1 Chronicles 19 (IRVM2)
1 അതിന്‍റെശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അവന്റെ മകൻ അവന് പകരം രാജാവായി. 2 അപ്പോൾ ദാവീദ്: “നാഹാശ് എന്നോട് ദയ കാണിച്ചതുകൊണ്ട് അവന്റെ മകനായ ഹാനൂനോട് ഞാനും ദയ കാണിക്കും” എന്നു പറഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു ഹാനൂനോട് ആശ്വാസവാക്കു പറയുവാൻ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാർ അമ്മോന്യരുടെ ദേശത്ത് ഹാനൂന്റെ അടുക്കൽ അവനെ ആശ്വസിപ്പിക്കുവാൻ വന്നപ്പോൾ 3 അമ്മോന്യപ്രഭുക്കന്മാർ ഹാനൂനോടു: “ദാവീദ് നിന്റെ അപ്പനോടുള്ള ബഹുമാനം കൊണ്ടാണ് നിന്റെ അടുക്കൽ ആശ്വസിപ്പിക്കുന്നവരെ അയച്ചിരിക്കുന്നത് എന്ന് നിനക്ക് തോന്നുന്നുവോ? ദേശത്തെ പരിശോധിക്കുവാനും മുടിപ്പാനും ഒറ്റുനോക്കുവാനും അല്ലയോ അവന്റെ ഭൃത്യന്മാർ നിന്റെ അടുക്കൽ വന്നിരിക്കുന്നത്” എന്നു പറഞ്ഞു. 4 അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൗരം ചെയ്യിച്ചു അവരുടെ അങ്കികൾ അരമുതൽ പാദം വരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു. 5 ചിലർ ആ പുരുഷന്മാരുടെ വിവരം ദാവീദിനോട് ചെന്ന് അറിയിച്ചു; അവർ ഏറ്റവും ലജ്ജിച്ചിരിക്കയാൽ ദാവീദ് അവരെ എതിരേൽക്കുവാൻ ആളയച്ച്; “നിങ്ങളുടെ താടി വളരുന്നതുവരെ യെരിഹോവിൽ താമസിച്ചിട്ട് മടങ്ങിവരുവിൻ” എന്നു രാജാവു പറയിച്ചു. 6 തങ്ങൾ ദാവീദിന് വെറുപ്പായി എന്നു അമ്മോന്യർ കണ്ടപ്പോൾ ഹാനൂനും അമ്മോന്യരും മെസൊപൊത്താമ്യയിൽനിന്നും മയഖയോടു ചേർന്ന അരാമിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും കുതിരപ്പടയാളികളേയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്ക് വാങ്ങി. 7 അവർ മുപ്പത്തീരായിരം രഥങ്ങളെയും മയഖാരാജാവിനെയും അവന്റെ പടജ്ജനത്തെയും കൂലിക്ക് വാങ്ങി; അവർ വന്നു മെദേബെക്കു മുമ്പിൽ പാളയമിറങ്ങി; അമ്മോന്യരും അവരുടെ പട്ടണങ്ങളിൽനിന്നു വന്നുകൂടി പടയ്ക്കു പുറപ്പെട്ടു. 8 ദാവീദ് അത് കേട്ടപ്പോൾ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു. 9 അമ്മോന്യർ വന്ന് പട്ടണത്തിന്റെ പടിവാതില്ക്കൽ യുദ്ധത്തിനായി അണിനിരന്നു; അവരെ സഹായിക്കുവാൻ വന്ന രാജാക്കന്മാർ തനിച്ചു വെളിമ്പ്രദേശത്തായിരുന്നു. 10 തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് എല്ലാ യിസ്രായേൽ വീരന്മാരിൽനിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യർക്കെതിരെ അണിനിരത്തി. 11 ശേഷിച്ച പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരെ അണിനിരന്നു. 12 പിന്നെ അവൻ: “അരാമ്യർ എന്നേക്കാൾ ശക്തി പ്രാപിച്ചാൽ നീ എനിക്ക് സഹായം ചെയ്യേണം; അമ്മോന്യർ നിന്നേക്കാൾ ശക്തി പ്രാപിച്ചാൽ ഞാൻ നിനക്ക് സഹായം ചെയ്യും. 13 ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവ തനിക്കു ഇഷ്ടമുള്ളത് ചെയ്യുമാറാകട്ടെ” എന്നു പറഞ്ഞു. 14 പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു യുദ്ധത്തിന് ചെന്നു; അവർ അവന്റെ മുമ്പിൽനിന്നു ഓടി. 15 അരാമ്യർ ഓടിപ്പോയതു കണ്ടപ്പോൾ അമ്മോന്യരും അതുപോലെ അവന്റെ സഹോദരനായ അബീശായിയുടെ മുമ്പിൽനിന്നു ഓടി, പട്ടണത്തിൽ കടന്നു; യോവാബ് യെരൂശലേമിലേക്കു പോന്നു. 16 തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യർ കണ്ടപ്പോൾ അവർ ദൂതന്മാരെ അയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്റെ സേനാപതിയായ ശോഫക്ക് അവരുടെ നായകനായിരുന്നു. 17 അത് ദാവീദിന് അറിവുകിട്ടിയപ്പോൾ അവൻ എല്ലാ യിസ്രായേലിനെയും കൂട്ടി യോർദ്ദാൻ കടന്നു അവർക്കെതിരെ ചെന്ന് അവരുടെ നേരെ അണിനിരത്തി. ദാവീദ് അരാമ്യർക്കു നേരെ പടക്ക് അണിനിരത്തിയ ശേഷം അവർ അവനോട് പടയേറ്റു യുദ്ധംചെയ്തു. 18 എന്നാൽ അരാമ്യർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ദാവീദ് അരാമ്യരിൽ ഏഴായിരം തേരാളികളെയും നാല്പതിനായിരം കാലാളുകളെയും വധിച്ചു; സേനാപതിയായ ശോഫക്കിനെയും കൊന്നുകളഞ്ഞു. 19 ഹദദേസെരിന്റെ ഭൃത്യന്മാർ തങ്ങൾ യിസ്രായേലിനോടു തോറ്റുപോയെന്ന് കണ്ടിട്ട് ദാവീദിനോടു സന്ധിചെയ്തു അവന് കീഴടങ്ങി; അമ്മോന്യരെ സഹായിക്കുവാൻ അരാമ്യർ പിന്നെ ശ്രമിച്ചതുമില്ല.
In Other Versions
1 Chronicles 19 in the ANTPNG2D
1 Chronicles 19 in the BNTABOOT
1 Chronicles 19 in the BOATCB2
1 Chronicles 19 in the BOGWICC
1 Chronicles 19 in the BOHNTLTAL
1 Chronicles 19 in the BOILNTAP
1 Chronicles 19 in the BOKHWOG
1 Chronicles 19 in the KBT1ETNIK
1 Chronicles 19 in the TBIAOTANT