Habakkuk 3 (IRVM2)
1 വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം. 2 യഹോവേ, ഞാൻ അങ്ങയെക്കുറിച്ച് കേട്ട് ഭയപ്പെട്ടുപോയി;യഹോവേ, വർഷങ്ങൾ കഴിയുംമുമ്പ് അങ്ങയുടെ പ്രവൃത്തിയെ ജീവിപ്പിക്കണമേ;ഈ നാളുകളിൽ അതിനെ വെളിപ്പെടുത്തണമേ;ക്രോധത്തിൽ കരുണ ഓർക്കണമേ. 3 ദൈവം തേമാനിൽനിന്നുംപരിശുദ്ധൻ പാരൻ പർവ്വതത്തിൽനിന്നും വരുന്നു. സേലാ. ദൈവത്തിന്റെ പ്രഭ ആകാശത്തെ മൂടുന്നു;ദൈവത്തിന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു. 4 സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായിവരുന്നു;കിരണങ്ങൾ ദൈവത്തിന്റെ അടുത്തുനിന്ന് പുറപ്പെടുന്നു;അവിടെ ദൈവത്തിന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു. 5 മഹാവ്യാധി ദൈവത്തിന്റെ മുമ്പിൽ നടക്കുന്നു;പകർച്ചവ്യാധി ദൈവത്തിന്റെ പിന്നാലെ ചെല്ലുന്നു. 6 ദൈവം ഭൂമിയെ കുലുക്കുന്നു;ദൈവം നോക്കി ജാതികളെ ചിതറിക്കുന്നു;ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു;പുരാതനഗിരികൾ വണങ്ങി വീഴുന്നു;ദൈവം പുരാതന പാതകളിൽ നടക്കുന്നു. 7 ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു;മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറയ്ക്കുന്നു. 8 യഹോവ നദികളോട് നീരസപ്പെട്ടിരിക്കുന്നുവോ?അങ്ങയുടെ കോപം നദികളുടെ നേരെ വരുന്നുവോ?അങ്ങ് കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കുകയാൽഅങ്ങയുടെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ? 9 അവിടുന്ന് വില്ല് പുറത്തെടുത്ത് ഞാണിൽ അമ്പ് തൊടുത്തിരിക്കുന്നു.വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. സേലാ. അങ്ങ് ഭൂമിയെ നദികളാൽ പിളർക്കുന്നു. 10 പർവ്വതങ്ങൾ അങ്ങയെ കണ്ട് വിറയ്ക്കുന്നു;വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു;ആഴി ശബ്ദം പുറപ്പെടുവിക്കുന്നു;ഉയരത്തിലേക്ക് തിര ഉയർത്തുന്നു. 11 അങ്ങയുടെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിലുംമിന്നിപ്രകാശിക്കുന്ന കുന്തത്തിന്റെ ശോഭയിലുംസൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു. 12 ക്രോധത്തോടെ അങ്ങ് ഭൂമിയിൽ ചവിട്ടുന്നു;കോപത്തോടെ ജനതകളെ മെതിക്കുന്നു. 13 അങ്ങയുടെ ജനത്തിന്റെയുംഅങ്ങയുടെ അഭിഷിക്തന്റെയും രക്ഷക്കായിട്ട് അങ്ങ് പുറപ്പെടുന്നു;അങ്ങ് ദുഷ്ടന്റെ വീടിന്റെ മുകൾഭാഗം തകർത്ത്,അടിസ്ഥാനം മുഴുവനും അനാവൃതമാക്കി. സേലാ. 14 അങ്ങ് അവന്റെ കുന്തങ്ങൾകൊണ്ട് അവന്റെ യോദ്ധാക്കളുടെ നായകന്മാരുടെ തല കുത്തിത്തുളക്കുന്നു;എന്നെ ചിതറിക്കേണ്ടതിന് അവർ ചുഴലിക്കാറ്റുപോലെ വരുന്നു;എളിയവനെ മറവിൽവച്ച് വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു. 15 അങ്ങയുടെ കുതിരകളോടുകൂടി അങ്ങ് സമുദ്രത്തിൽ,പെരുവെള്ളക്കൂട്ടത്തിൽ തന്നെ, നടകൊള്ളുന്നു. 16 ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി,ആ ശബ്ദം കാരണം എന്റെ അധരം വിറച്ചു;അവൻ ജനത്തെ ആക്രമിക്കുവാൻ പുറപ്പെടുമ്പോൾകഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ട്എന്റെ അസ്ഥികൾ ഉരുകി,ഞാൻ നിന്ന നിലയിൽ വിറച്ചുപോയി. 17 അത്തിവൃക്ഷം തളിർക്കുകയില്ല;മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകുകയില്ല;ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായിപ്പോകും;നിലങ്ങൾ ആഹാരം വിളയിക്കുകയില്ല;ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും;ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കുകയില്ല. 18 എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും;എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. 19 യഹോവയായ കർത്താവ് എന്റെ ബലം ആകുന്നു;കർത്താവ് എന്റെ കാൽ പേടമാൻ കാലുപോലെ ആക്കുന്നു;ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ.