Psalms 89 (IRVM2)
undefined എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം. 1 യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും;തലമുറതലമുറയോളം എന്റെ വായ്കൊണ്ട് അങ്ങയുടെ വിശ്വസ്തതയെ അറിയിക്കും. 2 “ദയ എന്നേക്കും ഉറച്ചുനില്ക്കും” എന്ന് ഞാൻ പറയുന്നു;അങ്ങയുടെ വിശ്വസ്തതയെ അങ്ങ് സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു. 3 എന്റെ വൃതനോട് ഞാൻ ഒരു നിയമവുംഎന്റെ ദാസനായ ദാവീദിനോട് സത്യവും ചെയ്തിരിക്കുന്നു. 4 “നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും;നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും”. സേലാ. 5 യഹോവേ, സ്വർഗ്ഗം അങ്ങയുടെ അത്ഭുതങ്ങളെയുംവിശുദ്ധന്മാരുടെ സഭയിൽ അങ്ങയുടെ വിശ്വസ്തതയെയും വർണ്ണിക്കും. 6 സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്?ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ? 7 ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനുംഅവിടുത്തെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു. 8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെ പോലെ ബലവാൻ ആരാണുള്ളത്?യഹോവേ, അങ്ങയുടെ വിശ്വസ്തത അങ്ങയെ ചുറ്റിയിരിക്കുന്നു. 9 അങ്ങ് സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു;അതിലെ തിരകൾ പൊങ്ങുമ്പോൾ അങ്ങ് അവയെ അമർത്തുന്നു. 10 അങ്ങ് രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു;അങ്ങയുടെ ബലമുള്ള ഭുജംകൊണ്ട് അങ്ങയുടെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു. 11 ആകാശം നിനക്കുള്ളത്, ഭൂമിയും അങ്ങേക്കുള്ളത്;ഭൂതലവും അതിന്റെ പൂർണ്ണതയും അങ്ങ് സ്ഥാപിച്ചിരിക്കുന്നു. 12 ദക്ഷിണോത്തരദിക്കുകളെ അങ്ങ് സൃഷ്ടിച്ചിരിക്കുന്നു;താബോരും ഹെർമ്മോനും അങ്ങയുടെ നാമത്തിൽ ആനന്ദിക്കുന്നു; 13 അങ്ങയുടെ ഭുജം വീര്യമുള്ളത്;അങ്ങയുടെ കൈ ബലമുള്ളതും അങ്ങയുടെ വലങ്കൈ ഉന്നതവും ആകുന്നു. 14 നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു;ദയയും വിശ്വസ്തതയും അങ്ങേക്കു മുമ്പായി നടക്കുന്നു. 15 ജയഘോഷം അറിയുന്ന ജനം ഭാഗ്യമുള്ളത്;യഹോവേ, അവർ അങ്ങയുടെ മുഖപ്രകാശത്തിൽ നടക്കും. 16 അവർ ഇടവിടാതെ അങ്ങയുടെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു;അങ്ങയുടെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു. 17 അങ്ങ് അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു;അങ്ങയുടെ പ്രസാദത്താൽ ഞങ്ങളുടെ ശക്തിഉയർന്നിരിക്കുന്നു. 18 നമ്മുടെ പരിച യഹോവയ്ക്കുള്ളതുംനമ്മുടെ രാജാവ് യിസ്രായേലിന്റെ പരിശുദ്ധനുള്ളവനും ആകുന്നു. 19 അന്ന് അങ്ങ് ദർശനത്തിൽ അങ്ങയുടെ ഭക്തന്മാരോട് അരുളിച്ചെയ്തത്;“ഞാൻ വീരനായ ഒരുവന് സഹായം നല്കുകയുംജനത്തിൽനിന്ന് ഒരു വൃതനെ ഉയർത്തുകയും ചെയ്തു. 20 ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി;എന്റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു. 21 എന്റെ കൈ അവനോടുകൂടി സ്ഥിരമായിരിക്കും;എന്റെ ഭുജം അവനെ ബലപ്പെടുത്തും. 22 ശത്രു അവനെ തോല്പിക്കുകയില്ല;വഷളൻ അവനെ പീഡിപ്പിക്കുകയും ഇല്ല. 23 ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും;അവനെ വെറുക്കുന്നവരെ സംഹരിക്കും, 24 എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടി ഇരിക്കും;എന്റെ നാമത്തിൽ അവന്റെ കൊമ്പ് ഉയർന്നിരിക്കും. 25 അവന്റെ കൈ ഞാൻ സമുദ്രത്തിന്മേലുംഅവന്റെ വലങ്കൈ നദികളുടെമേലും നീട്ടുമാറാക്കും. 