1 Corinthians 14 (IRVM2)
1 സ്നേഹം ആചരിക്കുവാൻ ഉത്സാഹിക്കുവിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിക്കുവിൻ. 2 എന്തെന്നാൽ അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങൾ സംസാരിക്കുന്നു. 3 പ്രവചിക്കുന്നവൻ ആത്മികവർദ്ധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി മനുഷ്യരോട് സംസാരിക്കുന്നു. 4 അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതന്നെ ആത്മികവർദ്ധന വരുത്തുന്നു; എന്നാൽ പ്രവചിക്കുന്നവൻ സഭയ്ക്ക് ആത്മികവർദ്ധന വരുത്തുന്നു. 5 നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കണം എന്നും കൂടുതലായി പ്രവചിക്കണം എന്നും ഞാൻ ആഗ്രഹിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭയ്ക്ക് ആത്മികവർദ്ധന ലഭിക്കേണ്ടതിന്, താൻ സംസാരിച്ചത് വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനേക്കാൾ വലിയവൻ. 6 സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോട് സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ട് നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്ക് എന്ത് പ്രയോജനം? 7 കുഴൽ, വീണ എന്നിങ്ങനെ ശബ്ദം ഉണ്ടാക്കുന്ന നിർജ്ജീവസാധനങ്ങൾ തന്നെയും ശബ്ദവ്യത്യാസം കാണിക്കാതിരുന്നാൽ ഊതിയതോ മീട്ടിയതോ എതാണെന്ന് എങ്ങനെ അറിയും? 8 കാഹളം ഊതുമ്പോൾ അതിന്റെ ശബ്ദം വ്യക്തമായി പുറപ്പെടുവിച്ചില്ലെങ്കിൽ യുദ്ധത്തിനു ആർ ഒരുങ്ങും? 9 അതുപോലെ നിങ്ങളും നാവുകൊണ്ട് വ്യക്തമായ വാക്ക് ഉച്ചരിക്കാതിരുന്നാൽ സംസാരിക്കുന്നത് എന്തെന്ന് എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോട് സംസാരിക്കുന്നവരെ പോലെ ആകുമല്ലോ. 10 ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ട്; അവയിൽ ഒന്നും അർത്ഥമില്ലാത്തതല്ല. 11 ഞാൻ ഭാഷയുടെ അർത്ഥം അറിയാതിരുന്നാൽ സംസാരിക്കുന്നവന് ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും. 12 അതുപോലെ നിങ്ങളും ആത്മവരങ്ങളെക്കുറിച്ച് തീക്ഷ്ണതയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനയ്ക്കായി, ശ്രേഷ്ഠമായതിനു വേണ്ടി പരിശ്രമിക്കുവിൻ. 13 അതുകൊണ്ട് അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിനായി പ്രാർത്ഥിക്കട്ടെ. 14 എന്തെന്നാൽ ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവ് പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ ഫലമില്ലാത്തതായിരിക്കുന്നു. 15 അപ്പോൾ ഞാൻ എന്ത് ചെയ്യേണം? ഞാൻ ആത്മാവുകൊണ്ട് പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ട് പാടും; ബുദ്ധികൊണ്ടും പാടും. 16 അല്ല, നീ ആത്മാവുകൊണ്ട് സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവന് നീ പറയുന്നത് മനസ്സിലാകാത്തതുകൊണ്ട് നിന്റെ സ്തോത്രത്തിന് എങ്ങനെ ആമേൻ പറയും? 17 നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; എങ്കിലും കേൾക്കുന്നവന് ആത്മികവർദ്ധന വരുന്നില്ലതാനും. 18 നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ട് ഞാൻ ദൈവത്തെ സ്തുതിക്കുന്നു. 19 എങ്കിലും സഭയിൽ പതിനായിരം വാക്ക് അന്യഭാഷയിൽ സംസാരിക്കുന്നതിനേക്കാൾ അധികം, മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന് ബുദ്ധികൊണ്ട് അഞ്ചുവാക്ക് പറയുവാൻ ഞാൻ ഇച്ഛിക്കുന്നു. 20 സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുത്; എങ്കിലും, തിന്മയ്ക്ക് ശിശുക്കൾ ആയിരിക്കുവിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ. 21 “അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോട് സംസാരിക്കും എങ്കിലും അവർ എന്റെ വാക്ക് കേൾക്കുകയില്ല എന്ന് കർത്താവ് അരുളിച്ചെയ്യുന്നു”എന്ന് ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു. 22 അതുകൊണ്ട് അന്യഭാഷകൾ അടയാളമായിരിക്കുന്നത് വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്ക് തന്നെ. 