Ezekiel 27 (BOMCV)
1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2 “മനുഷ്യപുത്രാ, സോരിനെക്കുറിച്ച് ഒരു ദുഃഖാചരണം നടത്തുക. 3 സോരിനോടു പറയുക: സമുദ്രത്തിലേക്കുള്ള കവാടത്തിൽ സ്ഥിതിചെയ്ത്, അനേകം തീരപ്രദേശങ്ങൾക്കു വ്യാപാരിയായിത്തീർന്ന നഗരമേ, കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ ‘ “അല്ലയോ സോരേ,ഞാൻ സൗന്ദര്യസമ്പൂർണ,” എന്നു നീ പറയുന്നല്ലോ. 4 നിന്റെ അധികാരസീമ സമുദ്രമധ്യേ ആയിരുന്നല്ലോ;നിന്റെ നിർമാതാക്കൾ നിന്റെ സൗന്ദര്യത്തിനു പൂർണതവരുത്തി. 5 സെനീരിലെ സരളമരംകൊണ്ട്അവർ നിന്റെ മരപ്പണിയെല്ലാം ചെയ്തു;നിനക്കൊരു പാമരം പണിയാൻഅവർ ലെബാനോനിൽനിന്ന് ഒരു ദേവദാരു കൊണ്ടുവന്നു. 6 ബാശാനിലെ കരുവേലകംകൊണ്ട്അവർ നിനക്കു തുഴകൾ നിർമിച്ചു;കിത്തീം തീരങ്ങളിലെ പുന്നമരംകൊണ്ട്അവർ നിനക്കു മേൽത്തട്ടുണ്ടാക്കി, അതിൽ ആനക്കൊമ്പു പതിച്ച് അലങ്കരിച്ചു. 7 ഈജിപ്റ്റിൽനിന്നുള്ള ചിത്രത്തയ്യലുള്ള നേർമയേറിയ ചണവസ്ത്രത്തിൽ അവർ നിനക്കു കപ്പൽപ്പായുണ്ടാക്കി;അതു നിനക്കു കൊടിയായിത്തീർന്നു;എലീശാദ്വീപിന്റെ തീരത്തുനിന്നുള്ളനീലവസ്ത്രവും ഊതവർണവസ്ത്രവും നിന്റെ വിതാനമായിരുന്നു. 8 സീദോനിലെയും അർവാദിലെയും പുരുഷന്മാർ നിന്റെ തുഴകൾ വലിക്കുന്നവരായി;സോരേ, വിദഗ്ദ്ധരായ കപ്പിത്താന്മാർ നിനക്കുണ്ടായിരുന്നു. 9 ഗിബാലിലെ തഴക്കംവന്ന പണിക്കാരുംനിന്റെ പലകകൾചേർത്ത് വിടവ് അടച്ചു.കടലിലെ എല്ലാ കപ്പലുകളും കപ്പൽക്കാരുംനിന്റെ അടുക്കൽ കച്ചവടത്തിനു വന്നുചേർന്നു. 10 “ ‘പാർസിയിലെയും ലുദിയയിലെയും പൂത്തിലെയും പുരുഷന്മാർനിന്റെ സൈന്യത്തിൽ ഭടന്മാരായി സേവനമനുഷ്ഠിച്ചു.അവർ തങ്ങളുടെ പരിചകളും ശിരോകവചങ്ങളും നിന്റെ ചുമരുകളിൽ തൂക്കി,അതു നിനക്ക് അഴകുവരുത്തി. 11 അർവാദിലെയും ഹേലെക്കിലെയും പുരുഷന്മാർനിന്റെ മതിലുകളുടെ എല്ലാഭാഗത്തും;ഗമ്മാദിലെ പുരുഷന്മാർനിന്റെ ഗോപുരങ്ങളിലും നിലയുറപ്പിച്ചു.അവർ തങ്ങളുടെ പരിചകൾ നിന്റെ ചുമരുകളിൽ തൂക്കിയിട്ട്,നിന്റെ സൗന്ദര്യം പൂർണമാക്കിത്തീർത്തു. 12 “ ‘നിന്റെ വിഭവസമൃദ്ധിയാൽ തർശീശ് നീയുമായി വാണിജ്യത്തിലേർപ്പെട്ടു. നിന്റെ വിഭവങ്ങൾക്കുപകരം അവർ വെള്ളിയും ഇരുമ്പും വെളുത്തീയവും കറുത്തീയവും നിനക്കു നൽകി. 