചു: “രാമോത്തിലെ ഗിലെയാദിനെ ആക്രമിക്കുക! വിജയിയാകുക! യഹോവ അതിനെ രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.” 12 മീഖായാവെ ആനയിക്കാൻപോയ ഉദ്യോഗസ്ഥൻ അദ്ദേഹത്തോട്: “നോക്കൂ, മറ്റു പ്രവാചകന്മാരെല്ലാം ഏകകണ്ഠമായി രാജാവിനു വിജയം പ്രവചിച്ചിരിക്കുന്നു. അങ്ങയുടെ പ്രവചനവും അവരുടേതുപോലെ രാജാവിന് അനുകൂലമായിരിക്കട്ടെ!” എന്നു പറഞ്ഞു. 13 എന്നാൽ മീഖായാവ്: “ജീവിക്കുന്ന യഹോവയാണെ, ദൈവം എന്നോട് എന്ത് അരുളിച്ചെയ്യുന്നോ അതുതന്നെ ഞാൻ പ്രസ്താവിക്കും” എന്നുത്തരം പറഞ്ഞു. 14 മീഖായാവു രാജസന്നിധിയിലെത്തിയപ്പോൾ രാജാവ് അദ്ദേഹത്തോട്: “മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിനെതിരേ യുദ്ധത്തിനു പുറപ്പെടണമോ അഥവാ, ഞാൻ പുറപ്പെടാതിരിക്കണമോ എന്തു ചെയ്യേണം?” എന്നു ചോദിച്ചു.മീഖായാവു പരിഹാസത്തോടെ മറുപടികൊടുത്തു: “ആക്രമിക്കുക! വിജയം വരിക്കുക! അവർ നിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും.” 15 രാജാവ് അദ്ദേഹത്തോട്: “യഹോവയുടെ നാമത്തിൽ, എന്നോടു സത്യമല്ലാതെ മറ്റൊന്നും പറയരുതെന്നു ഞാൻ നിങ്ങളെക്കൊണ്ട് എത്രപ്രാവശ്യം ശപഥംചെയ്യിക്കണം?” എന്നു ചോദിച്ചു. 16 അപ്പോൾ മീഖായാവു മറുപടി പറഞ്ഞു: “ഇസ്രായേൽസൈന്യം ഇടയനില്ലാത്ത ആടുകളെപ്പോലെ മലമുകളിൽ ചിതറിയിരിക്കുന്നതു ഞാൻ ദർശനത്തിൽ കണ്ടു. ‘ഈ ജനത്തിനു നായകനില്ല; ഓരോരുത്തനും സമാധാനത്തോടെ ഭവനങ്ങളിലേക്കു പോകട്ടെ’ എന്ന് യഹോവ കൽപ്പിക്കുകയും ചെയ്തു.” 17 അപ്പോൾ, ഇസ്രായേൽരാജാവായ ആഹാബ് യെഹോശാഫാത്തിനോട്: “ഈ മനുഷ്യൻ എന്നെക്കുറിച്ച് ദോഷമായതല്ലാതെ, നന്മയായുള്ളത് യാതൊന്നും പ്രവചിക്കുകയില്ലെന്ന് ഞാൻ അങ്ങയോടു പറഞ്ഞിരുന്നില്ലേ?” എന്നു ചോദിച്ചു. 18 മീഖായാവു തുടർന്നു പറഞ്ഞത്: “എന്നാൽ, യഹോവയുടെ വാക്കു ശ്രദ്ധിക്കുക. യഹോവ തന്റെ സിംഹാസനത്തിലിരിക്കുന്നതും തന്റെ സകലസ്വർഗീയസൈന്യവും അവിടത്തെ വലത്തും ഇടത്തുമായി അണിനിരന്നുനിൽക്കുന്നതും ഞാൻ ദർശിച്ചു. 19 അപ്പോൾ യഹോവ, ‘ഇസ്രായേൽരാജാവായ ആഹാബ് ഗിലെയാദിലെ രാമോത്തിൽച്ചെന്ന്, യുദ്ധത്തിൽ വധിക്കപ്പെടുംവിധം അതിനെ ആക്രമിക്കുന്നതിലേക്ക് ആര് അവനെ പ്രലോഭിപ്പിക്കും?’ എന്നു ചോദിച്ചു.“ചിലർ ഇത്തരത്തിലും മറ്റുചിലർ മറ്റൊരുതരത്തിലും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു. 20 എന്നാൽ, അവസാനം ഒരാത്മാവ് മുൻപോട്ടുവന്നു യഹോവയുടെമുമ്പിൽ നിന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘ഞാൻ അവനെ പ്രലോഭിപ്പിക്കും.’“ ‘എങ്ങനെ?’ എന്ന് യഹോവ ചോദിച്ചു. 21 “ ‘ഞാൻ ചെന്ന് അയാളുടെ സകലപ്രവാചകന്മാരുടെയും അധരങ്ങളിൽ വ്യാജത്തിന്റെ ആത്മാവായി പ്രവർത്തിക്കും’ എന്ന് ആ ആത്മാവ് മറുപടി നൽകി.“അപ്പോൾ യഹോവ: ‘അവനെ വശീകരിക്കുന്നതിൽ നീ വിജയിക്കും; നീ പോയി അപ്രകാരം ചെയ്യുക!’ എന്നു കൽപ്പിച്ചു. 22 “അങ്ങനെ, യഹോവ ഇപ്പോൾ നിന്റെ ഈ പ്രവാചകന്മാരുടെ അധരങ്ങളിൽ വ്യാജത്തിന്റെ ആത്മാവിനെ അയച്ചിരിക്കുന്നു. യഹോവ നിനക്കു നാശം നിർണയിച്ചിരിക്കുന്നു.” 