Psalms 142 (BOMCV)
undefined ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം; അദ്ദേഹം ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർഥന. 1 യഹോവയോട് ഞാൻ ഉച്ചത്തിൽ നിലവിളിക്കുന്നു;കരുണയ്ക്കായ് എന്റെ ശബ്ദം ഞാൻ യഹോവയിലേക്ക് ഉയർത്തുന്നു. 2 എന്റെ ആവലാതി ഞാൻ തിരുസന്നിധിയിൽ പകരുന്നു;എന്റെ കഷ്ടതകൾ ഞാൻ അവിടത്തോട് അറിയിക്കുന്നു. 3 എന്റെ ആത്മാവ് എന്റെയുള്ളിൽ തളരുമ്പോൾ,എന്റെ പാതകൾ നിരീക്ഷിക്കുന്നത് അവിടന്നാണല്ലോ.ഞാൻ പോകേണ്ട പാതകളിൽഎന്റെ ശത്രുക്കൾ എനിക്കായി ഒരു കെണി ഒരുക്കിയിരിക്കുന്നു. 4 എന്റെ വലത്തു ഭാഗത്തേക്ക് നോക്കിക്കാണണമേ,എനിക്കായി കരുതുന്നവർ ആരുംതന്നെയില്ല.ആരും എന്നെ ശ്രദ്ധിക്കുന്നില്ല;എനിക്കൊരു അഭയസ്ഥാനവുമില്ല. 5 യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു;“അങ്ങാണ് എന്റെ സങ്കേതം,ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരി,” എന്നു ഞാൻ പറയുന്നു. 6 എന്റെ കരച്ചിൽ കേൾക്കണമേ,ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു;എന്നെ പിൻതുടരുന്നവരുടെ കൈയിൽനിന്നും എന്നെ മോചിപ്പിക്കണമേ,അവർ എന്നെക്കാൾ അതിശക്തരാണ്. 7 ഞാൻ അവിടത്തെ നാമത്തെ സ്തുതിക്കേണ്ടതിന്,തടവറയിൽനിന്നും എന്നെ വിടുവിക്കണമേ.അപ്പോൾ അവിടന്ന് എനിക്കു ചെയ്തിരിക്കുന്ന നന്മമൂലംനീതിനിഷ്ഠർ എനിക്കുചുറ്റും വന്നുകൂടും.