2 Chronicles 13 (IRVM2)
1 യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബീയാവ് യെഹൂദയിൽ രാജാവായി. 2 അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മക്ക് മീഖായാ എന്നു പേർ; അവൾ ഗിബെയക്കാരനായ ഊരീയേലിന്റെ മകൾ. അബീയാവിനും യൊരോബെയാമിനും തമ്മിൽ യുദ്ധം ഉണ്ടായി. 3 അബീയാവ് നാല് ലക്ഷം യുദ്ധവീരന്മാരുള്ളോരു സൈന്യത്തെ അണിനിരത്തി; യൊരോബെയാം അവന്റെനേരെ എട്ടുലക്ഷം യുദ്ധവീരന്മാരെ അണിനിരത്തി. 4 എന്നാൽ അബീയാവ് എഫ്രയീംമലനാട്ടിലെ സെമറയീം മലമുകളിൽ നിന്നുകൊണ്ട് പറഞ്ഞത്: “യൊരോബെയാമും എല്ലാ യിസ്രായേലും ആയുള്ളോരേ, എന്റെ വാക്കു കേൾക്കുവിൻ. 5 യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിനും, അവന്റെ പുത്രന്മാർക്കും, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതല്ലയോ? 6 എന്നാൽ ദാവീദിന്റെ മകനായ ശലോമോന്റെ ദാസനും നെബാത്തിന്റെ മകനുമായ യൊരോബെയാം എഴുന്നേറ്റ് തന്റെ യജമാനനോടു മത്സരിച്ചു. 7 നിസ്സാരന്മാരായ ചില നീചന്മാർ അവന്റെ അടുക്കൽ വന്നുകൂടി, ശലോമോന്റെ മകനായ രെഹബെയാമിനോടു ധാർഷ്ട്യം കാണിച്ചു; രെഹബെയാം യൗവനക്കാരനും പക്വതയില്ലാത്തവനും ആയിരുന്നതിനാൽ അവരോട് എതിർത്തുനില്ക്കുവാൻ അവന് കഴിഞ്ഞില്ല. 8 നിങ്ങൾ ഇപ്പോൾ ദാവീദിന്റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോട് എതിർത്തുനില്ക്കുവാൻ വിചാരിക്കുന്നു; നിങ്ങൾ വലിയോരു സമൂഹം തന്നേ; യൊരോബെയാം നിങ്ങൾക്ക് ദൈവമായി ഉണ്ടാക്കിയ പൊൻകാളക്കുട്ടികളും നിങ്ങളോടുകൂടെ ഉണ്ടല്ലോ. 9 നിങ്ങൾ അഹരോന്റെ പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരെയും ലേവ്യരെയും തള്ളിക്കളഞ്ഞ് അന്യദേശങ്ങളിലെ ജനതകളുടെ മര്യാദപ്രകാരം നിങ്ങൾക്ക് പുരോഹിതന്മാരെ നിയമിച്ചിട്ടില്ലയോ? ഒരു കാളക്കുട്ടിയോടും ഏഴു ആട്ടുകൊറ്റന്മാരോടും കൂടെ സ്വയം പ്രതിഷ്ഠിക്കാൻ വരുന്ന ഏവനും ദൈവമല്ലാത്തവയ്ക്ക് പുരോഹിതനായ്തീരുന്നു. 10 ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങൾ ഉപേക്ഷിച്ചിട്ടില്ല: യഹോവയ്ക്ക് ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാർ ഞങ്ങൾക്കുണ്ട്; ലേവ്യരും തങ്ങളുടെ വേല ചെയ്തുവരുന്നു. 11 അവർ ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവയ്ക്ക് ഹോമയാഗങ്ങളും പരിമളധൂപവും അർപ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേൽ അടുക്കുന്നു; പൊൻനിലവിളക്കും അതിന്റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു. 12 ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെനേരെ യുദ്ധകാഹളം മുഴക്കാൻ അവന്റെ പുരോഹിതന്മാരും ഉണ്ട്; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് നിങ്ങൾ യുദ്ധം ചെയ്യരുത്; നിങ്ങൾ വിജയിക്കുകയില്ല” 13 എന്നാൽ യൊരോബെയാം അവരുടെ പുറകിൽ വളഞ്ഞു ചെല്ലുവാൻ പതിയിരിപ്പുകാരെ അയച്ചു; അങ്ങനെ അവർ യെഹൂദ്യരുടെ മുമ്പിലും പതിയിരിപ്പുകാർ പുറകിലും ആയി. 14 യെഹൂദ്യർ തിരിഞ്ഞുനോക്കിയപ്പോൾ പട മുമ്പിലും പുറകിലും കണ്ടു, യഹോവയോട് നിലവിളിച്ചു പുരോഹിതന്മാർ കാഹളം ഊതി, യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചു. 15 യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചപ്പോൾ ദൈവം യൊരോബെയാമിനെയും എല്ലാ യിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോല്ക്കുമാറാക്കി. 16 യിസ്രായേല്യർ യെഹൂദ്യരുടെ മുമ്പിൽനിന്നു ഓടി, ദൈവം അവരെ അവരുടെ കയ്യിൽ ഏല്പിച്ചു; 17 അബീയാവും അവന്റെ ജനവും അവരെ കഠിനമായി തോല്പിച്ചു; യിസ്രായേലിൽ അഞ്ചുലക്ഷം ശ്രേഷ്ഠയോദ്ധാക്കൾ മരിച്ചുവീണു. 18 ഇങ്ങനെ യിസ്രായേല്യർക്ക് ആ കാലത്ത് കീഴടങ്ങേണ്ടിവന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ട് ജയം പ്രാപിച്ചു. 19 അബീയാവ് യൊരോബെയാമിനെ പിന്തുടർന്ന് അവന്റെ പട്ടണങ്ങളെ പിടിച്ചു; ബേഥേലും അതിനോട് ചേർന്ന ഗ്രാമങ്ങളും യെശാനയും അതിനോട് ചേർന്ന ഗ്രാമങ്ങളും എഫ്രോനും അതിനോട് ചേർന്ന ഗ്രാമങ്ങളും തന്നേ. 20 യൊരോബെയാം അബീയാവിന്റെ കാലത്ത് ബലം പ്രാപിച്ചില്ല; യഹോവ അവനെ ശിക്ഷിച്ചു. 21 അവൻ മരിച്ചുപോയി. എന്നാൽ അബീയാവ് ബലവാനായത്തീർന്നു; അവൻ പതിനാലു ഭാര്യമാരെ വിവാഹം കഴിച്ചു; ഇരുപത്തിരണ്ടു പുത്രന്മാരെയും പതിനാറു പുത്രിമാരെയും ജനിപ്പിച്ചു. 22 അബീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ നടപ്പും വാക്കുകളും ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
In Other Versions
2 Chronicles 13 in the ANTPNG2D
2 Chronicles 13 in the BNTABOOT
2 Chronicles 13 in the BOATCB2
2 Chronicles 13 in the BOGWICC
2 Chronicles 13 in the BOHNTLTAL
2 Chronicles 13 in the BOILNTAP
2 Chronicles 13 in the BOKHWOG
2 Chronicles 13 in the KBT1ETNIK
2 Chronicles 13 in the TBIAOTANT