1 Corinthians 9 (BOMCV)
1 ഞാൻ സ്വതന്ത്രനല്ലേ? ഞാൻ ഒരു അപ്പൊസ്തലനല്ലേ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? ക്രിസ്തുവിലുള്ള എന്റെ അധ്വാനത്തിന്റെ ഫലമല്ലേ നിങ്ങൾ? 2 ഞാൻ മറ്റുള്ളവർക്ക് ഒരു അപ്പൊസ്തലൻ അല്ലെങ്കിൽപോലും നിങ്ങൾക്ക് ഞാൻ അപ്പൊസ്തലൻതന്നെ. കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളാണ്. 3 എന്നെ ചോദ്യംചെയ്യുന്നവരോട് എനിക്കുള്ള പ്രതിവാദം ഇതാണ്: 4 നിങ്ങളുടെ ഭക്ഷണപാനീയങ്ങളിൽ ഒരോഹരിക്ക് ഞങ്ങൾക്കും അവകാശമില്ലേ? 5 മറ്റ് അപ്പൊസ്തലന്മാരെയും കർത്താവിന്റെ സഹോദരന്മാരെയും എന്തിന് കേഫാവിനെയുംപോലെ വിശ്വാസിനിയായ ഒരു ഭാര്യയുമൊത്ത് സഞ്ചരിക്കാൻ ഞങ്ങൾക്കും അവകാശമില്ലേ? 6 തൊഴിൽ ചെയ്യാതെ ഉപജീവനം കഴിയാൻ എനിക്കും ബർന്നബാസിനുംമാത്രം അവകാശമില്ലെന്നോ? 7 ആരാണ് സ്വന്തം ചെലവിൽ സൈനികസേവനം ചെയ്യുന്നത്? മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചിട്ട് അതിലെ മുന്തിരിപ്പഴം തിന്നാത്തവർ ആരുണ്ട്? ആട്ടിൻപറ്റത്തെ പാലിച്ചിട്ട് അതിന്റെ പാൽ കുടിക്കാത്തവരും ആരുണ്ട്? 8 കേവലം മാനുഷികമായ വീക്ഷണത്തിലൂടെയോ ഞാൻ ഇതു പറയുന്നത്? ന്യായപ്രമാണത്തിലും ഇതേകാര്യം പ്രസ്താവിച്ചിട്ടില്ലേ? 9 “ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്” എന്നു മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നല്ലോ. കാളകളെക്കുറിച്ചുമാത്രമാണോ ദൈവത്തിനു കരുതലുള്ളത്? 10 വാസ്തവത്തിൽ നമ്മെ ഉദ്ദേശിച്ചല്ലേ അവിടന്ന് ഇത് അരുളിച്ചെയ്തിരിക്കുന്നത്? അതേ, നമുക്കുവേണ്ടിത്തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്. കാരണം, ഉഴുന്നവൻ ഉഴുകയും മെതിക്കുന്നവൻ മെതിക്കുകയും ചെയ്യുമ്പോൾ അവരുടെ അധ്വാനഫലമായി, വിളവിന്റെ ഓഹരി അവർക്കും ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തല്ലല്ലോ. 11 ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആത്മികമായ വിത്തു വിതച്ചിട്ട്, നിങ്ങളിൽനിന്ന് ഭൗതികമായ ഒരു വിളവെടുപ്പു നടത്തിയാൽ അത് അധികമായിപ്പോകുമോ? 12 നിങ്ങളിൽനിന്ന് ഭൗതികസഹായം ലഭിക്കാൻ മറ്റുള്ളവർക്ക് അവകാശം ഉണ്ടെങ്കിൽ ഞങ്ങൾക്ക് അത് എത്രയോ അധികം!എങ്കിലും ഞങ്ങൾ ഈ അവകാശം ഉപയോഗിച്ചിട്ടില്ല. ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ പ്രസരണത്തിനു തടസ്സം വരാതിരിക്കാനായി ഞങ്ങൾ എല്ലാം സഹിക്കുന്നു. 13 ദൈവാലയത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്കു ദൈവാലയത്തിൽനിന്നുതന്നെ ഭക്ഷണം ലഭിക്കുന്നെന്നും യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യുന്നവർക്കു വഴിപാടിന്റെ വിഹിതംകിട്ടുന്നെന്നും നിങ്ങൾക്കറിയാമല്ലോ? 14 അതുപോലെതന്നെ, സുവിശേഷം പ്രസംഗിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കണമെന്നു കർത്താവ് കൽപ്പിച്ചിരിക്കുന്നു. 15 എങ്കിലും ഈ അവകാശങ്ങളൊന്നും ഞാൻ ഉപയോഗിച്ചിട്ടില്ല. ആ കാര്യങ്ങൾ നിങ്ങൾ എനിക്കു ചെയ്തു തരണമെന്ന് ആശിച്ചുകൊണ്ടുമല്ല ഞാൻ ഇത് എഴുതുന്നത്. എനിക്ക് ഇങ്ങനെ അഭിമാനിക്കാനുള്ള അവകാശം ആരെങ്കിലും എന്നിൽനിന്ന് കവർന്നെടുക്കുന്നതിനെക്കാൾ, എനിക്കു മരണം സംഭവിക്കുന്നതാണ് കൂടുതൽ അഭികാമ്യം. 