Isaiah 36 (BOMCV)
1 ഹിസ്കിയാരാജാവിന്റെ ഭരണത്തിന്റെ പതിന്നാലാംവർഷം അശ്ശൂർരാജാവായ സൻഹേരീബ് കോട്ടകളാൽ സുരക്ഷിതമാക്കപ്പെട്ട സകല യെഹൂദാനഗരങ്ങളും ആക്രമിച്ചു കീഴടക്കി. 2 അപ്പോൾ അശ്ശൂർരാജാവ് തന്റെ യുദ്ധക്കളത്തിലെ അധിപനെ ഒരു മഹാസൈന്യത്തോടൊപ്പം ലാഖീശിൽനിന്ന് ഹിസ്കിയാരാജാവിന്റെ അടുക്കൽ ജെറുശലേമിലേക്ക് അയച്ചു. ആ സൈന്യാധിപൻ അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയിൽ മുകളിലായുള്ള കുളത്തിന്റെ കൽപ്പാത്തിയിൽ നിലയുറപ്പിച്ചു. 3 അപ്പോൾ കൊട്ടാരം ഭരണാധിപനും ഹിൽക്കിയാവിന്റെ മകനുമായ എല്യാക്കീം, ലേഖകനായ ശെബ്ന, ആസാഫിന്റെ മകനും രാജകീയ രേഖാപാലകനുമായ യോവാഹ് എന്നിവർ കോട്ടയ്ക്കു വെളിയിൽ അദ്ദേഹത്തിന്റെ അടുത്തേക്കുചെന്നു. 4 യുദ്ധക്കളത്തിലെ അധിപൻ അവരോടു പറഞ്ഞു: “നിങ്ങൾ ഹിസ്കിയാവിനോട് പറയുക:“ ‘മഹാനായ അശ്ശൂർരാജാവ് ഇപ്രകാരം കൽപ്പിക്കുന്നു: നിന്റെ ഈ ഉറപ്പ് എന്തടിസ്ഥാനത്തിലാണ്? 5 നിനക്കു യുദ്ധതന്ത്രവും സൈനികശക്തിയും ഉണ്ടെന്നു നീ പറയുന്നു. എന്നാൽ നീ പൊള്ളവാക്കു പറയുകയാണ്, എന്നോടെതിർക്കാൻമാത്രം നീ ആരെയാണ് ആശ്രയിക്കുന്നത്? 6 നോക്കൂ, നീ ഈജിപ്റ്റിനെ ആശ്രയിക്കുന്നുണ്ടാകാം. അതൊരു ചതഞ്ഞ ഓടത്തണ്ടാണ്. അതിന്മേൽ ചാരുന്നവരുടെ കൈയിൽ അത് തുളച്ചുകയറും. തന്നെ ആശ്രയിക്കുന്ന ഏതൊരാൾക്കും, ഈജിപ്റ്റിലെ രാജാവായ ഫറവോനും അങ്ങനെതന്നെ. 7 പിന്നെ, “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയിൽ ആശ്രയിക്കുന്നു” എന്നാണു നിങ്ങൾ പറയുന്നതെങ്കിൽ, “നിങ്ങൾ ഈ യാഗപീഠത്തിനുമുമ്പിൽ ആരാധിക്കണം” എന്ന് യെഹൂദയോടും ഇസ്രായേലിനോടും പറഞ്ഞുകൊണ്ട് ഹിസ്കിയാവ് നീക്കിക്കളഞ്ഞത് ആ ദൈവത്തിന്റെ ക്ഷേത്രങ്ങളും യാഗപീഠങ്ങളുമല്ലേ? 8 “ ‘വരിക, എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതുകെട്ടുവിൻ. നിങ്ങൾക്ക് കുതിരച്ചേവകരെ കണ്ടെത്താൻ കഴിയുമെങ്കിൽ ഞാൻ നിങ്ങൾക്കു രണ്ടായിരം കുതിരയെ തരാം. 9 എങ്കിൽ രഥങ്ങൾക്കും കുതിരകൾക്കുംവേണ്ടി നിങ്ങൾ ഈജിപ്റ്റിനെ ആശ്രയിച്ചാലും, എന്റെ യജമാനന്റെ ഉദ്യോഗസ്ഥരിൽ നിസ്സാരനായ ഒരുവനെയെങ്കിലും നിങ്ങൾക്കെങ്ങനെ ധിക്കരിക്കാൻ കഴിയും? 10 അതുമാത്രമോ? യഹോവയെക്കൂടാതെയാണോ ഞാൻ ഈ സ്ഥലം ആക്രമിക്കുന്നതിനും ഇതിനെ നശിപ്പിക്കുന്നതിനും വന്നത്? ഈ ദേശത്തിനെതിരേ യുദ്ധംചെയ്യുന്നതിനും ഇതിനെ നശിപ്പിക്കുന്നതിനും യഹോവതന്നെ എന്നോടു കൽപ്പിച്ചിരിക്കുന്നു.’ ” 11 അപ്പോൾ എല്യാക്കീമും ശെബ്നയും യോവാഹും യുദ്ധക്കളത്തിലെ അധിപനോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ അടിയങ്ങൾക്ക് അരാമ്യഭാഷയറിയാം; ദയവായി അരാമ്യഭാഷയിൽ സംസാരിച്ചാലും! മതിലിന്മേലുള്ള ജനം കേൾക്കെ അടിയങ്ങളോട് എബ്രായഭാഷയിൽ സംസാരിക്കരുതേ!” 