Job 24 (IRVM2)
1 സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതുംഅവിടുത്തെ ഭക്തന്മാർ അവിടുത്തെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്? 2 ചിലർ അതിരുകളെ മാറ്റുന്നു;ചിലർ ആട്ടിൻകൂട്ടത്തെ കവർന്ന് കൊണ്ടുപോയി മേയ്ക്കുന്നു. 3 ചിലർ അനാഥരുടെ കഴുതയെ കൊണ്ട് പോകുന്നു;ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു. 4 ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു;ദേശത്തെ ദരിദ്രർ എല്ലാം ഒളിച്ചുകൊള്ളുന്നു. 5 അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെഇരതേടി വേലയ്ക്ക് പുറപ്പെടുന്നു;അവർ മക്കൾക്കുവേണ്ടി ശൂന്യപ്രദേശത്ത് ആഹാരം തേടിയുള്ള വേലയ്ക്ക് പുറപ്പെടുന്നു. 6 അവർ അന്യന്റെ വയലിൽ വിളവെടുക്കുന്നു;ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു. 7 അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു;കുളിർ മാറ്റാൻ അവർക്ക് പുതപ്പും ഇല്ല. 8 അവർ മലകളിൽ മഴ നനയുന്നു;മറവിടം ഇല്ലാത്തതിനാൽ അവർ പാറയെ ആശ്രയിക്കുന്നു. 9 ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു;ചിലർ ദരിദ്രനോട് കുട്ടികളെ പണയം വാങ്ങുന്നു. 10 അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു;പട്ടിണി കിടന്നുകൊണ്ട് കറ്റ ചുമക്കുന്നു. 11 ദുഷ്ടന്മാരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു;മുന്തിരിച്ചക്ക് ചവിട്ടുകയും ദാഹിച്ചിരിക്കുകയും ചെയ്യുന്നു. 12 പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു;മുറിവേറ്റവരുടെ പ്രാണൻ നിലവിളിക്കുന്നു;ദൈവം അവരുടെ പ്രാര്ത്ഥന ശ്രദ്ധിക്കുന്നില്ല 13 ഇവർ വെളിച്ചത്തോട് മത്സരിക്കുന്നു;അതിന്റെ വഴികളെ അറിയുന്നില്ല;അതിന്റെ പാതകളിൽ നടക്കുന്നതുമില്ല. 14 കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു;ദരിദ്രനെയും എളിയവനെയും കൊല്ലുന്നു;രാത്രിയിൽ കള്ളനായി നടക്കുന്നു. 15 വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു;അവൻ മുഖം മറച്ച് നടക്കുന്നു.“ഒരു കണ്ണും എന്നെ കാണുകയില്ല” എന്ന് പറയുന്നു. 16 ചിലർ ഇരുട്ടത്ത് വീട് തുരന്നു കയറുന്നു;പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു;വെളിച്ചത്ത് ഇറങ്ങുന്നതുമില്ല. 17 പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ;അന്ധതമസ്സിന്റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ. 18 വെള്ളത്തിനുമീതെകൂടി അവർ വേഗത്തിൽ പൊയ്പോകുന്നു;അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു;അവരുടെ മുന്തിരിത്തോട്ടങ്ങളിൽ ആരും പോകുന്നില്ല. 19 ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനുംപാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു. 20 അവനെ വഹിച്ച ഗർഭപാത്രം അവനെ മറന്നുകളയും;കൃമി അവനെ തിന്ന് രസിക്കും;പിന്നെ ആരും അവനെ ഓർക്കുകയില്ല;നീതികേട് ഒരു വൃക്ഷംപോലെ തകർന്നുപോകും. 21 പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു;വിധവയ്ക്ക് നന്മ ചെയ്യുന്നതുമില്ല. 22 ദൈവം തന്റെ ശക്തിയാൽ കരുത്തന്മാരെ നിലനില്ക്കുമാറാക്കുന്നു;ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു. 23 അവിടുന്ന് അവർക്ക് നിർഭയവാസം നല്കുന്നു; അവർ ഉറച്ചുനില്ക്കുന്നു;എങ്കിലും അവിടുത്തെ ദൃഷ്ടി അവരുടെ വഴികളിലുണ്ട്. 24 അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ട് അവർ ഇല്ല;അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു;കതിർക്കുലയെന്നപോലെ അവരെ അറുക്കുന്നു. 25 ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയുംഎന്റെ വാക്ക് അർത്ഥശൂന്യമെന്ന് തെളിയിക്കുകയും ചെയ്യാവുന്നവൻ ആര്?