Job 22 (IRVM2)
1 അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്: 2 “മനുഷ്യൻ ദൈവത്തിന് ഉപകാരമായിവരുമോ?ജ്ഞാനിയായവൻ തനിക്ക് തന്നേ ഉപകരിക്കുകയുള്ളൂ. 3 നീ നീതിമാനായാൽ സർവ്വശക്തന് പ്രയോജനമുണ്ടോ?നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ ദൈവത്തിന് ലാഭമുണ്ടോ? 4 നിന്റെ ഭക്തിനിമിത്തമോ ദൈവം നിന്നെ ശാസിക്കുകയുംനിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നത്? 5 നിന്റെ ദുഷ്ടത വലിയതല്ലയോ?നിന്റെ അകൃത്യങ്ങൾക്ക് അന്തവുമില്ല. 6 നിന്റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി,നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു. 7 ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല;വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു. 8 ബലവാനായവന് ദേശം കൈവശമായി,മാന്യനായവൻ അതിൽ പാർത്തു. 9 വിധവമാരെ നീ വെറുങ്കയ്യായി അയച്ചു;അനാഥന്മാരുടെ കൈകൾ നീ ഒടിച്ചുകളഞ്ഞു. 10 അതുകൊണ്ട് നിന്റെ ചുറ്റും കെണികൾ ഇരിക്കുന്നു; പെട്ടെന്ന് ഭയം നിന്നെ ഭ്രമിപ്പിക്കുന്നു. 11 അല്ല, നീ അന്ധകാരത്തെയുംനിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ? 12 ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ?നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക. 13 എന്നാൽ നീ: ‘ദൈവം എന്തറിയുന്നു?കൂരിരുട്ടിൽ അവിടുന്ന് ന്യായംവിധിക്കുമോ? 14 നമ്മെ കാണാത്തവിധം മേഘങ്ങൾ അവിടുത്തേക്ക് മറ ആയിരിക്കുന്നു;ആകാശവിതാനത്തിൽ അവിടുന്ന് സഞ്ചരിക്കുന്നു’ എന്നു പറയുന്നു. 15 ദുഷ്ടമനുഷ്യർ നടന്നിരിക്കുന്നപഴയ വഴി നീ പ്രമാണിക്കുമോ? 16 കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി;അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി. 17 അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക;സർവ്വശക്തൻ ഞങ്ങളോട് എന്ത് ചെയ്യും’ എന്നു പറഞ്ഞു. 18 അവിടുന്ന് അവരുടെ വീടുകളെ നന്മകൊണ്ട് നിറച്ചു;ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു. 19 നീതിമാന്മാർ അവരുടെ നാശം കണ്ട് സന്തോഷിക്കുന്നു;കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു: 20 ‘ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി;അവരുടെ ശേഷിപ്പെല്ലാം തീയ്ക്കിരയായി’ എന്നു പറയുന്നു. 21 നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക;എന്നാൽ നിനക്ക് നന്മവരും. 22 അവിടുത്തെ വായിൽനിന്ന് ഉപദേശം കൈക്കൊൾക;ദൈവത്തിന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക. 23 സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും;നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും. 24 നിന്റെ പൊന്ന് പൊടിയിലുംഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക. 25 അപ്പോൾ സർവ്വശക്തൻ നിനക്ക് പൊന്നുംവിലയേറിയ വെള്ളിയും ആയിരിക്കും. 26 അന്ന് നീ സർവ്വശക്തനിൽ ആനന്ദിക്കും;ദൈവത്തിങ്കലേക്ക് നിന്റെ മുഖം ഉയർത്തും. 27 നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്റെ പ്രാർത്ഥന കേൾക്കും;നീ നിന്റെ നേർച്ചകൾ കഴിക്കും. 28 നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്ക് സാധിക്കും;നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും. 29 ദൈവം അഹംഭാവികളെ താഴ്ത്തുന്നു.താഴ്മയുള്ളവനെ അവിടുന്ന് രക്ഷിക്കും. 30 നിർദ്ദോഷിയല്ലാത്തവനെപ്പോലും അവിടുന്ന് വിടുവിക്കും;നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.