13 “ ‘ഗ്രീസും തൂബാലും മേശെക്കും, നീയുമായി വ്യാപാരം നടത്തി; നിന്റെ പാത്രങ്ങൾക്കു പകരം അവർ അടിമകളെയും വെങ്കലംകൊണ്ടുള്ള ഉപകരണങ്ങളും നിനക്കു നൽകി. 14 “ ‘ബെത്ത്-തോഗർമക്കാർ നിന്റെ കച്ചവടസാധനങ്ങൾക്കുപകരം കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും നൽകി. 15 “ ‘ദേദാന്യർ നിന്റെ വ്യാപാരികളും നിരവധി തീരപ്രദേശങ്ങൾ നിനക്കു ഉപഭോക്താക്കളുമായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്കു വിലയായിത്തന്നു. 16 “ ‘നിന്റെ വിഭവസമൃദ്ധമായ ഉൽപന്നങ്ങൾനിമിത്തം അരാമ്യർ നിന്നോടു വാണിജ്യത്തിലേർപ്പെട്ടു. നിന്റെ കച്ചവടച്ചരക്കുകൾക്കുപകരം അവർ മാണിക്യവും ധൂമ്രവസ്ത്രവും ചിത്രത്തയ്യലുള്ള വസ്ത്രവും മൃദുലചണനൂൽവസ്ത്രവും പവിഴവും മാണിക്യവും നിനക്കു തന്നു. 17 “ ‘യെഹൂദയും ഇസ്രായേലും നിന്നോടു കച്ചവടത്തിലേർപ്പെട്ടു, നിന്റെ വിഭവങ്ങൾക്കുപകരം അവർ മിന്നീത്തിലെ ഗോതമ്പും പലഹാരങ്ങളും തേനും ഒലിവെണ്ണയും പരിമളതൈലവും നൽകി. 18 “ ‘നിന്റെ പലതരം ഉൽപന്നങ്ങളും കച്ചവടച്ചരക്കിന്റെ സമൃദ്ധിയും നിമിത്തം ദമസ്കോസ് നീയുമായി വ്യാപാരം നടത്തി. ഹെൽബോനിലെ വീഞ്ഞും സഹാരിലെ വെളുത്ത കമ്പിളിയും 19 ഊസാലിലെ വീഞ്ഞുവീപ്പകളും നിന്റെ ചരക്കുകളായ പച്ചിരുമ്പും വഴനത്തോലും വയമ്പും അവർ പകരം നൽകി. 20 “ ‘ദേദാൻ, കുതിരപ്പുറത്തു വിരിക്കുന്ന വിശേഷവസ്ത്രംകൊണ്ട് നിന്നോടു വ്യാപാരം നടത്തി. 21 “ ‘അറേബ്യരും കേദാരിലെ പ്രഭുക്കന്മാരും നിന്റെ ഉപഭോക്താക്കളായി; അവർ കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ട് നീയുമായി വാണിജ്യത്തിലേർപ്പെട്ടു. 22 “ ‘ശേബയിലെയും രാമായിലെയും വ്യാപാരികൾ നീയുമായി വ്യാപാരം ചെയ്തു. ഏറ്റവും വിശിഷ്ടമായ പരിമളതൈലവും രത്നങ്ങളും സ്വർണവും അവർ നിനക്കു വിലയ്ക്കു തന്നു. 23 “ ‘ഹാരാനും കാനെഹും ഏദനും ശേബായിലുള്ള വ്യാപാരികളും അശ്ശൂരും കിൽമാദും നിന്നോടു കച്ചവടം നടത്തി. 24 നിന്റെ വിപണികളിൽ അവർ വിശേഷവസ്ത്രങ്ങളും നീലവസ്ത്രങ്ങളും ചരടുകൾ പിരിച്ചു ബലവത്തായി കെട്ടിയിട്ടുള്ള വർണശബളവുമായ ചിത്രത്തയ്യലുള്ള പരവതാനികളും വിൽപ്പന നടത്തി. 