12 എന്നാൽ ആ സൈന്യാധിപൻ മറുപടികൊടുത്തു: “ഇക്കാര്യങ്ങൾ നിങ്ങളോടും നിങ്ങളുടെ യജമാനനോടുംമാത്രം പറയുന്നതിനാണോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? മതിലിന്മേലിരിക്കുന്ന ഈ ജനത്തെയും അറിയിക്കാനല്ലേ? അവരും നിങ്ങളെപ്പോലെ സ്വന്തം മലം തിന്നുകയും സ്വന്തം മൂത്രം കുടിക്കുകയും ചെയ്യേണ്ടിവരികയില്ലേ?” 13 പിന്നെ ആ സൈന്യാധിപൻ എഴുന്നേറ്റുനിന്ന് എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞു: “മഹാനായ അശ്ശൂർരാജാവിന്റെ വാക്കുകൾ കേൾക്കുക! 14 രാജാവ് ഇപ്രകാരം കൽപ്പിക്കുന്നു: ഹിസ്കിയാവ് നിങ്ങളെ ചതിക്കരുത്. അദ്ദേഹത്തിന് എന്റെ കൈയിൽനിന്നു നിങ്ങളെ വിടുവിക്കാൻ കഴിയുകയില്ല. 15 ‘യഹോവ നിശ്ചയമായും നമ്മെ വിടുവിക്കും; ഈ നഗരത്തെ അശ്ശൂർരാജാവിന്റെ കൈയിലേക്കു വിട്ടുകൊടുക്കുകയില്ല,’ എന്നു പറഞ്ഞ് ഹിസ്കിയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കാൻ പ്രേരിപ്പിക്കാതിരിക്കട്ടെ. 16 “ഹിസ്കിയാവു പറയുന്നതു നിങ്ങൾ കേൾക്കരുത്. അശ്ശൂർരാജാവ് ആജ്ഞാപിക്കുന്നത് ഇപ്രകാരമാണ്: ഞാനുമായി സമാധാനസന്ധിയുണ്ടാക്കി നിങ്ങൾ എന്റെ അടുത്തേക്കു പോരുക. അപ്പോൾ നിങ്ങളിൽ ഓരോരുത്തർക്കും സ്വന്തം വീഞ്ഞു കുടിക്കുകയും സ്വന്തം അത്തിമരത്തിൽനിന്നു പഴം തിന്നുകയും സ്വന്തം ജലസംഭരണിയിൽനിന്ന് കുടിക്കുകയും ചെയ്യാം. 17 പിന്നെ ഞാൻ വന്നു നിങ്ങളെ നിങ്ങളുടെ സ്വന്തം നാടുപോലെയുള്ള ഒരു നാട്ടിലേക്ക്—ധാന്യവും പുതുവീഞ്ഞുമുള്ള ഒരു നാട്ടിലേക്ക്, അപ്പവും മുന്തിരിത്തോപ്പുകളുമുള്ള ഒരു നാട്ടിലേക്ക് കൊണ്ടുപോകും. 18 “ ‘യഹോവ നമ്മെ വിടുവിക്കും,’ എന്നു പറഞ്ഞ് ഹിസ്കിയാവു നിങ്ങളെ വഴിതെറ്റിക്കാതെ സൂക്ഷിക്കുക. രാഷ്ട്രങ്ങളുടെ ദേവന്മാരിൽ ആരെങ്കിലും അവരുടെ ദേശത്തെ അശ്ശൂർരാജാവിന്റെ കൈയിൽനിന്ന് വിടുവിച്ചിട്ടുണ്ടോ? 19 ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവയീമിലെയും ഹേനയിലെയും ഇവ്വയിലെയും ദേവന്മാർ എവിടെ? അവർ എന്റെ കൈയിൽനിന്ന് ശമര്യയെ രക്ഷിച്ചിട്ടുണ്ടോ? 20 ഈ സകലരാജ്യങ്ങളിലെയും ദേവന്മാരിൽ ആർക്ക് എന്റെ കൈയിൽനിന്നു തങ്ങളുടെ നാടിനെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്? പിന്നെ യഹോവയ്ക്ക് എങ്ങനെ എന്റെ കൈയിൽനിന്നു ജെറുശലേമിനെ രക്ഷിക്കാൻ കഴിയും?” 21 “അദ്ദേഹത്തോട് ഒരു വാക്കും മറുപടി പറയരുത്,” എന്ന് ഹിസ്കിയാരാജാവു ജനത്തോടു കൽപ്പിച്ചിട്ടുണ്ടായിരുന്നു. അതിനാൽ അവർ മിണ്ടാതിരുന്നു; മറുപടിയായി യാതൊന്നും അദ്ദേഹത്തോടു പറഞ്ഞില്ല. 22 പിന്നെ കൊട്ടാരം ഭരണാധിപനും ഹിൽക്കിയാവിന്റെ മകനുമായ എല്യാക്കീമും, ലേഖകനായ ശെബ്നയും, ആസാഫിന്റെ മകനും രാജകീയ രേഖാപാലകനുമായ യോവാഹും തങ്ങളുടെ വസ്ത്രംകീറിക്കൊണ്ട് ഹിസ്കിയാവിന്റെ അടുക്കൽവന്നു. അവർ യുദ്ധക്കളത്തിലെ അധിപൻ പറഞ്ഞ കാര്യങ്ങൾ രാജാവിനെ അറിയിച്ചു.