Numbers 34 (IRVM2)
1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2 “യിസ്രായേൽ മക്കളോട് നീ കല്പിക്കേണ്ടത് എന്തെന്നാൽ: ‘നിങ്ങൾ കനാൻദേശത്ത് എത്തുമ്പോൾ നിങ്ങൾക്ക് അവകാശമായി നൽകുവാനിരിക്കുന്ന ദേശത്തിന്റെ അതിരുകൾ ഇങ്ങനെ ആയിരിക്കണം. 3 തെക്കെഭാഗം സീൻമരുഭൂമി തുടങ്ങി ഏദോമിന്റെ വശത്തുകൂടിയായിരിക്കണം; നിങ്ങളുടെ തെക്കെ അതിർത്തി കിഴക്ക് ഉപ്പുകടലിന്റെ അറ്റം തുടങ്ങി ആയിരിക്കണം. 4 പിന്നെ നിങ്ങളുടെ അതിര് അക്രബ്ബീംകയറ്റത്തിന് തെക്കോട്ട് തിരിഞ്ഞ് സീനിലേക്ക് കടന്ന് കാദേശ്ബർന്നേയയുടെ തെക്ക് അവസാനിക്കണം. അവിടെനിന്ന് ഹസർ-അദ്ദാർവരെ ചെന്ന് അസ്മോനിലേക്ക് കടക്കണം. 5 പിന്നെ അസ്മോൻതുടങ്ങി ഈജിപ്റ്റ് നദിയിലേക്ക് തിരിഞ്ഞ് സമുദ്രത്തിൽ അവസാനിക്കണം. 6 പടിഞ്ഞാറ് മഹാസമുദ്രം അതിരായിരിക്കണം. അത് നിങ്ങളുടെ പടിഞ്ഞാറെ അതിര്. 7 വടക്ക് മഹാസമുദ്രംതുടങ്ങി ഹോർപർവ്വതം വരെയും 8 അവിടെനിന്ന് ഹമാത്ത്‌വരെയും നിങ്ങളുടെ അതിരായിരിക്കണം. സെദാദിൽ ആ അതിര് അവസാനിക്കണം; 9 പിന്നെ അതിര് സിഫ്രോൻവരെ ചെന്ന് ഹസർ-ഏനാനിൽ അവസാനിക്കണം; ഇത് നിങ്ങളുടെ വടക്കെ അതിര്. 10 കിഴക്ക് ഹസർ-ഏനാൻതുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കണം. 11 ശെഫാംതുടങ്ങി ആ അതിര് അയീന്റെ കിഴക്ക് ഭാഗത്ത് രിബ്ളാവരെ ഇറങ്ങിച്ചെന്ന് കിന്നേരെത്ത് കടലിന്‍റെ കിഴക്കെ കരയോട് ചേർന്നിരിക്കണം. 12 അവിടെനിന്ന് യോർദ്ദാൻവഴിയായി ഇറങ്ങിച്ചെന്ന് ഉപ്പുകടലിൽ അവസാനിക്കണം. ഇത് നിങ്ങളുടെ ദേശത്തിന്റെ ചുറ്റുമുള്ള അതിരായിരിക്കണം”. 13 മോശെ യിസ്രായേൽ മക്കളോട് കല്പിച്ചത്: “നിങ്ങൾക്ക് ചീട്ടിട്ട് അവകാശമായി ലഭിക്കുവാനുള്ളതും യഹോവ ഒമ്പതര ഗോത്രങ്ങൾക്ക് കൊടുക്കുവാൻ കല്പിച്ചിട്ടുള്ളതുമായ ദേശം ഇതുതന്നെ. 14 രൂബേൻഗോത്രക്കാരുടെ കുടുംബങ്ങൾക്കും ഗാദ്ഗോത്രക്കാരുടെ കുടുംബങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവരവരുടെ അവകാശം ലഭിച്ചുവല്ലോ”. 15 ഈ രണ്ടര ഗോത്രത്തിന് അവകാശം ലഭിച്ചത് കിഴക്കൻപ്രദേശത്ത് യെരിഹോവിന് കിഴക്ക് യോർദ്ദാനക്കരെ ആയിരുന്നു. 16 പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: 17 “ദേശം നിങ്ങൾക്ക് അവകാശമായി ഭാഗിച്ചു തരേണ്ടവരുടെ പേരുകൾ ഇതാ: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും. 18 ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന് നിങ്ങൾ ഓരോ ഗോത്രത്തിൽനിന്ന് ഓരോ പ്രഭുവിനെയും കൂട്ടിക്കൊള്ളണം. 19 അവർ ആരെന്നാൽ: യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്. 20 ശിമെയോൻ ഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ ശെമൂവേൽ. 21 ബെന്യാമീൻ ഗോത്രത്തിൽ കിസ്ളോന്റെ മകൻ എലീദാദ്. 22 ദാൻഗോത്രത്തിനുള്ള പ്രഭു യൊഗ്ലിയുടെ മകൻ ബുക്കി. 23 യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിനുള്ള പ്രഭു എഫോദിന്റെ മകൻ ഹാന്നീയേൽ. 24 എഫ്രയീംഗോത്രത്തിനുള്ള പ്രഭു ശിഫ്താന്റെ മകൻ കെമൂവേൽ. 25 സെബൂലൂൻഗോത്രത്തിനുള്ള പ്രഭു പർന്നാക്കിന്റെ മകൻ എലീസാഫാൻ. 26 യിസ്സാഖാർഗോത്രത്തിനുള്ള പ്രഭു അസ്സാന്റെ മകൻ പൽത്തീയേൽ. 27 ആശേർഗോത്രത്തിനുള്ള പ്രഭു ശെലോമിയുടെ പുത്രൻ അഹീഹൂദ്. 28 നഫ്താലിഗോത്രത്തിനുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ. 29 യിസ്രായേൽ മക്കൾക്ക് കനാൻദേശത്ത് അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന് യഹോവ നിയമിച്ചവർ ഇവർ തന്നേ.