25 “ ‘തർശീശ് കപ്പലുകൾനിന്റെ വിഭവം കൊണ്ടുപോകുന്ന വാഹനങ്ങളായി.സമുദ്രമധ്യത്തിലൂടെനിറയെ ചരക്കുകളുമായി നീ സഞ്ചരിച്ചു. 26 നിന്റെ തുഴകൾവലിക്കുന്നവർപുറം കടലുകളിലേക്കു നിന്നെ നയിക്കും;എന്നാൽ നടുക്കടലിൽവെച്ച്കിഴക്കൻകാറ്റു നിന്നെ തകർത്തുകളയും. 27 നിന്റെ കപ്പൽച്ചേതനാളിൽനിന്റെ സമ്പത്തും കച്ചവടസാധനങ്ങളും വിഭവങ്ങളുംകപ്പൽക്കാരും കപ്പിത്താന്മാരും പലകകൾചേർത്തു വിടവടയ്ക്കുന്നവരുംനിന്റെ കച്ചവടക്കാരും സൈനികർ എല്ലാവരുംകപ്പലിലുള്ള മറ്റെല്ലാവരുംതന്നെസമുദ്രമധ്യേ താണുപോകും. 28 നിന്റെ കപ്പൽയാത്രികരുടെ നിലവിളികേട്ട്തീരദേശങ്ങൾ നടുങ്ങിപ്പോകും. 29 തുഴകൾവലിക്കുന്നവർ എല്ലാവരുംതങ്ങളുടെ കപ്പലുകൾ ഉപേക്ഷിക്കും;കപ്പൽക്കാരും കപ്പിത്താന്മാരുംകരയിൽ നിലയുറപ്പിക്കും. 30 അവർ ശബ്ദമുയർത്തിനിങ്ങളെപ്രതി അതിദാരുണമായി വിലപിക്കും;അവർ തലയിൽ പൊടിവാരിയിട്ട്ചാരത്തിൽ കിടന്ന് ഉരുളും. 31 നീ നിമിത്തം അവർ തല മൊട്ടയടിച്ച്,ചാക്കുശീല ഉടുക്കും;അതിവേദനയോടെ അവർ നിന്നെപ്പറ്റി കരയുകയുംകയ്പോടെ വിലപിക്കുകയും ചെയ്യും. 32 നിന്നെയോർത്തു ദുഃഖിച്ചുകൊണ്ട്അവർ നിന്നെപ്പറ്റി ഇങ്ങനെയൊരു വിലാപഗാനം ആലപിക്കും:“സമുദ്രത്താൽ ചുറ്റപ്പെട്ട സോരിനെപ്പോലെ നിശ്ശബ്ദമാക്കപ്പെട്ടവേറെ ഏതു നഗരമാണുള്ളത്?” 33 നിന്റെ വാണിജ്യവിഭവങ്ങൾ കടലിലൂടെ കടന്നുപോയപ്പോൾഒട്ടനേകം രാഷ്ട്രങ്ങളെ നീ സംതൃപ്തരാക്കി;നിന്റെ വലിയ സമ്പത്തും വസ്തുവകകളുംകൊണ്ട്ഭൂമിയിലെ രാജാക്കന്മാരെ നീ സമ്പന്നരാക്കി. 34 ഇപ്പോഴോ, കടൽ നിന്നെ തകർത്തുകളഞ്ഞു,നീ ആഴിയുടെ ആഴത്തിലേക്ക് ആഴ്ന്നുപോയി;നിന്റെ വിഭവങ്ങളും നിന്റെ എല്ലാ പങ്കുകാരുംനിന്നോടൊപ്പം പോയിമറഞ്ഞു. 35 തീരദേശങ്ങളിൽ വസിക്കുന്നവരെല്ലാംനിന്റെ വിനാശത്തിൽ സ്തബ്ധരായി;അവരുടെ രാജാക്കന്മാർ ഭീതിയാൽ നടുങ്ങുന്നു,ഭയംകൊണ്ട് അവരുടെ മുഖം വാടിയിരിക്കുന്നു. 36 വിവിധ രാഷ്ട്രങ്ങളിലെ വ്യാപാരികൾ നിന്റെനേരേ പരിഹസിക്കുന്നു;ഭയാനകമായ ഒരു അന്ത്യമാണല്ലോ നിനക്കുണ്ടായത്,നീ എന്നേക്കുമായി ഇല്ലാതെയായിരിക്കുന്നു.’ ”