Mark 3 (IRVM2)
1 യേശു പിന്നെയും പള്ളിയിൽ ചെന്ന്: അവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. 2 അവർ അവനെ കുറ്റം ചുമത്തേണ്ടതിനുള്ള ഒരു കാരണത്തിനുവേണ്ടി ശബ്ബത്തിൽ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. 3 വരണ്ട കയ്യുള്ള മനുഷ്യനോടു അവൻ: എഴുന്നേറ്റ് നടുവിൽ നില്ക്ക എന്നു പറഞ്ഞു. 4 പിന്നെ അവരോട്: “ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിയ്ക്കുകയോ, കൊല്ലുകയോ, ഏത് വിഹിതം?” എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു. 5 അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ട് കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: “കൈ നീട്ടുക” എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൗഖ്യമായി. 6 ഉടനെ പരീശന്മാർ പുറപ്പെട്ടു, ഹെരോദ്യരുമായി കൂടിക്കാഴ്ച നടത്തി, അവനെ കൊല്ലേണ്ടതിന് അവന് വിരോധമായി ആലോചന കഴിച്ചു. 7 യേശു ശിഷ്യന്മാരുമായി കടൽത്തീരത്തേക്ക് പോയി; ഗലീലയിൽനിന്ന് വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു; 8 യെഹൂദ്യയിൽ നിന്നും യെരൂശലേമിൽ നിന്നും ഏദോമിൽ നിന്നും യോർദ്ദാനക്കരെനിന്നും സോരിന്റെയും സീദോന്റെയും ചുറ്റുപാടിൽനിന്നും വലിയൊരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ട് അവന്റെ അടുക്കൽ വന്നു. 9 പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് അവരുടെ നിമിത്തം ഒരു പടക് തനിക്കുവേണ്ടി ഒരുക്കി നിർത്തുവാൻ അവൻ ശിഷ്യന്മാരോട് പറഞ്ഞു. 10 അവൻ അനേകരെ സൌഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിന് തിക്കിത്തിരക്കി വന്നു. 11 അശുദ്ധാത്മാക്കൾ അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു; “നീ ദൈവപുത്രൻ” എന്നു നിലവിളിച്ചു പറയുകയും ചെയ്തു. 12 തന്നെ പ്രസിദ്ധമാക്കരുതെന്ന് അവൻ അവരോട് കർശനമായി കല്പിച്ചുപോന്നു. 13 പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്റെ അരികെ വന്നു. 14 അവൻ പന്ത്രണ്ടുപേരെ നിയമിച്ച് അവർക്ക് അപ്പൊസ്തലന്മാർ എന്നു പേരു നൽകി, തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന് അയക്കുവാനും 15 ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും അവരെ നിയമിച്ചു; 16 ശിമോന് പത്രൊസ് എന്നു പേരിട്ടു; 17 സെബെദിയുടെ മക്കളായ യാക്കോബ്, അവന്റെ സഹോദരനായ യോഹന്നാൻ എന്നിവർക്ക് ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗസ് എന്നു പേരിട്ടു — 18 അന്ത്രെയാസ്, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അൽഫായിയുടെ മകനായ യാക്കോബ്, തദ്ദായി, എരുവുകാരനായ ശിമോൻ, 19 തന്നെ കാണിച്ചുകൊടുത്ത ഈസ്കര്യോത്ത് യൂദാ എന്നിവരെ തന്നേ. 20 പിന്നീട് അവൻ വീട്ടിൽ വന്നു; അവർക്ക് ഭക്ഷണം കഴിക്കുവാൻപോലും കഴിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടിവന്നു. 21 അവന്റെ കുടുംബക്കാർ അത് കേട്ട്, “അവന് ബുദ്ധിഭ്രമം ഉണ്ട്” എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു. 22 യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: അവന് ബെയെത്സെബൂൽ ബാധിച്ചിരിക്കുന്നു, ഭൂതങ്ങളുടെ തലവനെകൊണ്ട് അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു. 23 അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോട് പറഞ്ഞത്: “സാത്താന് സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും? 24 ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴിയുകയില്ല. 25 ഒരു വീട് തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ വീടിന് നിലനില്പാൻ കഴിയുകയില്ല. 26 സാത്താൻ തന്നോടുതന്നെ എതിർത്ത് ഛിദ്രിച്ചു എങ്കിൽ അവന് നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു. 27 ഒരു ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു വസ്തുവകകൾ കവർന്നെടുക്കുവാൻ ആർക്കും കഴിയുകയില്ല; പിടിച്ച് കെട്ടിയാൽ പിന്നെ അവന്റെ വീട് കവർച്ച ചെയ്യാം. 28 മനുഷ്യരോടു സകലപാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിയ്ക്കും; 29 എന്നാൽ പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്ക് യോഗ്യനാകും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു”. 30 തനിക്ക് ഒരു അശുദ്ധാത്മാവ് ഉണ്ട് എന്നു അവർ പറഞ്ഞിരുന്നതിനാലാണ് യേശു ഇങ്ങനെ പറഞ്ഞത്. 31 അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തുനിന്നു അവനെ വിളിക്കുവാൻ ആളയച്ച്. 32 പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോട്: നിന്റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു. 33 അവൻ അവരോട്: എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ട് ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്: 34 “എന്റെ അമ്മയും സഹോദരന്മാരും ഇതാ. 35 ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.