2 Chronicles 13 (BOMCV)
1 യൊരോബെയാമിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷം അബീയാം യെഹൂദ്യയിൽ രാജാവായി സ്ഥാനമേറ്റു. 2 അദ്ദേഹം ജെറുശലേമിൽ മൂന്നുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് മയഖാ എന്നായിരുന്നു. അവൾ ഗിബെയാക്കാരനായ ഊരിയേലിന്റെ മകളായിരുന്നു.അബീയാമും യൊരോബെയാമുംതമ്മിൽ യുദ്ധമുണ്ടായി. 3 നാലുലക്ഷം യോദ്ധാക്കളടങ്ങിയ ശക്തരായ ഒരു സൈന്യവുമായി അബീയാം യുദ്ധത്തിനു ചെന്നു. യൊരോബെയാം ശക്തന്മാരായ എട്ടുലക്ഷം ഭടന്മാരെ അബീയാമിനെതിരേ അണിനിരത്തി. 4 അബീയാം എഫ്രയീംമലനാട്ടിലെ സെമരായീം മലമുകളിൽ കയറിനിന്നു വിളിച്ചുപറഞ്ഞു: “യൊരോബെയാമും സകല ഇസ്രായേലുമേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക! 5 ഇസ്രായേലിന്റെ ദൈവമായ യഹോവ ഇസ്രായേലിന്റെ രാജത്വം ദാവീദിനും അവന്റെ പിൻഗാമികൾക്കുംവേണ്ടി എന്നെന്നേക്കുമായി ഒരു ലവണ ഉടമ്പടിയാൽ കൊടുത്തിരിക്കുന്നു എന്നത് നിങ്ങൾ അറിയുന്നില്ലേ? 6 എന്നിട്ടും നെബാത്തിന്റെ മകനായ യൊരോബെയാം ദാവീദിന്റെ മകനായ ശലോമോന്റെ ദാസനായിരിക്കെ, തന്റെ യജമാനനെതിരേ മത്സരിച്ചു. 7 ഒരു പ്രയോജനവുമില്ലാത്ത ചില ആഭാസന്മാർ അദ്ദേഹത്തിനുചുറ്റും വന്നുകൂടി. ശലോമോന്റെ മകനായ രെഹബെയാം യുവാവും ചഞ്ചലചിത്തനും ഇവരെ നേരിടാൻതക്ക കരുത്തില്ലാത്തവനും ആയിരുന്നപ്പോൾ ഇവർ അദ്ദേഹത്തെ എതിർത്തു. 8 “യഹോവയുടെ രാജ്യം ഇതാ ദാവീദിന്റെ പിൻഗാമികളുടെ കൈവശമിരിക്കുന്നു. നിങ്ങൾ അതിനെ ചെറുത്തുനിൽക്കുന്നു. നിങ്ങൾ തീർച്ചയായും ഒരു വിപുലസൈന്യംതന്നെ. നിങ്ങൾക്കു ദേവന്മാരായിരിക്കാൻ യൊരോബെയാം ഉണ്ടാക്കിത്തന്ന സ്വർണക്കാളക്കിടാങ്ങളും നിങ്ങളോടുകൂടെയുണ്ട്. 9 യഹോവയുടെ പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും തള്ളിക്കളഞ്ഞ് അന്യദേശക്കാർ ചെയ്യുന്നതുപോലെ നിങ്ങളും സ്വന്തം പുരോഹിതന്മാരെ നിയമിച്ചില്ലേ? സ്വയം വിശുദ്ധീകരിക്കാനായി ഒരു കാളക്കിടാവിനെയും ഏഴു മുട്ടാടുകളെയും കൊണ്ടുവരുന്ന ഏതൊരുവനും നിങ്ങളുടെ ഇടയിൽ ദേവന്മാരെന്നു വിളിക്കപ്പെടുന്നവർക്കു പുരോഹിതനായിത്തീരാമല്ലോ! 10 “എന്നാൽ ഞങ്ങളുടെ ദൈവമോ, യഹോവ ആകുന്നു. അവിടത്തെ ഞങ്ങൾ ഉപേക്ഷിച്ചിട്ടുമില്ല. ഞങ്ങളുടെ ഇടയിൽ യഹോവയ്ക്കു പുരോഹിതന്മാരായി ശുശ്രൂഷ ചെയ്യുന്നത് അഹരോന്റെ പുത്രന്മാരാണ്; ലേവ്യർ അവരെ അതിൽ സഹായിക്കുകയുംചെയ്യുന്നു. 11 ദിനംപ്രതി രാവിലെയും വൈകുന്നേരവും അവർ യഹോവയ്ക്ക് ഹോമയാഗങ്ങളും പരിമളധൂപങ്ങളും അർപ്പിക്കുന്നു; ആചാരപരമായി ശുദ്ധീകരിച്ച മേശമേൽ കാഴ്ചയപ്പം ഒരുക്കുന്നു; എല്ലാ സായാഹ്നങ്ങളിലും സ്വർണവിളക്കുതണ്ടിന്മേൽ ദീപങ്ങൾ തെളിയിക്കുന്നു. ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞകൾ അനുസരിക്കുന്നു; നിങ്ങളോ, അവിടത്തെ ത്യജിച്ചിരിക്കുന്നു. 12 ദൈവം ഞങ്ങളോടുകൂടെയുണ്ട്. അവിടന്നാണ് ഞങ്ങളുടെ നായകൻ. അവിടത്തെ പുരോഹിതന്മാർ തങ്ങളുടെ യുദ്ധാരവം മുഴക്കി നിങ്ങൾക്കെതിരേ യുദ്ധത്തിനായുള്ള കാഹളം മുഴക്കും. ഇസ്രായേൽ പുരുഷന്മാരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു യുദ്ധംചെയ്യരുത്; നിങ്ങൾ വിജയിക്കുകയില്ല.” 13 യൊരോബെയാം യെഹൂദയെ പിൻഭാഗത്തു വളയാൻ സൈന്യത്തെ അയച്ചിരുന്നു; അങ്ങനെ യെഹൂദയുടെമുമ്പിൽ അദ്ദേഹത്തിന്റെ സൈന്യവും പിന്നിൽ പതിയിരിപ്പുകാരെയും ആക്കി. 14 യെഹൂദാ, തങ്ങൾ മുന്നിൽനിന്നും പിന്നിൽനിന്നും ആക്രമിക്കപ്പെടുന്നു എന്നു മനസ്സിലാക്കി. അപ്പോൾ അവർ യഹോവയോടു നിലവിളിച്ചു; പുരോഹിതന്മാർ തങ്ങളുടെ കാഹളമൂതി. 15 യെഹൂദാസൈന്യം യുദ്ധാരവം മുഴക്കി; അവരുടെ യുദ്ധാരവത്തിന്റെ മുഴക്കത്താൽ ദൈവം യൊരോബെയാമിനെയും സകല ഇസ്രായേലിനെയും അബീയാമിന്റെയും യെഹൂദയുടെയും മുമ്പിൽനിന്നു തോറ്റോടുമാറാക്കി. 16 ഇസ്രായേല്യർ യെഹൂദയുടെമുമ്പിൽനിന്നു പലായനംചെയ്തു. ദൈവം അവരെ യെഹൂദയുടെ കൈയിൽ ഏൽപ്പിച്ചു. 17 അബീയാവും സൈന്യവും അവർക്കു കനത്ത നാശം വരുത്തി. ഇസ്രായേലിന്റെ ശക്തന്മാരായ പോരാളികളിൽ അഞ്ചുലക്ഷംപേർ വധിക്കപ്പെട്ടു. 18 അന്ന് ഇസ്രായേൽ കീഴടക്കപ്പെട്ടു; തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ട് യെഹൂദാജനം വിജയംകൈവരിച്ചു. 19 അബീയാം യൊരോബെയാമിനെ പിൻതുടർന്നുചെന്ന്, അദ്ദേഹത്തിന്റെ അധീനതയിൽനിന്നു ബേഥേൽ, യെശാനാ, എഫ്രോൻ എന്നീ നഗരങ്ങളും അവയോടുചേർന്ന ഗ്രാമങ്ങളും പിടിച്ചെടുത്തു. 20 അബീയാമിന്റെ കാലത്ത് യൊരോബെയാമിനു ശക്തി വീണ്ടെടുക്കാൻ സാധിച്ചില്ല. യഹോവ പ്രഹരിച്ചു; അങ്ങനെ അദ്ദേഹം മരിച്ചുവീണു. 21 എന്നാൽ അബീയാം പ്രബലനായിത്തീർന്നു. അദ്ദേഹത്തിനു പതിന്നാലു ഭാര്യമാരും ഇരുപത്തിരണ്ടു പുത്രന്മാരും പതിനാറു പുത്രിമാരും ഉണ്ടായിരുന്നു. 22 അബീയാവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്തതും പറഞ്ഞതുമായ കാര്യങ്ങളും ഇദ്ദോപ്രവാചകന്റെ കുറിപ്പുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
In Other Versions
2 Chronicles 13 in the ANTPNG2D
2 Chronicles 13 in the BNTABOOT
2 Chronicles 13 in the BOATCB2
2 Chronicles 13 in the BOGWICC
2 Chronicles 13 in the BOHNTLTAL
2 Chronicles 13 in the BOILNTAP
2 Chronicles 13 in the BOKHWOG
2 Chronicles 13 in the KBT1ETNIK
2 Chronicles 13 in the TBIAOTANT