16 എങ്കിലും, സുവിശേഷം അറിയിക്കുന്നതിൽ എനിക്ക് ആത്മപ്രശംസയ്ക്ക് അതൊരു കാരണമല്ല; ഞാൻ അതിനു കടപ്പെട്ടവനാണ്. സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം! 17 ഞാൻ സ്വമേധയാ ആണ് അതു ചെയ്യുന്നതെങ്കിൽ, എനിക്കു പ്രതിഫലം ലഭിക്കും; സ്വമേധയാ അല്ലെങ്കിൽപോലും, ഞാൻ സുവിശേഷം അറിയിക്കുന്നത് ദൈവം എന്നെ ഏൽപ്പിച്ച കർത്തവ്യനിർവഹണംമാത്രമാണ്. 18 അപ്പോൾ എനിക്കുള്ള പ്രതിഫലം എന്താണ്? സുവിശേഷം എനിക്കു നൽകുന്ന അവകാശം മുഴുവൻ ഉപയോഗിക്കാതെ സുവിശേഷഘോഷണം ഒരു യാഗാർപ്പണംപോലെ സൗജന്യമായി ചെയ്യാൻ എനിക്കു കഴിയുന്നു എന്നതുതന്നെ. 19 ഞാൻ ആർക്കും അധീനൻ അല്ലെങ്കിലും പരമാവധിപേരെ ക്രിസ്തുവിലേക്കു നേടേണ്ടതിന് ഞാൻ എല്ലാവർക്കും എന്നെത്തന്നെ അധീനനാക്കിയിരിക്കുന്നു. 20 യെഹൂദരെ നേടാൻ, യെഹൂദർക്കു ഞാൻ യെഹൂദനെപ്പോലെയായി. ഞാൻ ന്യായപ്രമാണത്തിന് അധീനൻ അല്ലെങ്കിൽപോലും ന്യായപ്രമാണത്തിന് അധിനരായവരെ നേടാൻ ഞാനും അവരിൽ ഒരാളെപ്പോലെയായി. 21 ന്യായപ്രമാണമില്ലാത്തവരെ നേടാൻ ഞാൻ അവർക്കു ന്യായപ്രമാണം ഇല്ലാത്തവനെപ്പോലെയായി. ഞാൻ ക്രിസ്തുവിന്റെ പ്രമാണത്തിനു വിധേയനായിരിക്കുന്നതുകൊണ്ട് വാസ്തവത്തിൽ ദൈവത്തിന്റെ ന്യായപ്രമാണത്തിൽനിന്ന് സ്വതന്ത്രനല്ലതാനും. 22 അശക്തരെ നേടാൻ ഞാൻ അവർക്കുവേണ്ടി അശക്തനായി. ഏതുവിധത്തിലും ചിലരെ രക്ഷയിലേക്ക് നയിക്കാനായി ഞാൻ എല്ലാവർക്കുംവേണ്ടി എല്ലാം ആയിത്തീർന്നു. 23 സുവിശേഷത്തിന്റെ അനുഗ്രഹങ്ങളിൽ പങ്കാളിയാകാൻ സുവിശേഷത്തിനുവേണ്ടി ഞാൻ ഇതെല്ലാം ചെയ്യുന്നു. 24 മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും ഒരാൾക്കുമാത്രമേ സമ്മാനം ലഭിക്കുന്നുള്ളൂ എന്നു നിങ്ങൾക്കറിയാമല്ലോ? നിങ്ങളും സമ്മാനം നേടണമെന്ന ലക്ഷ്യത്തോടെ ഓടുക. 25 കായികമത്സരങ്ങളിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയും കർശന നിയന്ത്രണത്തിലൂടെ പരിശീലനം നേടുന്നു. വാടിപ്പോകുന്ന ഒരു കിരീടത്തിനുവേണ്ടിയാണ് അവർ അതു ചെയ്യുന്നത്; നാമോ വാടിപ്പോകാത്ത കിരീടത്തിനുവേണ്ടിയും. 26 അതുകൊണ്ടാണ് എന്റെ ഓട്ടം ലക്ഷ്യമില്ലാത്ത ആളിന്റെ ഓട്ടംപോലെ അല്ലാത്തത്. മുന്നിൽ എതിരാളിയില്ലാതെ മല്ലയുദ്ധംചെയ്യുന്ന ഒരാളെപ്പോലെയല്ല ഞാൻ യുദ്ധംചെയ്യുന്നത്. 27 മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഏതെങ്കിലുംരീതിയിൽ ഞാൻ അയോഗ്യനായിപ്പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ കഷ്ടതയിലൂടെ കടത്തിവിട്ട് നിയന്ത്രണവിധേയമാക്കുന്നു.
In Other Versions
1 Corinthians 9 in the ANTPNG2D
1 Corinthians 9 in the BNTABOOT
1 Corinthians 9 in the BOATCB2
1 Corinthians 9 in the BOGWICC
1 Corinthians 9 in the BOHNTLTAL
1 Corinthians 9 in the BOILNTAP
1 Corinthians 9 in the BOKHWOG
1 Corinthians 9 in the KBT1ETNIK
1 Corinthians 9 in the TBIAOTANT