26 അവൻ എന്നോട്: ‘അങ്ങ് എന്റെ പിതാവ്, എന്റെ ദൈവം,എന്റെ രക്ഷയുടെ പാറ’ എന്നിങ്ങനെ വിളിച്ചുപറയും. 27 ഞാൻ അവനെ ആദ്യജാതനുംഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും. 28 ഞാൻ അവന് എന്റെ ദയ എന്നേക്കും കാണിക്കും;എന്റെ നിയമം അവനുവേണ്ടി സ്ഥിരമായി നില്ക്കും. 29 ഞാൻ അവന്റെ സന്തതിയെ ശാശ്വതമായുംഅവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. 30 അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയുംഎന്റെ വിധികൾ അനുസരിച്ചുനടക്കാതിരിക്കുകയും 31 എന്റെ ചട്ടങ്ങൾ ലംഘിക്കുകയുംഎന്റെ കല്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്താൽ 32 ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടുംഅവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും. 33 എങ്കിലും എന്റെ ദയ ഞാൻ അവനിൽ നിന്നു നീക്കിക്കളയുകയില്ല;എന്റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല. 34 ഞാൻ എന്റെ നിയമം ലംഘിക്കുകയോഎന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന് മാറ്റം വരുത്തുകയോ ചെയ്യുകയില്ല. 35 ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു;ദാവീദിനോട് ഞാൻ ഭോഷ്കുപറയുകയില്ല. 36 അവന്റെ സന്തതി ശാശ്വതമായുംഅവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. 37 അത് ചന്ദ്രനെപ്പോലെയുംആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയുംഎന്നേക്കും സ്ഥിരമായിരിക്കും”. സേലാ. 38 എങ്കിലും അങ്ങ് ഉപേക്ഷിച്ച് തള്ളിക്കളയുകയും അങ്ങയുടെ അഭിഷിക്തനോട് കോപിക്കുകയും ചെയ്തു. 39 അങ്ങയുടെ ദാസനോടുള്ള നിയമത്തെ അങ്ങ് തള്ളിക്കളഞ്ഞു;അവന്റെ കിരീടത്തെ അങ്ങ് നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു. 40 അങ്ങ് അവന്റെ വേലി എല്ലാം പൊളിച്ചു;അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു. 41 വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു;തന്റെ അയല്ക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു. 42 അങ്ങ് അവന്റെ വൈരികളുടെ വലംകൈ ഉയർത്തി;അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു. 43 അവന്റെ വാളിന്റെ വായ്ത്തല അങ്ങ് മടക്കി;യുദ്ധത്തിൽ അവനെ നില്‍ക്കുമാറാക്കിയതുമില്ല. 44 അവന്റെ തേജസ്സ് അങ്ങ് ഇല്ലാതെയാക്കി;അവന്റെ സിംഹാസനം നിലത്ത് തള്ളിയിട്ടു. 45 അവന്റെ യൗവനത്തെ അങ്ങ് ചുരുക്കി;അങ്ങ് അവനെ ലജ്ജകൊണ്ട് മൂടിയിരിക്കുന്നു. സേലാ. 46 യഹോവേ, അങ്ങ് നിത്യം മറഞ്ഞുകളയുന്നതുംഅങ്ങയുടെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? 47 എന്റെ ആയുസ്സ് എത്രചുരുക്കം എന്ന് ഓർക്കണമേ;എന്ത് വ്യർത്ഥതയ്ക്കായി അങ്ങ് മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു? 48 ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്?തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽനിന്ന് വിടുവിക്കുന്നവനും ആരാണ്? സേലാ. 49 കർത്താവേ, അങ്ങയുടെ വിശ്വസ്തതയിൽ അവിടുന്ന് ദാവീദിനോട്സത്യംചെയ്ത അങ്ങയുടെ പുരാതനകൃപകൾ എവിടെ? 50 കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കണമേ;എന്റെ മാർവ്വിടത്തിൽ ഞാൻ സകല ജനതതിയുടെയും നിന്ദ വഹിക്കുന്നതു തന്നെ. 51 യഹോവേ, അങ്ങയുടെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ;അവർ അങ്ങയുടെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു. 52 യഹോവ എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.