Isaiah 28 (BOMCV)
1 എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടത്തിന് ഹാ കഷ്ടം!വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യത്തിന്,ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണമായ നഗരത്തിന്,മദോന്മത്തരായി വീണുകിടക്കുന്നവരുടെ അഹന്തയായ നഗരത്തിനുംതന്നെ. 2 ഇതാ, കർത്താവിനു ശക്തനും ബലവാനുമായ ഒരുവനുണ്ട്.കന്മഴപോലെയും വിനാശകാരിയായ കൊടുങ്കാറ്റുപോലെയുംകൂലംകുത്തി ജലമൊഴുക്കുന്ന മഴപോലെയും പ്രളയം ഉണ്ടാക്കുന്ന പെരുമഴ പോലെയും,അതിശക്തിയോടെ അവൻ അതിനെ നിലത്തു തള്ളിയിടും. 3 എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടംകാൽക്കീഴിൽ ചവിട്ടിമെതിക്കപ്പെടും. 4 വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യം,ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണം,വിളവെടുപ്പിനുമുമ്പേ പഴുത്തുപോയ അത്തിപ്പഴംപോലെ ആയിത്തീരും—ജനം അതു കണ്ടാലുടനെ കൈനീട്ടി പറിച്ച്അവർ അതു വിഴുങ്ങുന്നു! 5 ആ ദിവസത്തിൽ സൈന്യങ്ങളുടെ യഹോവതന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർക്കുശോഭയുള്ള ഒരു കിരീടവുംമഹത്ത്വകരമായ മകുടവുമായിരിക്കും. 6 ന്യായാസനത്തിലിരിക്കുന്നവർക്ക്അവിടന്ന് നീതിബോധത്തിന്റെ ആത്മാവുംനഗരകവാടത്തിൽ ആക്രമണം ചെറുക്കുന്നവർക്ക്കരുത്തും ആയിരിക്കും. 7 എന്നാൽ ഇവരും വീഞ്ഞുനിമിത്തം ആടി നടക്കുകയുംമദ്യംനിമിത്തം വേച്ചുപോകുകയും ചെയ്യുന്നു:പുരോഹിതന്മാരും പ്രവാചകന്മാരും മദ്യം കുടിച്ച് ചാഞ്ചാടുന്നു,അവർ വീഞ്ഞിനാൽ മത്തരുംമദോന്മത്തതയിൽ വേച്ചു നടക്കുന്നവരുമത്രേ.ദർശനങ്ങൾ ദർശിക്കുമ്പോൾ അവർക്ക് തെറ്റ് പറ്റുന്നു,വിധി പ്രസ്താവിക്കുമ്പോൾത്തന്നെ അവർ പാളിപ്പോകുന്നു. 8 മേശകളെല്ലാം ഛർദികൊണ്ടു നിറഞ്ഞിരിക്കുന്നു,വൃത്തിയുള്ള ഒരു സ്ഥലംപോലും അവശേഷിച്ചിട്ടില്ല. 9 “അവൻ ആരെയാണ് ജ്ഞാനം അഭ്യസിപ്പിക്കുന്നത്?ആരോടാണ് അവൻ സന്ദേശം വ്യാഖ്യാനിക്കുന്നത്?ഇപ്പോൾ മുലകുടി മാറിയവരെയോ?