23 സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്ത് വന്നാൽ നിങ്ങൾക്ക് ഭ്രാന്തുണ്ട് എന്ന് പറയുകയില്ലയോ? 24 എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തുവന്നാൽ എല്ലാവരുടെ വാക്കിനാലും അവന് പാപബോധം വരും; അവൻ എല്ലാവരാലും വിലയിരുത്തപ്പെടും. 25 അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണ്, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ട് എന്ന് ഏറ്റുപറഞ്ഞ് ദൈവത്തെ നമസ്കരിക്കും. 26 ആകയാൽ എന്ത്? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന് സങ്കീർത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യാഖ്യാനം ഉണ്ട്, സകലവും ആത്മികവർദ്ധനയ്ക്കുവേണ്ടി ചെയ്യട്ടെ. 27 അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കുകയും ഒരുവൻ വ്യാഖ്യാനിക്കുകയും ചെയ്യട്ടെ. 28 എന്നാൽ, വ്യാഖ്യാനി ഇല്ലാതിരുന്നാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ, തന്നോടും ദൈവത്തോടും സംസാരിക്കട്ടെ. 29 പ്രവാചകന്മാർ രണ്ട് മൂന്ന് പേർ സംസാരിക്കുകയും മറ്റുള്ളവർ വിലയിരുത്തുകയും ചെയ്യട്ടെ. 30 എന്നാൽ സഭയിൽ ഇരിക്കുന്നവനായ മറ്റൊരുവന് വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ. 31 എന്തെന്നാൽ എല്ലാവരും പഠിക്കുവാനും എല്ലാവർക്കും പ്രബോധനം ലഭിക്കുവാനുമായി നിങ്ങൾക്ക് എല്ലാവർക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ. 32 പ്രവാചകന്മാരുടെ ആത്മാക്കൾ പ്രവാചകന്മാർക്ക് കീഴടങ്ങിയിരിക്കുന്നു. 33 ദൈവം കലക്കത്തിന്റെ ദൈവമല്ല, മറിച്ച് സമാധാനത്തിന്റെ ദൈവമത്രേ. 34 വിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; എന്തെന്നാൽ ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിക്കുവാനല്ലാതെ സംസാരിക്കുവാൻ അവർക്ക് അനുവാദമില്ല. 35 അവർ വല്ലതും പഠിക്കുവാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവച്ച് ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നത് അനുചിതമല്ലോ. 36 ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടത്? അല്ല, നിങ്ങൾക്ക് മാത്രമോ വന്നത്? 37 താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരാൾക്ക് തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്ക് എഴുതുന്നത് കർത്താവിന്റെ കല്പന ആകുന്നു എന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ. 38 ഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ. 39 അതുകൊണ്ട് സഹോദരന്മാരേ, പ്രവചനവരം വാഞ്ചിക്കുവിൻ; അന്യഭാഷകളിൽ സംസാരിക്കുന്നത് വിലക്കുകയുമരുത്. 40 എന്നാൽ, സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.
In Other Versions
1 Corinthians 14 in the ANGEFD
1 Corinthians 14 in the ANTPNG2D
1 Corinthians 14 in the BNTABOOT
1 Corinthians 14 in the BOATCB
1 Corinthians 14 in the BOATCB2
1 Corinthians 14 in the BOGWICC
1 Corinthians 14 in the BOHLNT
1 Corinthians 14 in the BOHNTLTAL
1 Corinthians 14 in the BOILNTAP
1 Corinthians 14 in the BOITCV
1 Corinthians 14 in the BOKCV2
1 Corinthians 14 in the BOKHWOG
1 Corinthians 14 in the BOKSSV
1 Corinthians 14 in the BOLCB2
1 Corinthians 14 in the BONUT2
1 Corinthians 14 in the BOPLNT
1 Corinthians 14 in the BOTLNT
1 Corinthians 14 in the KBT1ETNIK
1 Corinthians 14 in the SBIBS2
1 Corinthians 14 in the SBIIS2
1 Corinthians 14 in the SBIIS3
1 Corinthians 14 in the SBIKS2
1 Corinthians 14 in the SBITS2
1 Corinthians 14 in the SBITS3
1 Corinthians 14 in the SBITS4
1 Corinthians 14 in the TBIAOTANT
1 Corinthians 14 in the TBT1E2