1 Chronicles 17 (IRVM2)
1 ദാവീദ് തന്റെ അരമനയിൽ താമസിക്കുന്ന സമയത്ത് ഒരു നാൾ നാഥാൻപ്രവാചകനോട് “ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ താമസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു” എന്നു പറഞ്ഞു. 2 നാഥാൻ ദാവീദിനോട്: “നിന്റെ താല്പര്യംപോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു. 3 എന്നാൽ അന്ന് രാത്രി നാഥാന് ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തന്നാൽ: 4 “നീ ചെന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; എനിക്ക് വസിപ്പാനുള്ള ആലയം പണിയേണ്ടത് നീയല്ല. 5 ഞാൻ യിസ്രായേലിനെ കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ വാസം ചെയ്യാതെ ഒരു കൂടാരത്തിൽനിന്ന് മറ്റൊരു കൂടരത്തിലേക്കും, ഒരു സമാഗമനകൂടാരത്തിൽ നിന്ന് മറ്റൊന്നിലേക്കും സഞ്ചരിച്ചു. 6 യിസ്രായേലിനോടുകൂടെ യാത്രചെയ്ത സ്ഥലങ്ങളിൽ എവിടെവെച്ചെങ്കിലും എന്റെ ജനത്തെ മേയിപ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ന്യായാധിപതിമാരിൽ ആരോടെങ്കിലും: നിങ്ങൾ എനിക്ക് ദേവദാരുകൊണ്ടു ഒരു ആലയം പണിയാതെയിരിക്കുന്നത് എന്ത് എന്ന് ഒരു വാക്കു ഞാൻ കല്പിച്ചിട്ടുണ്ടോ? 7 അതുകൊണ്ട് നീ എന്റെ ഭൃത്യനായ ദാവീദിനോട് പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ ജനമായ യിസ്രായേലിന് പ്രഭുവായിരിക്കേണ്ടതിന് ഞാൻ നിന്നെ പുല്പുറത്ത് നിന്ന്, ആടുകളെ നോക്കുമ്പോൾത്തന്നെ എടുത്തു. 8 നീ യാത്രചെയ്ത എല്ലാ സ്ഥലത്തും ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് നീക്കികളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്ക് ഉണ്ടാക്കും. 9 ഞാൻ എന്റെ ജനമായ യിസ്രായേലിന് ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ ആ സ്ഥലത്തു താമസിച്ച് അവിടെനിന്ന് ഇളകാതെ അവരെ നടുകയും ചെയ്യും; പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന് ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ നശിപ്പിക്കുകയില്ല. 10 ഞാൻ നിന്റെ സകലശത്രുക്കളെയും കീഴടക്കും; യഹോവ നിനക്ക് ഒരു ഭവനം പണിയുമെന്നും ഞാൻ നിന്നോട് അറിയിക്കുന്നു. 11 നിന്റെ ജീവിതകാലം തികയുമ്പോൾ, നീ നിന്റെ പിതാക്കന്മാരുടെ അടുക്കൽ പോകും. അപ്പോൾ ഞാൻ നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. 12 അവൻ എനിക്ക് ഒരു ആലയം പണിയും; ഞാൻ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. 13 ഞാൻ അവന് പിതാവും അവൻ എനിക്ക് പുത്രനും ആയിരിക്കും; നിന്റെ മുൻഗാമിയോട് ഞാൻ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോട് അത് എടുത്തു കളകയില്ല. 14 ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും”. 15 ഈ വാക്കുകളും ഈ ദർശനവും എല്ലാം നാഥാൻ ദാവീദിനോടു പ്രസ്താവിച്ചു. 