ഇപ്പോൾത്തന്നെ അമ്മയുടെ മാറിടം വിട്ടകന്നവരെയോ? 10 കാരണം അവർ പറയുന്നു:കൽപ്പനയ്ക്കുമേൽ കൽപ്പന,ആജ്ഞയ്ക്കുമേൽ ആജ്ഞ,ഇവിടെ അൽപ്പം, അവിടെ അൽപ്പം, എന്നിങ്ങനെയാണ്.” 11 അതേ, വിക്കുള്ള അധരങ്ങളാലും വൈദേശികഭാഷകളാലുംദൈവം ഈ ജനത്തോടു സംസാരിക്കും. 12 “ഇതാണു വിശ്രമസ്ഥലം, ക്ഷീണിതർ വിശ്രമിക്കട്ടെ,” എന്നും“ഇതാണ് ആശ്വാസസ്ഥാനം,” എന്നുംഅവിടന്ന് അവരോടു പറഞ്ഞു.എങ്കിലും അതു ശ്രദ്ധിക്കാൻ അവർക്കു മനസ്സില്ലായിരുന്നു. 13 അതിനാൽ അവരോടുള്ള യഹോവയുടെ വചനം:“കൽപ്പനയ്ക്കുമേൽ കൽപ്പന,ആജ്ഞയ്ക്കുമേൽ ആജ്ഞ,ഇവിടെ അൽപ്പം, അവിടെ അൽപ്പം” എന്നായിരിക്കും.അങ്ങനെ അവർ ചെന്ന് പിന്നാക്കം വീണുമുറിവേറ്റ്, വലയിലകപ്പെട്ട്, ബദ്ധരായിത്തീരേണ്ടതിനുതന്നെ. 14 അതിനാൽ ജെറുശലേമിലുള്ള ഈ ജനത്തെ ഭരിക്കുന്നപരിഹാസികളേ, യഹോവയുടെ വചനം കേൾക്കുക. 15 “മരണത്തോടു ഞങ്ങൾ ഒരു ഉടമ്പടിചെയ്തു,പാതാളവുമായി ഒരു ഉഭയസമ്മതത്തിൽ ഏർപ്പെട്ടിരിക്കുന്നു.കവിഞ്ഞൊഴുകുന്ന ദണ്ഡനം കടന്നുപോകുമ്പോൾഅത് ഞങ്ങളുടെ അടുക്കൽ എത്തുകയില്ല,കാരണം ഞങ്ങൾ വ്യാജത്തെ ഞങ്ങളുടെ ശരണമാക്കിയിരിക്കുന്നു,വഞ്ചനയിൽ ഞങ്ങൾ ഞങ്ങളെത്തന്നെ ഒളിപ്പിക്കുകയുംചെയ്യുന്നു,” എന്നു നിങ്ങൾ അഹങ്കരിക്കുന്നു. 16 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഇതാ, സീയോനിൽ ഞാനൊരു കല്ല് സ്ഥാപിക്കുന്നു, മാറ്റുരയ്ക്കപ്പെട്ട ഒരു കല്ലുതന്നെ,ഉറപ്പുള്ള അടിസ്ഥാനമായി വിലയേറിയ ഒരു മൂലക്കല്ലും ഇട്ടിരിക്കുന്നു;വിശ്വസിക്കുന്നവർപരിഭ്രാന്തരാകുകയില്ല. 17 ഞാൻ ന്യായത്തെ അളവുനൂലുംനീതിയെ തൂക്കുകട്ടയുമാക്കും;അപ്പോൾ വ്യാജം എന്ന നിങ്ങളുടെ ശരണത്തെ കന്മഴ തൂത്തെറിയും,വെള്ളം നിങ്ങളുടെ ഒളിവിടത്തെ ഒഴുക്കിക്കൊണ്ടുപോകും. 18 മരണത്തോടുള്ള നിങ്ങളുടെ ഉടമ്പടി റദ്ദാക്കപ്പെടും;പാതാളത്തോടുള്ള നിങ്ങളുടെ ഉഭയസമ്മതം നിലനിൽക്കുകയുമില്ല.അസഹനീയമായ പ്രഹരം നിങ്ങളെ തൂത്തെറിയുമ്പോൾ,നിങ്ങൾ തകർന്നുപോകും. 