Job 28 (IRVM2)
1 വെള്ളിയ്ക്ക് ഒരു ഉത്ഭവസ്ഥാനവുംപൊന്ന് ഊതിക്കഴിക്കുവാൻ ഒരു സ്ഥലവും ഉണ്ട്. 2 ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു;കല്ലുരുക്കി ചെമ്പെടുക്കുന്നു. 3 മനുഷ്യൻ അന്ധകാരത്തിന് ഒരു അതിർ വയ്ക്കുന്നു;കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെഅങ്ങേയറ്റംവരെ ശോധനചെയ്യുന്നു. 4 താമസമുള്ള സ്ഥലത്തുനിന്ന് ദൂരെ അവർ കുഴികുത്തുന്നു;നടന്നുപോകുന്ന മനുഷ്യന് അവർ മറന്നു പോയവർ തന്നെ;മനുഷ്യർക്ക് അകലെ അവർ തൂങ്ങി ആടുന്നു. 5 ഭൂമിയിൽനിന്ന് ആഹാരം ഉണ്ടാകുന്നു;അതിന്റെ ഉൾഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു. 6 അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം;സ്വർണ്ണപ്പൊടിയും അതിൽ ഉണ്ട്. 7 അതിന്റെ പാത കഴുകൻ അറിയുന്നില്ല;പരുന്തിന്റെ കണ്ണ് അതിനെ കണ്ടിട്ടില്ല. 8 ഘോരകാട്ടുമൃഗങ്ങൾ അതിൽ ചവിട്ടിയിട്ടില്ല;ഭീകരസിംഹം അതിലെ നടന്നിട്ടുമില്ല. 9 അവർ തീക്കൽപാറയിലേക്ക് കൈ നീട്ടുന്നു;പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു. 10 അവർ പാറകളുടെ ഇടയിൽകൂടി ചാലുകൾ വെട്ടുന്നു;അവരുടെ കണ്ണ് വിലയേറിയ വസ്തുക്കളെയെല്ലാം കാണുന്നു. 11 അവർ നീരൊഴുക്കുകളെ ഒഴുകാത്തവിധം തടഞ്ഞുനിർത്തുന്നു;മറഞ്ഞിരിക്കുന്നവയെ അവർ വെളിച്ചത്ത് കൊണ്ടുവരുന്നു. 12 എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ? 13 അതിന്റെ വില മനുഷ്യൻ അറിയുന്നില്ല;ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല. 14 അത് എന്നിൽ ഇല്ല എന്ന് ആഴമേറിയ സമുദ്രം പറയുന്നു;അത് എന്റെ പക്കൽ ഇല്ല എന്ന് കടലും പറയുന്നു. 15 സ്വർണ്ണം കൊടുത്താൽ അത് കിട്ടുന്നതല്ല;അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറില്ല. 16 ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോനീലരത്നമോ ഒന്നും അതിന് പകരമാകുകയില്ല; 17 സ്വർണ്ണവും സ്ഫടികവും അതിന് തുല്ല്യമല്ല;തങ്കആഭരണങ്ങൾ പകരം കൊടുത്ത് അത് നേടാൻ കഴിയുകയില്ല. 18 പവിഴത്തിന്റെയും പളുങ്കിന്റെയും പേര് പറയുകയും വേണ്ടാ;ജ്ഞാനത്തിന്റെ വില മുത്തുകളേക്കാൾ അധികമാണ്. 19 എത്യോപ്യയിലെ പുഷ്യരാഗം അതിനോട് സമമല്ല;തങ്കംകൊണ്ട് അതിന്റെ വില മതിക്കാകുന്നതുമല്ല. 20 പിന്നെ ജ്ഞാനം എവിടെനിന്ന് വരുന്നു?വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ? 21 അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു;ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു. 22 ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട്എന്ന് നാശവും മരണവും പറയുന്നു. 23 ദൈവം അതിലേക്കുള്ള വഴി അറിയുന്നു;അതിന്റെ ഉത്ഭവസ്ഥാനം അവിടുത്തേക്ക് നിശ്ചയമുണ്ട്. 24 ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു;ആകാശത്തിന്റെ കീഴെല്ലാം കാണുന്നു. 25 ദൈവം കാറ്റിനെ തൂക്കിനോക്കുകയുംവെള്ളത്തിന്റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു. 26 ദൈവം മഴയ്ക്ക് ഒരു നിയമവുംഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ 27 അവിടുന്ന് അത് കണ്ട് വർണ്ണിക്കുകയുംഅത് സ്ഥാപിച്ച് പരിശോധിക്കുകയും ചെയ്തു. 28 കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം;ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകംഎന്ന് ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.