23 അപ്പോൾ, കെനയനയുടെ മകനായ സിദെക്കീയാവ് മുൻപോട്ടുചെന്ന് മീഖായാവിന്റെ മുഖത്തടിച്ചു. “യഹോവയുടെ ആത്മാവ് എന്നെവിട്ടു നിന്നോടു സംസാരിക്കാൻ ഏതുവഴിയായി വന്നു?” എന്നു ചോദിച്ചു. 24 “ഒരു രഹസ്യ അറയിൽ ഒളിക്കാൻ പോകുന്നനാളിൽ നീ അതു കണ്ടെത്തും,” എന്നു മീഖായാവു മറുപടി പറഞ്ഞു. 25 അതിനുശേഷം ഇസ്രായേൽരാജാവ്: “മീഖായാവിനെ നഗരാധിപനായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ തിരികെ കൊണ്ടുപോകുക. 26 ‘അവനെ കാരാഗൃഹത്തിലടയ്ക്കുകയും ഞാൻ സുരക്ഷിതനായി മടങ്ങിവരുന്നതുവരെ അപ്പവും വെള്ളവുംമാത്രം കൊടുക്കുകയും ചെയ്യുക എന്നതാണ് രാജാവിന്റെ ഉത്തരവ്,’ എന്ന് അവനോടു പറയുക” എന്ന് ആജ്ഞാപിച്ചു. 27 അപ്പോൾ മീഖായാവ്, “അങ്ങു സുരക്ഷിതനായി മടങ്ങിവരുമെങ്കിൽ യഹോവ എന്നിലൂടെ അരുളിച്ചെയ്തിട്ടില്ല” എന്നു മറുപടി പറഞ്ഞു. “ഈ ജനമെല്ലാം, എന്റെ വാക്കുകൾ കുറിച്ചിട്ടുകൊള്ളട്ടെ!” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 28 അങ്ങനെ, ഇസ്രായേൽരാജാവായ ആഹാബും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിനെതിരേ യുദ്ധത്തിനായി പുറപ്പെട്ടു. 29 ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “ഞാൻ വേഷപ്രച്ഛന്നനായി യുദ്ധത്തിൽ പ്രവേശിക്കട്ടെ; എന്നാൽ, അങ്ങ് രാജകീയ വേഷം ധരിച്ചാലും” എന്നു പറഞ്ഞു. അങ്ങനെ, ഇസ്രായേൽരാജാവ് വേഷപ്രച്ഛന്നനായി യുദ്ധരംഗത്തു പ്രവേശിച്ചു. 30 എന്നാൽ, “ഇസ്രായേൽരാജാവിനോടല്ലാതെ ചെറിയവനോ വലിയവനോ ആയ മറ്റൊരുത്തനോടും യുദ്ധംചെയ്യരുത്,” എന്ന് അരാംരാജാവ് തന്റെ രഥനായകന്മാർക്ക് ആജ്ഞ നൽകിയിരുന്നു. 31 രഥനായകന്മാർ യെഹോശാഫാത്തിനെ കണ്ടപ്പോൾ, “ഇതാണ് ഇസ്രായേൽരാജാവ്” എന്നു ചിന്തിച്ചു; അദ്ദേഹത്തെ ആക്രമിക്കാനായിത്തിരിഞ്ഞു. എന്നാൽ, അദ്ദേഹം നിലവിളിക്കുകയും യഹോവ അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു. ദൈവം അവരെ അദ്ദേഹത്തിൽനിന്ന് അകറ്റിക്കൊണ്ടുപോയി. 32 അത് ഇസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ ഗ്രഹിക്കുകയും അവർ അദ്ദേഹത്തെ പിൻതുടരുന്നത് അവസാനിപ്പിക്കുകയും ചെയ്തു. 33 എന്നാൽ ഏതോ ഒരു അരാമ്യപടയാളി യാദൃച്ഛികമായി വില്ലുകുലച്ച് ഇസ്രായേൽരാജാവിന്റെ കവചത്തിന്റെ വിടവുകൾക്കിടയിൽ എയ്തു. “രഥം തിരിച്ച് എന്നെ യുദ്ധക്കളത്തിനു വെളിയിൽ കൊണ്ടുപോകുക; എനിക്കു സാരമായി മുറിവേറ്റിരിക്കുന്നു,” എന്നു രാജാവു തേരാളിയോടു കൽപ്പിച്ചു. 34 അന്നുമുഴുവൻ യുദ്ധം അത്യുഗ്രമായിത്തുടർന്നു. സന്ധ്യവരെ ഇസ്രായേൽരാജാവ് അരാമ്യർക്ക് അഭിമുഖമായി തന്റെ രഥത്തിൽ ചാരി നിവർന്നുനിന്നു. സൂര്യാസ്തമയത്തിൽ അയാൾ മരിച്ചുവീണു.
In Other Versions
2 Chronicles 18 in the ANTPNG2D
2 Chronicles 18 in the BNTABOOT
2 Chronicles 18 in the BOATCB2
2 Chronicles 18 in the BOGWICC
2 Chronicles 18 in the BOHNTLTAL
2 Chronicles 18 in the BOILNTAP
2 Chronicles 18 in the BOKHWOG
2 Chronicles 18 in the KBT1ETNIK
2 Chronicles 18 in the TBIAOTANT