16 അപ്പോൾ ദാവീദ് രാജാവ് അകത്ത് ചെന്ന് യഹോവയുടെ സന്നിധിയിൽ ഇരുന്ന് ഇപ്രകാരം പറഞ്ഞു “യഹോവയായ ദൈവമേ, അവിടുന്ന് എന്നെ ഇത്രത്തോളം അനുഗ്രഹിക്കുവാൻ ഞാൻ ആർ? എന്റെ ഭവനത്തിന് എന്ത് മേന്മ? 17 അവിടുത്തെ ദൃഷ്ടിയിൽ ഇത് നിസ്സാരം എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീർഘകാലത്തേക്കു അടിയന്റെ ഭവനത്തെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്കയും, ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്റെ അവസ്ഥക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു. 18 അടിയന് നൽകിയ ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്ത് പറയാനാണ്? അവിടുന്ന് അടിയനെ അറിയുന്നുവല്ലോ. 19 യഹോവേ, അടിയൻ നിമിത്തവും അങ്ങയുടെ പ്രസാദപ്രകാരവും അങ്ങ് ഈ വൻകാര്യങ്ങളെല്ലാം പ്രവർത്തിച്ചു. അവിടുന്ന് അവ എല്ലാം അറിയിച്ചുതന്നിരിക്കുന്നു. 20 ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, അങ്ങയെപ്പോലെ ആരുമില്ല; അങ്ങ് അല്ലാതെ ഒരു ദൈവവുമില്ല. 21 മിസ്രയീമിൽനിന്ന് അവിടുന്ന് വീണ്ടെടുത്ത സ്വന്ത ജനമായ യിസ്രായേലിനെപ്പോലെ ഭൂമിയിൽ മറ്റൊരു ജാതിയില്ല, വലിയതും ഭയങ്കരവുമായ കാര്യങ്ങൾ ചെയ്ത് അവിടുത്തെ ജനത്തിന്റെ മുമ്പിൽനിന്ന് ജാതികളെ നീക്കിക്കളഞ്ഞു. അങ്ങനെ ഒരു നാമം സമ്പാദിച്ചു 22 അങ്ങയുടെ ജനമായ യിസ്രായേലിനെ അവിടുന്ന് എന്നേക്കും സ്വന്തജനമാക്കുകയും അവർക്ക് ദൈവമായ്തീരുകയും ചെയ്തു. 23 ആകയാൽ യഹോവേ, ഇപ്പോൾ അവിടുന്ന് അടിയനെയും അടിയന്റെ ഭവനത്തെയുംകുറിച്ച് അരുളിച്ചെയ്ത വചനം എന്നേക്കും സ്ഥിരമായിരിക്കട്ടെ; അവിടുന്ന് അരുളിച്ചെയ്തതുപോലെ പ്രവർത്തിക്കേണമേ, 24 “സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്റെ ദൈവമാകുന്നു; യിസ്രായേലിന് ദൈവം തന്നെ’ എന്നിങ്ങനെ അവിടുത്തെ നാമം എന്നേക്കും സ്ഥിരപ്പെട്ടു മഹത്വപ്പെടട്ടെ. അങ്ങയുടെ ദാസനായ ദാവീദിന്റെ ഭവനം തിരുമുമ്പാകെ നിലനില്ക്കയും ചെയ്യുമാറാകട്ടെ. 25 എന്റെ ദൈവമേ, അടിയന് അവിടുന്ന് ഒരു ഭവനം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ട് അടിയൻ തിരുസന്നിധിയിൽ പ്രാർത്ഥിക്കുവാൻ ധൈര്യംപ്രാപിച്ചു. 26 ആകയാൽ യഹോവേ, അവിടുന്ന് തന്നെ ദൈവം; അടിയന് ഈ നന്മയെ അങ്ങ് വാഗ്ദാനം ചെയ്തുമിരിക്കുന്നു. 27 അതുകൊണ്ട് അടിയന്റെ ഗൃഹം തിരുമുമ്പാകെ എന്നേക്കും ഇരിക്കേണ്ടതിന് അതിനെ അനുഗ്രഹിപ്പാൻ അങ്ങയ്ക്ക് പ്രസാദം തോന്നിയിരിക്കുന്നു; യഹോവേ, നീ അനുഗ്രഹിച്ചിരിക്കുന്നു; അത് എന്നേക്കും അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നുവല്ലോ.
In Other Versions
1 Chronicles 17 in the ANTPNG2D
1 Chronicles 17 in the BNTABOOT
1 Chronicles 17 in the BOATCB2
1 Chronicles 17 in the BOGWICC
1 Chronicles 17 in the BOHNTLTAL
1 Chronicles 17 in the BOILNTAP
1 Chronicles 17 in the BOKHWOG
1 Chronicles 17 in the KBT1ETNIK
1 Chronicles 17 in the TBIAOTANT