19 അതു കടന്നുവരുമ്പോഴൊക്കെയും അതു നിങ്ങളെ വഹിച്ചുകൊണ്ടുപോകും;പ്രഭാതംതോറും, രാത്രിയും പകലുംഅതു നിങ്ങളെ കടന്നുപോകും.” അതിനെക്കുറിച്ചുള്ള കേൾവിതന്നെനിങ്ങൾക്കു സംഭ്രമമുണ്ടാക്കും. 20 കിടക്ക നീണ്ടുനിവർന്നു കിടക്കാൻ വേണ്ടത്ര നീളമില്ലാത്തതുംപുതപ്പ് പുതയ്ക്കാൻ ആവശ്യമായ വലുപ്പമില്ലാത്തതും ആകും. 21 യഹോവ തന്റെ കൃത്യം, തന്റെ അസാധാരണമായ കൃത്യം നിർവഹിക്കാനുംതന്റെ പ്രവൃത്തി, അസാമാന്യമായ പ്രവൃത്തി നിറവേറ്റാനുംഫെറാസിം മലയിൽ അവിടന്ന് എഴുന്നേറ്റതുപോലെ എഴുന്നേൽക്കുംഗിബെയോൻ താഴ്വരയിൽ അവിടന്ന് ക്രുദ്ധനായതുപോലെ ക്രുദ്ധനാകുകയും ചെയ്യും. 22 ഇപ്പോൾ നിങ്ങളുടെ പരിഹാസം അവസാനിപ്പിക്കുക,അല്ലെങ്കിൽ നിങ്ങളുടെ ചങ്ങലകൾ ഭാരമുള്ളതായിത്തീരും;കാരണം സകലഭൂതലത്തിന്മേലും വരുന്ന സംഹാരത്തെപ്പറ്റിയുള്ള ഉത്തരവ്സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നോട് അരുളിച്ചെയ്തിരിക്കുന്നു. 23 ചെവിചായ്ച്ച് എന്റെ ശബ്ദം കേൾക്കുക;ശ്രദ്ധയോടെ എന്റെ വചനം ശ്രവിക്കുക. 24 കൃഷിക്കാർ വിത്തു വിതയ്ക്കുന്നതിന് നിരന്തരം ഉഴുതുകൊണ്ടിരിക്കുമോ?അവർ എപ്പോഴും മണ്ണിളക്കി കട്ട ഉടച്ചുകൊണ്ടിരിക്കുമോ? 25 അവർ ഉപരിതലം നിരപ്പാക്കികരിംജീരകം വിതയ്ക്കുകയും ജീരകം വിതറുകയുംഗോതമ്പ് അതിന്റെ നിരയിലുംയവം അതിന്റെ സ്ഥാനത്തുംചോളം അതിന്റെ നിലത്തിലും നടുകയുമല്ലേ ചെയ്യുന്നത്? 26 അതിനായി അവരുടെ ദൈവം അവരെ വേണ്ടവിധം ഉപദേശിക്കുകയുംഅഭ്യസിപ്പിക്കുകയും ചെയ്യുന്നു. 27 കരിംജീരകം മെതിവണ്ടി ഉപയോഗിച്ച് മെതിക്കുന്നില്ല,ജീരകത്തിന്റെമേൽ വണ്ടിച്ചക്രം ഉരുളുന്നതുമില്ല;കരിംജീരകം കമ്പുകൊണ്ടുംജീരകം കോൽകൊണ്ടും തല്ലിയാണ് എടുക്കുന്നത്. 28 അപ്പമുണ്ടാക്കാനുള്ള ധാന്യം പൊടിക്കുകയാണ് വേണ്ടത്;അതുകൊണ്ട് അത് എന്നേക്കും മെതിച്ചുകൊണ്ടിരിക്കുകയില്ല.മെതിവണ്ടിയുടെ ചക്രം അതിന്മേൽ ഉരുട്ടാംപക്ഷേ, ധാന്യം പൊടിക്കുന്നതിന് കുതിരകളെ ഉപയോഗിക്കുകയില്ലല്ലോ. 29 ഇക്കാര്യവും സൈന്യങ്ങളുടെ യഹോവയിൽനിന്ന് വരുന്നു,അവിടന്ന് തന്റെ ആലോചന അത്ഭുതകരവുംജ്ഞാനം ശ്രേഷ്ഠവും ആക്കിയിരിക്കുന്നു.